‘സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങളുടെ ഓര്‍മ്മ’ പുസ്തകം പ്രകാശിതമായി

സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങളുടെ ഓര്‍മ്മ പുസ്തകം പ്രകാശിതമായി
മലപ്പുറം : അര നൂറ്റാണ്ടിലേറെ കാലം കേരളീയ പൊതു മണ്ഡലത്തില്‍ പ്രോജ്ജ്വലിച്ചു നിന്ന പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങളുടെ ഓര്‍മ്മ പുസ്തകം പ്രകാശിതമായി. സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ കാലം, സമൂഹം എന്ന ബ്രഹത് ഗ്രന്ഥത്തിന്റെ പ്രകാശന കര്‍മ്മം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ഇറാം ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സിദ്ദീഖ് അഹ്‌മദ് പുസ്തകം ഏറ്റുവാങ്ങി. മലപ്പുറം വുഡ്‌ബൈന്‍ ഹോട്ടലില്‍ നടന്ന പ്രകാശന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു.
സമുദായ നേതൃത്വം വഹിച്ചു കൊണ്ട് തന്നെ സമൂഹത്തിന്റെയും രാജ്യത്തിന്റേയും പൊതു നന്മക്ക് വേണ്ടി ഹൈദറലി ശിഹാബ് തങ്ങൾ അര്‍പ്പിച്ച സേവനങ്ങള്‍ വിലമതിക്കാനാവത്തായിരുന്നുവെന്ന് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. അശരണരുടേയും പാവപ്പെട്ടവരുടേയും പുരോഗതിയും വളര്‍ച്ചയും തങ്ങള്‍ ഏറെ സന്തോഷത്തോടെയാണ് കണ്ടിരുന്നത്. വിദ്യാഭ്യാസ രംഗത്തും ആതുര സേവന രംഗത്തുമെല്ലാം നിറഞ്ഞു നിന്ന തങ്ങളുടെ ജീവിതം വളരെ അനുഗ്രഹീതവും മാതൃകാപരവുമായിരുന്നെന്ന് ജിഫ്രി തങ്ങള്‍ അഭിപ്രായപ്പെട്ടു.
സമൂഹത്തിന്റെ പൊതു കാര്യങ്ങളില്‍ സജീവമയി നിലനില്‍ക്കുകയും മുസ്‌ലിം ലീഗ് അടക്കം വിവിധ സംഘടനകളുടേയും മത സ്ഥാപനങ്ങളുടേയും മഹനീയ നേതൃത്വം വഹിക്കുകയും ചെയ്ത ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ കുടുംബത്തിലെ ഓരോ കാര്യങ്ങളിലും കൃത്യമായി ഇടപെട്ടിരുന്ന സ്‌നേഹ നിധിയായ കുടുംബ നാഥന്‍ കൂടിയായിരുന്നുവെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അനുസ്മരിച്ചു. ബാഫഖി തങ്ങളുടേയും വന്ദ്യ പിതാവ് പൂക്കോയ തങ്ങളുടേയും ജേഷ്ട സഹോദരന്‍മാരുടേയുമെല്ലാം പാതയില്‍ തന്നെയാണ് സമുദായ വിഷയങ്ങളില്‍ സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍ നിലപാടുകള്‍ കൈകൊണ്ടിരുന്നതെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ഒരു കാലഘട്ടത്തിലെ സൗമ്യതയും, കരുത്തും ഒത്തുചേര്‍ന്ന ഒരു നേതാവിന്റെ ജീവിത മഹൂര്‍ത്തങ്ങള്‍ അടയാളപ്പെടുത്തിയ ഒരു ഗ്രന്ഥമാണ് പ്രാകാശിതമായതെന്ന് ഡോ. സിദ്ദീഖ് അഹ്‌മദ് അഭിപ്രായപ്പെട്ടു.
പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബശീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം. പി, എം.പി അബ്ദുസ്സമദ് സമദാനി എം.പി, സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി, സയ്യിദ് അബ്ദുന്നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ എം.എല്‍.എ മാരായ സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍, പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ടി.വി ഇബ്‌റാഹീം, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുത്തുക്കോയ തങ്ങള്‍ പൊന്നാനി, ഹുസൈന്‍ കോയ തങ്ങള്‍ മേല്‍മുറി, അഡ്വ. നാലകത്ത് സൂപ്പി, അഡ്വ. കെ.എന്‍.എ ഖാദര്‍, സി.എം.എ കരീം, ഇബ്രാഹിം ഫൈസി തിരൂര്‍ക്കാട്, കെ.എ റഹ്്മാന്‍ ഫൈസി, അബ്ദുറഹ്മാൻ ഫൈസി പാതിരമണ്ണ, അഡ്വ. വി.ഇ ഗഫൂര്‍ ആലുവ, ഖാദര്‍ ഫൈസി കുന്നുംപുറം, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, മുജീബ് കാടേരി, മുസ്ഥഫ മലേഷ്യ, എന്‍.സി അബൂബക്കര്‍, എന്‍.സി അബ്ദുറസാഖ്, എ. മുഹമ്മദ് കുട്ടി പ്രസംഗിച്ചു.

Leave a Reply