ഉമ്മൻ ചാണ്ടിയുടെ ഇടപെടൽ സൗദിയിൽ വധശിക്ഷ വിധിക്കപ്പെട്ട കൊല്ലം സ്വദേശിക്ക് മോചനം.

ദമാം- ആഘോഷത്തിനിടെ മലയാളികൾ തമ്മിൽ മുറിയിലുണ്ടായ തർക്കത്തിനിടെ സംഭവിച്ച കൊലപാതകത്തിൽ പ്രതിയായി വധശിക്ഷ കാത്ത് കഴിഞ്ഞിരുന്ന കൊല്ലം സ്വദേശിക്ക് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ ഇടപെടലിൽ ജയിൽ മോചനം. കോട്ടയം കോട്ടമുറിക്കൽ തൃക്കോടിത്താനം ചാലയിൽ വീട്ടിൽ തോമസ് മാത്യു (27)വിനെ കുത്തിക്കൊന്ന കേസിൽ ഒമ്പത് വർഷമായി സൗദി ജയിലിൽ വധശിക്ഷ കാത്ത് കഴിയുകയായിരുന്ന കൊല്ലം പള്ളിത്തോട്ടം ഗാന്ധി നഗർ എച്ച്.എൻ.സി കോമ്പൗണ്ടിൽ താമസിക്കുന്ന സക്കീർ ഹുസൈൻ (32) ആണ് വധശിക്ഷയിൽ നിന്ന് അവസാന നിമിഷം മോചിതനായത്. രേഖകളെല്ലാം ശരിയാക്കി അദ്ദേഹം കഴിഞ്ഞ ദിവസം ശ്രീലങ്കൻ എയർലൈൻസ് വഴി നാട്ടിലെത്തിയതായി സൗദിയിൽ അദ്ദേഹത്തിന്റെ മോചനത്തിന് നേതൃത്വം നൽകിയ പ്രമുഖ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് അറിയിച്ചു

2013ൽ അൽകോബാറിലെ റാക്കയിൽ ഇവർ താമസിച്ചിരുന്ന റൂമിലാണ് സംഭവം നടന്നത്. ലോൺട്രി ജീവനക്കാരനായ സക്കീർ ഹുസൈനും തോമസും തമ്മിൽ റൂമിലെ ഓണാഘോഷത്തിനിടെ വാക്ക് തർക്കമുണ്ടാവുകയും തർക്കം മൂത്ത് തോമസിനെ സക്കീർ ഹുസൈൻ കുത്തുകയായിരുന്നു. തോമസ് ഉടൻ തന്നെ മരിക്കുകയും ചെയ്തു.
അറസ്റ്റ് ചെയ്ത് ഫൈസലിയ ജയിലിലായ സക്കീർ ഹുസൈന് കോടതി എട്ട് വർഷത്തെ തടവും അതിന് ശേഷം വധശിക്ഷയുമാണ് വിധിച്ചത്. ഇതോടെ സക്കീർ ഹുസൈനിന്റെ മാതാപിതാക്കൾ മകന്റെ മോചനത്തിനായി തോമസിന്റെ കുടുംബവുമായും സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടുമായും മറ്റും ബന്ധപ്പെട്ടുകൊണ്ടിരുന്നു. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി ബന്ധപ്പെട്ട് വിഷയത്തിന്റെ ഗൗരവം ധരിപ്പിച്ചു. സക്കീറിന്റെ കുടുംബവുമായും തോമസിന്റെ കുടുംബവുമായും ഉമ്മൻ ചാണ്ടി ബന്ധപ്പെട്ടു. ആദ്യമൊക്കെ തോമസിന്റെ കുടുംബം മാപ്പിന് തയ്യാറായിരുന്നില്ല. ഉമ്മൻ ചാണ്ടി തോമസിന്റെ ഇടവക പളളി വികാരിയുമായി ബന്ധപ്പെട്ടാണ് മാപ്പിന് വഴിയൊരുക്കിയത്. തുടർന്ന് ഉമ്മൻ ചാണ്ടി കുടുംബത്തിന് നഷ്ടപരിഹാരം നൽകി അഡ്വ. സാജുസ്റ്റീഫൻ വഴി മാപ്പപേക്ഷ തയ്യാറാക്കി. തോമസിന്റെ മാതാപിതാക്കളും സഹോദരങ്ങളും ഒപ്പുവെച്ച മാപ്പപേക്ഷ 2020 ൽ ദമാം കോടതിയിൽ നൽകിയിരുന്നുവെങ്കിലും തടവു ശിക്ഷ കാലാവധി പൂർത്തിയാക്കാൻ കാത്തിരിക്കേണ്ടിവന്നു. ഏഴര വർഷമായി നിരവധി പ്രാവശ്യം കോടതികളും ജയിലുകളും കയറിയിറങ്ങുകയായിരുന്നു ശിഹാബ് കൊട്ടുകാട്.
ഇന്ത്യൻ എംബസി സെകന്റ് സെക്രട്ടറി എം.ആർ സജീവ്, ഉദ്യോഗസ്ഥനായ യൂസുഫ് കാക്കഞ്ചേരി, ചക്കുവള്ളി കൂട്ടായ്മയിലെ സലീം മൈനാഗപ്പള്ളി എന്നിവരും വിവിധ ഘട്ടങ്ങളിൽ ഈ വിഷയത്തിൽ ഇടപെട്ടിരുന്നവരാണ്.
തോമസിന്റെ കുടുംബം മാപ്പ് നൽകിയിരുന്നില്ലെങ്കിൽ സക്കീർ ഹുസൈന് വധശിക്ഷ തന്നെയായിരുന്നു ലഭിക്കാനിരുന്നത്. ഈ കുടുംബത്തിന്റെ ഹൃദയവിശാലതയും മഹാമനസ്‌കതയുമാണ് ഇദ്ദേഹത്തിന്റെ മോചനത്തിലേക്ക് വഴിതെളിയിച്ചതെന്ന് ശിഹാബ് കൊട്ടുകാട് പറഞ്ഞു.

Leave a Reply