അഫ്ഗാനില്‍ തൊഴിലാളിയായ ഗോവ സ്വദേശിയുടെ മൃതദേഹം ഇന്ന് ദുബൈയില്‍ നിന്ന് വിമാനം വഴി കരിപ്പൂരിലെത്തിക്കും; റോഡ് മാര്‍ഗം സ്വദേശത്തെത്തിച്ച് സംസ്‌ക്കരിക്കും

അനുമതി ലഭിച്ചത് പികെ കുഞ്ഞാലിക്കുട്ടി എംപിയുടെ ഇടപെടലിനെ തുടര്‍ന്ന്

കോഴിക്കോട്‌ : അഫ്ഗാനിസ്ഥാനില്‍ ടെക്‌നീഷ്യനായിരുന്ന ഗോവ സ്വദേശിയുടെ മൃതദേഹം ഇന്ന് വൈകുന്നേരം പ്രത്യേക കാര്‍ഗോ വിമാനത്തില്‍ കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിക്കും. ദക്ഷിണ ഗോവ ജില്ലാ സ്വദേശിയായ ഡിസൂസ ഹെന്‍്‌റിക്കിന്റെ (51) ഭൗതികദേഹമാണ് ഫ്‌ലൈ ദുബൈ കാര്‍ഗോ സര്‍വീസിന്റെ വിമാനത്തില്‍ കരിപ്പുരിലെത്തിക്കുക. അഫ്ഗാനിസ്ഥാനില്‍ വെച്ച് രോഗ ബാധിതനായ അദ്ദേഹം ദുബൈയില്‍ വിദഗ്ധ ചികില്‍സക്കായി പോയതായിരുന്നു. മാര്‍ച്ച് 25ന് മരണമടഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കളും സന്നദ്ധപ്രവര്‍ത്തകരും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയായിരുന്നു. ഹൃദയാഘാതമായിരുന്നു മരണകാരണം. ലോകമെമ്പാടും കോവിഡ് പടര്‍ന്ന് പിടിക്കുകയും വ്യോമഗതാഗതം തടസ്സപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് മൃതദേഹം നാട്ടിലെത്തിക്കാനുള്ള വഴികളെല്ലാം അടഞ്ഞു. തുടര്‍ന്ന് പരേതന്‍ ജോലിചെയ്ത സ്ഥാപനത്തിലുള്ള മലയാളികള്‍ പികെ കുഞ്ഞാലിക്കുട്ടി എംപിയെ ബന്ധപ്പെടുകയും അദ്ദേഹം ദുബൈ ഇന്ത്യന്‍ കൗണ്‍സിലേറ്റിലെ ഉന്നത ഉദ്യോഗസ്ഥരോട് വിഷയം സംസാരിക്കുകയും ചെയ്തു. തുടര്‍ന്നാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള വഴിതെളിഞ്ഞത്. വ്യോമഗതാഗതം നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന് മൃതദേഹം ഗോവയിലെത്തിക്കുക സാധ്യമല്ലന്നറിയിച്ച അധികൃതര്‍ കോഴിക്കോട് നിന്ന് റോഡ്മാര്‍ഗം ഗോവയിലെത്തിക്കാന്‍ സൗകര്യം ചെയ്യുകയാണങ്കില്‍ കാര്‍ഗോ വിമാനത്തില്‍ ഭൗതികദേഹം കരിപ്പൂരിലെത്തിക്കാമെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കേരളാ, കര്‍ണാടക, ഗോവ ഡിജിപിമാരെ ബന്ധപ്പെട്ട പികെ കുഞ്ഞാലിക്കുട്ടി എംപി മൃതദേഹം കരിപ്പൂരില്‍ നിന്ന് പരേതന്റെ സ്വദേശമായ ഗോവയിലെ വെര്‍ണയിലെത്തിക്കാനുള്ള അനുമതിയും കരിപ്പൂരില്‍ നിന്ന് ഗോവയിലെത്തിക്കാനുള്ള ആംബുലന്‍സ് സൗകര്യവും ഉറപ്പാക്കുകയായിരുന്നു. സി.എച്ച് സെന്ററിന്റെ ആംബുലന്‍സിലാണ് ഡിസൂസ ഹെന്‍്രിക്കിന്റെ ഭൗതികശരീരം ഗോവയിലെത്തിക്കുക. അമേരിക്കൻ മിലിറ്ററിക്ക് വേണ്ടി സാങ്കേതിക സഹായങ്ങൾ ചെയ്യുന്ന എ.സി ഫസ്റ്റ് എന്ന കമ്പനിയിൽ ടെക്‌നീഷ്യനായിരുന്നു പരേതൻ. വ്യോമഗതാഗതം നിർത്തലാക്കിയെങ്കിലും കാർഗോ വിമാനങ്ങൾ സർവ്വീസ് നടത്തുന്ന ദക്ഷിണേന്ത്യയിലെ ചുരുക്കം ചില വിമാനത്താവളങ്ങളിൽ ഒന്നായത് കൊണ്ടാണ് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി മൃതദേഹം എത്തിക്കാനുളള സാഹചര്യം ഒരുങ്ങുന്നത്.

Leave a Reply