ഷാർജ റമദാന് കാലത്ത്, ആവശ്യകാരിലേക്ക് ഭക്ഷണപൊതികളെത്തിക്കുന്ന തിരക്കിലാണ്, ഒന്നാം ക്ലാസുകാരി ഫറയും ഏഴാം ക്ലാസുകാരന് ഫർഹാസും. സാമൂഹ്യപ്രവർത്തകനായ ഫാസില്‍ മുസ്തഫയും കുടുംബവും, എല്ലാ റമദാന് കാലത്തും സുഹൃത്തുക്കളുടെ കൂടെ സഹായത്തോടെ ലേബർക്യാംപുകളിലടക്കം ഭക്ഷണമെത്തിക്കാറുണ്ട്. ഭാര്യ ഷജിന ഫാസിലാണ് ഭക്ഷണം ഉണ്ടാക്കുന്നത്. തുടർന്ന് കുട്ടികളെ കൂടി ഉള്‍പ്പെടുത്തിയാണ് ഓരോ ഭക്ഷണപൊതികളും ഒരുക്കുന്നത്. കുഞ്ഞുനാള് മുതലേ ഇത് കണ്ട് വളർന്നതുകൊണ്ട്, ഇതാരിലേക്കാണ് എത്തുകെയെന്ന് കുട്ടികള്‍ക്കുമറിയാം. കഴിഞ്ഞ റമദാന് കാലം വരെ ഫാസിലിനൊപ്പം കുട്ടികളും ഇഫ്താർ ഒരുക്കാനും മറ്റും പോയിരുന്നു. പക്ഷെ ഇത്തവണ കോവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍, കുഞ്ഞുങ്ങളെ കൊണ്ടുപോകാറില്ല. സുഹൃത്തുക്കള്‍ വീട്ടിലെത്തി ഒരുമിച്ച് ചെയ്തിരുന്ന കാര്യങ്ങളൊക്കെ ഫാസിലും കുടുംബവും ഒറ്റയ്ക്കാണ് ചെയ്യുന്നത്. പിന്തുണ നല്കാന് പുറത്ത് സുഹൃത്തുക്കളുണ്ട്. ഇതൊക്കെ പറയുമ്പോഴും, എല്ലാം മാറി വരുന്ന നല്ലൊരുകാലത്തെ കുറിച്ചാണ് ഫാസിലും പറയുന്നത്. ലേബർക്യാംപുകളില്‍ കഴിയുന്നവരോടൊപ്പം ജോലി നഷ്ടപ്പെട്ടവർക്കും ക്വാറന്റീനില്‍ കഴിയുന്നവർക്കും ഇത്തവണ ഭക്ഷണമെത്തിക്കാന്‍ കഴിഞ്ഞുവെന്നും ഫാസില്‍ മുസ്തഫ പറഞ്ഞു.വടക്കഞ്ചേരി മാണിക്കപ്പാടം യാസ്മിന് മന്‍സിലില്‍ മുസ്തഫയുടെയും യാസ്മിന്റെയും മൂന്നു മക്കളില്‍ മൂത്ത മകനാണ് ഫാസില്‍. നാട്ടിലിരുന്നുകൊണ്ട്, മകന്റെ പ്രവൃത്തികള്‍ക്ക് പൂർണപിന്തുണ നല്‍കുകയാണ് മാതാപിതാക്കള്‍.
വീഡിയോ കാണാം..