ഒമ്പതു പേർ ചേർന്ന് ഓൺലൈൻ പ്രകാശനം; ലോക്-ഡൗൺ രചനകൾ വായനക്കാരിലേക്ക്

അബുദാബി: സർവ്വതും നിശ്ചലമാകുന്ന, ഇഷ്ടങ്ങൾ പലതും മാറ്റിവെക്കപ്പെടുന്ന ലോക്-ഡൗൺ കാലത്ത് ചലിച്ചു തുടങ്ങുന്ന ചിലതുണ്ട്. തൊഴിൽ സാഹചര്യങ്ങളും ജീവിത സമ്മർദ്ദങ്ങളും മൂലം പരിമളം പരത്താനവസരം നൽകാതെ മാറ്റിവെച്ച സർഗ്ഗ വാസനകളാണത്. കോവിഡ് 19 പശ്ചാത്തലമുള്ള കഥകളടക്കം ലോക് ഡൗൺ കാലത്തെ രചനകൾ ഉൾപ്പെടുത്തി ചെറുകഥാ സമാഹാരം പുറത്തിറക്കിയിരിക്കുകയാണ് എഴുത്തുകാരൻ റഫീസ് മാറഞ്ചേരി.

‘ഒമ്പതാളും ഒരോന്തും’ എന്ന പേരിൽ സമൂഹത്തിലെ വ്യത്യസ്‍ത തലങ്ങളിലെ ഒമ്പത് പേർ മുഖ്യ കഥാപാത്രങ്ങളാവുന്ന ഒമ്പത് കഥകളും സെമിത്തേരിയിൽ ആത്മാക്കൾക്കൊപ്പം സഹവസിക്കുന്ന ഓന്തിനെ കഥാപാത്രമാക്കിയിട്ടുള്ള ഒരു കഥയും ഉൾപ്പെടുത്തി പത്തു ചെറുകഥകളുടെ സമാഹാരമായിട്ടാണ് ഈ പുസ്തകം ഒരുക്കിയിരിക്കുന്നത്. സാമൂഹിക അകലം പാലിക്കലും യോഗ, സമ്മേളന വിലക്കും നിലനിൽക്കെ ഡോക്ടറെ കാണലും നിത്യോപയോഗ സാധനങ്ങൾ വാങ്ങലുമടക്കം മിക്കതും സൈബർ ലോകത്തിലേക്ക് പറിച്ചു നടപ്പെട്ട ഈ കോവിഡ് കാലത്ത് ഓൺലൈൻ വഴിയാണ് പുസ്തകത്തിന്റെ പ്രകാശനം നടന്നത്.

എഴുത്തുകാരനും സംവിധായകനും അഭിനേതാവുമായ മധുപാൽ, ലോക കേരള സഭ പ്രത്യേക ക്ഷണിതാവ് തൻസി ഹാഷിർ, ഐഷ്വര്യ പ്രിൻസ്, രമേശ് അമ്പാരത്ത്, ബഷീർ മാറഞ്ചേരി, സാദിഖ് കാവിൽ, നസ്രി നമ്പ്രം, ഡോ.അയ്യപ്പൻ ജി.പിള്ള, ഫൈസൽ ഡോൾബി അയിരൂർ തുടങ്ങി സമൂഹത്തിലെ വിവിധ തുറകളിലുള്ളവർ ചേർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്നാണ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചത്.

റഫീസ് മാറഞ്ചേരിയുടെ ആറാമത് പുസ്തകമായ ‘ഒമ്പതാളും ഒരോന്തും’ എന്ന കഥാ സമാഹാരത്തിന്റെ ലേഔട്ടും പുറം ചട്ടയുടെ രൂപകൽപനയും നിർവഹിച്ചിരിക്കുന്നത് ഷാജി തയ്യിൽ നിലമ്പൂരാണ്. കോതമംഗലം സൈകതം ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ഇലക്ട്രോണിക് പതിപ്പ് അവരുടെ വെബ്‌സൈറ്റിലൂടെ ലോകമെമ്പാടുമുള്ള അക്ഷര പ്രേമികൾക്ക് സൗജന്യമായി ഡൗൺലോഡ് ചെയ്യാം. വാട്ട്സാപ്പിൽ ലഭിക്കാൻ 0091 7559922878 എന്ന നമ്പറിൽ ബന്ധപ്പെടാം.

Leave a Reply