നാലാം ഘട്ട ലോക്ഡൗണിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ മെയ് പതിനെട്ടിന് മുമ്പ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കൂടുതല്‍ വിത്യസ്ത്യമായ രീതിയിലാവും നാലാം ഘട്ട ലോക്ഡൗണ്‍ നടപ്പാക്കുകയെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു.തുടര്‍ച്ചയായ ലോക്ഡൗണ്‍ മൂലം പ്രതിസന്ധിയില്ലായ മേഖലകള്‍ക്ക് സഹായകരമാവുന്ന രീതിയിലാവും നാലാം ഘട്ടമെന്നാണ് സൂചന. ലോക്ഡൗണ്‍ സംബന്ധിച്ച് രൂപരേഖ മെയ് പതിനഞ്ചിന് മുമ്പ് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.
കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന ഘട്ടത്തിലും ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സാമ്പത്തിക മേഖലയെ അടക്കം ദോഷകരമായി ബാധിച്ച ലോക്ഡൗണ്‍ പിന്‍വലിക്കണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നു. ആയതിനാല്‍ തന്നെ നാലാം ഘട്ട ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തല്‍. 15 നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ട്രെയിന്‍ സര്‍വ്വീസുകള്‍ക്ക് ഇന്നലെ മുതല്‍ തുടക്കമായി. ആഭ്യന്തര വിമാന സര്‍വ്വീസുകളും ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്ര സര്‍ക്കാര്‍. പൊതു ഗതാഗത സംവിധാനങ്ങള്‍ പുനരാരംഭിക്കാന്‍ അനുവദിക്കണമെന്ന് കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.