ഡീസല്‍ ലിറ്ററിന് അഞ്ച് രൂപ വീതവും പെട്രോളിന് ആറ് രൂപ വീതവും സെസ് ചുമത്തി നാഗലാന്‍ഡ് സര്‍ക്കാര്‍ ഉത്തരവിറക്കി. 1967 ലെ നാഗലാന്‍ഡ് ടാക്സേഷന്‍ ആക്ടിലെ സെക്ഷന്‍ 3a പ്രകാരമാണ് നിലവിലെ ടാക്സിന് പുറമെ സെസ് ചുമത്തുന്നതെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി സെന്റിയാന്ഗര് ഇംച്ചന് പറഞ്ഞു. കോവിഡ് മൂലം പ്രതിസന്ധിയില്ലായ സാമ്പത്തിക മേഖലയെ ലക്ഷ്യം വെച്ചുകൊണ്ടാണ് പ്രത്യേക കോവിഡ് സെസുമായി നാഗലാന്‍ഡ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. കോവിഡിനെ മറികടക്കാന്‍ നിരവധി സംസ്ഥാനങ്ങള്‍ സമാന നടപടികള്‍ സ്വീകരിച്ചിരുന്നു. ആസാം സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും അഞ്ച് രൂപ വീതം വര്‍ധിപ്പിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജുകളും അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ രംഗത്തെത്തിയിരുന്നു.