അമേരിക്ക: കോവിഡ് പ്രതിരോധത്തിനായി ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗിക്കുന്നത് ഗുണം ചെയ്യില്ലെന്ന വാദവുമായി അമേരിക്കയിലെ ‘ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് ‘ (എഫ്.ഡി.എ) വിഭാഗം. ഹൈഡ്രോക്സിക്ലോറോക്വിൻ ഉപയോഗിക്കുന്നത് മൂലം ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും എഫ്.ഡി.എ ചൂണ്ടിക്കാട്ടി. കോവിഡ് രോഗികളുടെ ചികില്‍സക്കായി സാധ്യമായ മാര്‍ഗങ്ങളെല്ലാം ആരോഗ്യ പ്രവര്‍ത്തകര്‍ ചെയ്യുന്നുണ്ടെന്നാണ് ഞങ്ങള്‍ വിലയിരുത്തുന്നത്. അതോടൊപ്പം തന്നെ അവര്‍ക്ക് ഏറ്റവും കൃത്യമായ വിവരങ്ങള്‍ നല്‍കാനാണ് എഫ്.ഡി.എ ശ്രമിക്കുന്നതെന്ന് കമ്മീഷണര്‍ സ്റ്റീഫന്‍ എം ഹാന്‍ പറഞ്ഞു. ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് കോവിഡ് ബാധിതര്‍ക്ക് നല്‍കുന്നത് മൂലം പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുമെന്ന യാഥാര്‍ത്ഥ്യം നാം പരിഗണിക്കേണ്ടതുണ്ട്. ഇത്തരം മരുന്നുകള്‍ കോവിഡിനെ പ്രതിരോധിക്കാന്‍ എത്രത്തോളം ഫലപ്രദമാണെന്ന് തെളിയിക്കാനുള്ള ടെസ്റ്റുകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡിനെ പ്രതിരോധിക്കാന്‍ ഹൈഡ്രോക്സിക്ലോറോക്വിൻ നല്‍കുന്നതിലൂടെ സാധിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡെണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. മലേറിയ പ്രതിരോധ മരുന്ന് കയറ്റുമതി ചെയ്യാന്‍ സന്നദ്ധമായില്ലെങ്കില്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ട്രംപ് ഇന്ത്യയെ ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് വിവിധ രാഷ്ട്രങ്ങളുടെ നിരന്തര സമര്ദ്ധത്തിനൊടുവില് മരുന്ന് കയറ്റുമതി ചെയ്യാന്‍ ഇന്ത്യ തയ്യാറാവുകയായിരുന്നു. മലേറിയ പ്രതിരോധ മരുന്ന് കോവിഡിനെ തടയാന്‍ സഹായകമാവുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്.