കോവിഡ് മരണം ഒരു ലക്ഷത്തിലേക്ക് : അമേരിക്കയില്‍ സ്ഥിതി വഷളാവുന്നു

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലെ ആദ്യ ഘട്ടത്തിലെ വീഴ്ച്ച അമേരിക്കക്ക് തിരിച്ചടിയാവുന്നു. അമേരിക്കയില്‍ മാത്രം കോവിഡ് മൂലം മരിച്ചവരുടെ എണ്ണം തൊണ്ണൂറ്റിയാറായിരം കവിഞ്ഞു. രോഗബാധിതരുടെ എണ്ണത്തിലും അമേരിക്കയാണ് മുന്‍പന്തിയില്‍.1620457 പേര്‍ക്കാണ് ഇതുവരെ അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 27734 പുതിയ കോവിഡ് പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ആഗോള തലത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം അമ്പത്തിയൊന്ന് ലക്ഷം പിന്നിട്ടു. ഒരുലക്ഷത്തിലധികം പേര്‍ക്ക് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം രോഗം സ്ഥിരീകരിച്ചത് കോവിഡ് ഭീതി ഒഴിയാന്‍ മാസങ്ങളെടുക്കുമെന്നതിന്റെ സൂചനയാണ്.
രോഗ ബാധിതരുടെ എണ്ണത്തില്‍ റഷ്യയാണ് രണ്ടാമത്. 317554 പേര്‍ക്ക് രോഗം സ്ഥീരീകരിച്ചുവെങ്കിലും മരണ നിരക്ക് റഷ്യയില്‍ താരത്യമേന കുറവാണ്. ബ്രസീലിലും രോഗ ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഇന്നലെ മാത്രം 16730 പേര്‍ക്ക് രോഗം സ്ഥീരീകരിക്കുകയും 1153 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ ബ്രസീലില്‍ ആകെ കോവിഡ് മരണം ഇരുപതിനായിരം കവിഞ്ഞു. സ്‌പെയിനില്‍ മരണ നിരക്ക് കുറയുകയാണ്. 52 പുതിയ കോവിഡ് പോസിറ്റീവ് കേസുകള്‍ മാത്രമാണ് സ്‌പെയിനില്‍ റിപ്പോര്‍ട്ട് ചെയ്തത്. ബ്രിട്ടനില്‍ 338-ും ഇറ്റലിയില്‍ 156-ും പേര്‍ക്ക് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായി.

Leave a Reply