പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ അടിയന്തിരമായി ഇടപെടണം

0
334

നമ്മുടെ രാജ്യത്ത് നിന്ന് ജോലി ആവശ്യാർത്ഥം വിദേശത്ത് പോയിട്ടുള്ള പ്രവാസികൾക്കും നമ്മുടെ രാജ്യത്ത് കഴിയുന്നവരെ പോലെ പരിഗണിക്കേണ്ട സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്. പ്രവാസികൾ വഴി ഇവിടെ എത്തുന്ന വിദേശ നാണ്യം നമ്മുടെ സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്നതിലും നമ്മുടെ നാടുകളിലെ വിദ്യാഭ്യാസ-സാമൂഹിക മുന്നേറ്റങ്ങൾക്കും കരുത്ത് പകരുന്നതാണ് എന്നതിനാൽ തന്നെ അവരെ അവഗണിക്കാൻ നമുക്ക് സാധിക്കില്ല.

പ്രതിസന്ധിയുടെ ഈ കാലത്ത് അവരുടെ ആശങ്കയും ഭയപ്പാടും നീക്കേണ്ടത് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ബാധ്യതയാണ്. കോവിഡ്-19 ലോകത്താകമാനം പടരുന്ന സാഹചര്യത്തിൽ അവര്‍ ഇന്നനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരങ്ങൾ കാണാൻ കേന്ദ്ര- കേരള സര്‍ക്കാറുകള്‍ പ്രത്യേക പദ്ധതികള്‍ തയ്യാറാക്കി അതിവേഗ ഇടപെടലുകൾ നടത്തേണ്ടതാണ്. അതിനായി അതതു രാജ്യങ്ങളിലെ ഭരണാധികാരികളുമായും വിദേശകാര്യ മന്ത്രാലയങ്ങളുമായും ബന്ധപ്പെട്ട് ഇപ്പോഴത്തെ നില തരണം ചെയ്യാൻ അടിയന്തരമായി ബന്ധപ്പെടുകയും ക്രിയാത്മകമായി പ്രശ്ന പരിഹാരത്തിന് അവസരം സൃഷ്ടിക്കുകയും വേണം.

പ്രവാസികൾ പ്രതിതിസന്ധിയിലായ സമയം അവരെ സഹായിക്കേണ്ടവരാണ് കേന്ദ്ര സർക്കാറിന് കീഴിലെ ഇന്ത്യൻ കോൺസുലേറ്റും സംസ്‌ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന നോർക്കയും. ഈ അവസരത്തിലും അവരുടെ ഭാഗത്ത് നിന്നുള്ള ഇടപെടലുകൾ ആശാവഹമായ രീതിയിലല്ല എന്നത് എന്നെ ദു:ഖകരമായ വസ്തുതയാണ്. UAE നോർക്ക ഹെല്പ് ലൈനുമായി ബന്ധപ്പെട്ടു നിയമിച്ചവരിൽ ഗൾഫ് രാജ്യത്തെ സർക്കാരിന്റെ അംഗീകാരമുള്ള കെഎംസിസി ക്ക് ഒരു പരിഗണയും നൽകിയിട്ടുമില്ല.

തൊഴിലിടങ്ങളിൽ ഒരൊറ്റ റൂമില്‍ തന്നെ നിരവധി ആളുകള്‍ താമസിക്കേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോഴുമുള്ളത്. ഇത് രോഗം ബാധിക്കാനുള്ള സാഹചര്യമുണ്ടാക്കും. ഇരുപത്തിനാലു മണിക്കൂര്‍ നേരത്തെ കര്‍ഫ്യൂ നിയമമുള്ളതിനാൽ പുറത്തിറങ്ങാനാകാത്ത സാഹചര്യവും അവർക്ക് കൂടുതൽ മാനസിക സംഘര്‍ഷമുണ്ടാക്കുകയും ചെയ്യും. നൂറുക്കണക്കിനാളുകള്‍ തിങ്ങിത്താമസിക്കുന്ന ലേബര്‍ ക്യാമ്പുകളും റൂമുകളുമായതിനാൽ രോഗം പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയാല്‍ അത് വലിയ അപകടങ്ങൾക്കാൻ വഴിവെക്കുക. തൊഴിലും ശമ്പളവുമില്ലാതെ പ്രയാസപ്പെടുന്നവരുടെ അരികിലേക്ക് ഭക്ഷണവും മരുന്നും കര്‍ഫ്യൂ കാരണം എത്തിച്ചു കൊടുക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നാണ് പ്രവാസികൾ നൽകുന്ന വിവരങ്ങളിലൂടെ അറിയാൻ സാധിക്കുന്നത്.

രോഗവ്യാപ്തി വര്‍ദ്ധിച്ചാല്‍ ചികിത്സാസൗകര്യങ്ങള്‍ ലഭിക്കാതിരിക്കുമോ എന്ന ഭയവും അവരെ അലട്ടുന്നുണ്ട്. ഈ അവസരത്തിൽ നാട്ടിലെത്താൻ താല്‍പര്യമുള്ളവര്‍ക്ക് പ്രത്യേക വിമാന സര്‍വീസുകള്‍ ഒരുക്കാൻ സർക്കാറും വിദേശകാര്യ മന്ത്രാലയവും മുന്നോട്ട് വരേണ്ടതുണ്ട്. രാജ്യത്ത് ലോക്ഡൗണിനുശേഷം മടങ്ങിവരുന്ന പ്രവാസികളെ വീട്ടിലേക്കയക്കാതെ കോറന്റൈനില്‍ താമസിപ്പിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ജില്ലാഭരണകൂടം സജ്ജീകരിക്കുമെന്നും ഇതര ജില്ല- സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന നമ്മുടെ സഹോദരങ്ങളെ വീട്ടിലേക്കയക്കാതെ പഞ്ചായത്തുകള്‍ ഒരുക്കുന്ന ഐസുലേഷന്‍ സെന്ററുകളില്‍ താമസിപ്പിക്കുമെന്നുള്ള സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.

സർക്കാറുകളുടെ സഹായങ്ങൾക്ക് കാത്തിരിക്കാതെ തന്നെ കെ.എം.സി.സി പ്രവർത്തകർ വിദേശ രാജ്യങ്ങളിൽ ഭക്ഷണ വിതരണം, മരുന്ന് എത്തിച്ച് കൊടുക്കുക തുടങ്ങിയ നിലയിൽ നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ അഭിനന്ദനാർഹമാണ്. ഇപ്പോൾ ദുബൈ അടക്കമുള്ള രാജ്യങ്ങളിൽ കെ.എം.സി.സി നടത്തുന്ന പ്രവർത്തനങ്ങൾ മാത്രമാണ് നമ്മുടെ പ്രവാസികൾക്ക് ആശ്വാസമായുളളത്. ഏതെങ്കിലും സാഹചര്യത്തിൽ ഇതിന് തടസ്സം വന്നാൽ അത് വലിയ ദുരന്തങ്ങളിലേക്ക് നമ്മുടെ പ്രവാസി സുഹൃത്തുക്കളെ തള്ളിവിടും. ഇവരുടെ പ്രവർത്തനങ്ങൾ ഉറപ്പ് വരുത്താനും അവരെ പരിഗണിക്കാനുമുള്ള മനസ്സ് സർക്കാർ തലങ്ങളിൽ നിന്ന് ഉണ്ടാവേണ്ടതാണ്.

ഈ പ്രതിസന്ധി ഘട്ടത്തിലും വിദേശത്ത് ത്യാഗപൂർണ്ണമായ സന്നദ്ധ സഹായ പ്രവർത്തനങ്ങൾ നടത്തുന്ന കെ.എം.സി.സി പ്രവർത്തകർക്ക് അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ.. അവരേയും നമ്മുടെ പ്രവാസികളെയു നമ്മെയും ഈ മഹാമാരിയിൽ നിന്ന് രക്ഷ നൽകി അനുഗ്രഹിക്കട്ടെ…. ആമീൻ.

Leave a Reply