വിവേകത്തിന്റെ ഭാഷ സാർവലൗകികം : കല്പറ്റ നാരായണൻ റാഷിദ് ഗസാലിയുടെ തിരുക്കുറൾ ആസ്വാദനം പ്രകാശനം ചെയ്തു.

സുൽത്താൻബത്തേരി: ഭാരതിയാർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവും നീലഗിരി കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് മാനേജിങ് ഡയറക്ടറുമായ റാഷിദ് ഗസാലി രചിച്ച തിരുക്കുറൾ ആസ്വാദനം- മലയാളം പതിപ്പ് സാഹിത്യകാരൻ കല്പറ്റ നാരായണൻ ഡോ. എം കെ മുനീർ എംഎൽഎക്ക് നൽകി പ്രകാശനം ചെയ്തു.

മനുഷ്യത്വത്തെ ഉൾച്ചേർത്ത തിരുവള്ളുവരുടെ വരികൾ തനിമ ഒട്ടും ചോരാതെ ആസ്വദിക്കാൻ തിരുക്കുറൾ ആസ്വാദനത്തിലൂടെ സാധ്യമാവുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വിവേകത്തിന്റെ ഭാഷ സാർവ്വ ലൗകികമാണെന്ന് കൽപ്പറ്റ നാരായണൻ പറഞ്ഞു.

ജീവിതത്തിന് വേണ്ട വിവേകപൂർണമായ ജ്ഞാനമാണ് തിരുക്കുറളിലൂടെ അനശ്വരമായ ഭാഷയിലൂടെ എഴുതി വെച്ചത്. അവലോകനമെന്ന രീതിയിൽ ഈ പുസ്തകത്തിലൂടെ തിരുക്കുറൾ ആസ്വാദനം വായനക്കാർക്ക് സമ്മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഗൂഡല്ലൂർ എംഎൽഎ അഡ്വ. പൊൻജയശീലൻ ഉദ്‌ഘാടനം ചെയ്തു. മനോജ് കെ ശ്രീധർ പുസ്തകം പരിചയപ്പെടുത്തി. കോളേജ്‌ അക്കാദമിക് ഡീൻ പ്രൊഫ. മോഹൻ ബാബു, സാഹിത്യകാരൻ കെ ടി സൂപ്പി, മണി മാസ്റ്റർ, മുഹ്‌സിൻ എന്നിവർ സംസാരിച്ചു.

തന്റേതെന്ന സ്വാർത്ഥതയോടെ ഏതൊരാൾക്കും ഏത് കാലത്തും സ്വീകരിക്കാൻ കഴിയുന്നു എന്നതാണ് തിരുക്കുറളിന്റെ പ്രത്യേകതയെന്ന് മറുപടി പ്രസംഗത്തിൽ രചയിതാവ് റാഷിദ് ഗസാലി പറഞ്ഞു. എല്ലാ വിധ വേർതിരിവുകൾക്കുമപ്പുറത്ത് മനുഷ്യന് മാത്രമായി ഒരിടം ഉണ്ട് എന്ന് തിരുക്കുറൾ ഓർമ്മപ്പെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. തമിഴ് പതിപ്പിന്റെ പ്രകാശനം കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ നടന്നു. ഒലിവ് പുബ്ലിക്കേഷൻസ് ആണ് മലയാളം പതിപ്പ് പ്രസിദ്ധീകരിച്ചത്.

Leave a Reply