മഴക്കാലമാണ് ഈ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക: കെ എസ് ഇ ബി.

അപകടരഹിത വർഷമായാണ് കെഎസ് ഇബിഎൽ ഈ വർഷം (202) വിഭാവനം ചെയ്യുന്നത്..
വൈദ്യുതി നമ്മുടെ ജീവിതത്തിൽ അനിവാര്യമായ ഒന്നാണ്. വൈദ്യതിയില്ലാത്ത ഒരു ദിവസം നമുക്കിന്ന് ആലോചിക്കാൻ പോലുമാകില്ല. നിത്യജീവിതത്തിൽ വൈദ്യുതിയെ അത്രയേറെ നാം ആശ്രയിക്കുന്നു. എന്നാൽ ഇത്രയേറെ ഉപകാരിയായ വൈദ്യുതി അദൃശ്യനായ കൊലയാളിയുമാണ്. എല്ലാവർഷവും വിലപ്പെട്ട നിരവധി മനുഷ്യജീവനുകളാണ് വൈദ്യുതിയുമായി ബന്ധപ്പെട്ട് പൊലിഞ്ഞുപോകുന്നത്. അത്രത്തോളം തന്നെയാണ് പരിക്ക് പറ്റി ജീവിതം വഴിമുട്ടുന്നവരും.
ഈ വർഷം ഇതുവരെ പൊതുജനങ്ങൾക്ക് 21 അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. പകരം വയ്ക്കാനാകാത്ത വിലപ്പെട്ട 17 ജീവനുകളാണ് ഇതിൽപ്പെട്ട് പൊലിഞ്ഞുപോയത്, അല്പം ജാഗ്രത പുലർത്തിയാൽ തീർച്ചയായും യാതൊരു അപകടവുമുണ്ടാക്കാത്ത ഒരു മിത്രമായി വൈദ്യുതിയെ മാറ്റാനാകും. ഈ കരുതൽ മനസ്സിൽ വച്ചുകൊണ്ടാകണം നാം ഓരോരുത്തരും ഇനിമുതൽ വൈദ്യുതിയെ ഉപയോഗപ്പെടുത്താൻ. വൈദ്യുത സുരക്ഷയുമായി ബന്ധപ്പെട്ട് KSEBL, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് തുടങ്ങിയവ നൽകുന്ന നിർദ്ദേശങ്ങൾ നമുക്ക് പാലിക്കാം ..
‘ വൈദ്യുത ലൈനുകൾക്ക് സമീപമുള്ള വൃക്ഷങ്ങളിൽ നിന്നും ചക്ക, മാങ്ങാ, തേങ്ങ തുടങ്ങിയ ഫലങ്ങൾ ഇരുമ്പ്, അലുമിനിയും പൈപ്പുകൾ പോലുള്ള ലോഹത്താട്ടികൾ ഉപയോഗിച്ച് ഒരിക്കലും പറിക്കാൻ ശ്രമിക്കരുത് ;വൈദ്യുതകമ്പി പൊട്ടിക്കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ യാതൊരു കാരണവശാലും അതിൽ സ്പർശിക്കരുത്. വൈദ്യുതകമ്പി പൊട്ടിയ വിവരം എത്രയുംവേഗം , തൊട്ടടുത്ത KSEB ഓഫീസിൽ അറിയിക്കുകയോ 9496010101 /1912 നമ്പരിൽ വിളിച്ചറിയിക്കുകയോ ചെയ്ത് അപകടമൊഴിവാക്കണം .
“കട്ടർ, ഡ്രിൽ, വെൽഡിംഗ് മെഷീൻ, അലങ്കാര ബൾബുകൾ തുടങ്ങി യാതൊരു വൈദ്യുത ഉപകരണവും സുരക്ഷിതമല്ലാത്ത രീതിയിൽ പ്രവർത്തിപ്പിക്കാൻ ശ്രമിക്കരുത് .
*വൈദ്യതലൈനിൽ നിന്നും സുരക്ഷിതമായ അകലം പാലിക്കാതെ കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതും, നീളം കൂടിയ ഹാൻഡിലുള്ള റോളർ ബ്രഷുകൾ ഉപയോഗിച്ച് പെയിന്റിംഗ് ജോലികൾ ചെയ്യുന്നതും , പരസ്യ ബോർഡുകൾ സ്ഥാപിക്കുകയോ, വൃക്ഷലതാദികൾ നട്ടു വളർത്തുന്നതും ഒക്കെ അപകടങ്ങൾക്ക് വഴിയൊരുക്കും .
“അനധികൃതമായി വൈദ്യുത വേലികൾ സ്ഥാപിക്കുന്നതും, വൈദ്യുതി ഉപയോഗിച്ച് മീൻപിടിക്കുന്നതും, വൈദ്യുതി മോഷണവും അപകടമുണ്ടാക്കും. ഇത് ശിക്ഷാർഹവുമാണ്.അനധികൃതമായി വയറിംഗിൽ കൂട്ടിച്ചേർക്കലുകൾ നടത്തരുത്.
*വൈദ്യുത അപകടത്തിൽ നിന്നും മനുഷ്യനെ രക്ഷിക്കുന്ന ELCB അല്ലെങ്കിൽ RCCB എന്ന ഉപകരണം കൂടി വീട് വയറിംഗ് ചെയ്യുമ്പോൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. വീട്ടിൽ സ്ഥാപിച്ചിട്ടുള്ള ഇ എൽ സി ബി പ്രവർത്തനക്ഷമമാണ് എന്ന് ഇടവേളകളിൽ പരിശോധിച്ച് ഉറപ്പാക്കേണ്ടത് ആണ്.
“താൽകാലിക ആവശ്യത്തിനായി എടുക്കുന്ന കണക്ഷന്റെ തുടക്കത്തിൽത്തന്നെ ELCB ഘടിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക.
“വൈദ്യുതി ഉപയോഗിച്ചുള്ള ഏതൊരു താത്കാലിക പ്രവർത്തിയും ആരംഭിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട KSEBL ന്റെ ഇലക്ട്രിക്കൽ സെക്ഷനിൽ നിന്ന് അനുമതി വാങ്ങണം. ഇതിനായി മെയിൻ സ്വിച്ചിൽ നിന്നും നേരിട്ട് വൈദ്യുതി എടുക്കുവാൻ പാടില്ല.
*ഒരു പ്ലഗ്ഗ് സോക്കറ്റിൽ നിന്ന് ഒരേസമയം ഒന്നിലധികം ഉപകരണങ്ങൾ പ്രവർത്തിപ്പിക്കരുത്.
“ഏതെങ്കിലും കാരണത്താൽ വീട് / സ്ഥാപനത്തിലെ ഫ്യൂസ് പോകുകയോ , ELCB ട്രിപ്പ് ആകുകയോ ചെയ്താൽ അതിന്റെ കാരണം കണ്ടെത്തി പരിഹരിച്ച് മാത്രം വീണ്ടും സപ്ലെ ചാർജ്ജ് ചെയ്യുക.
“യാതൊരു കാരണവശാലും ബോർഡ് പ്രതിഷ്ഠാപനങ്ങൾക്കു സമീപം ആരും അനുമതിയില്ലാതെ പോകുകയോ അതിൽ കയറുകയോ ചെയ്യരുത്
*വൈദ്യുതി ലൈനിന് സമീപം നിൽക്കുന്ന മരത്തിന്റെ ശിഖരങ്ങളോ മരമോ മുറിക്കുന്നു എങ്കിൽ ഇലക്ട്രിക്കൽ സെക്ഷനിൽ അറിയിച്ചു. ബോർഡിന്റെ അനുമതിയോടു കൂടി സുരക്ഷ ഉറപ്പാക്കി മാത്രം ചെയ്യുക .
“ഉത്സവങ്ങളുമായി അനുബന്ധിച്ച് വൃക്ഷങ്ങളിലും മറ്റും അനധികൃതമായി വൈദ്യുത അലങ്കാരം നടത്തരുത്.
നമുക്ക് വേണ്ടി, നമ്മുടെ കുടുംബത്തിനും നാടിനും വേണ്ടി മേൽപ്പറഞ്ഞ നിർദ്ദേശങ്ങൾ നമുക്ക് പാലിക്കാം. എല്ലാവർക്കും അപകട രഹിതമായ നാളുകൾ ആശംസിക്കുന്നു.

Leave a Reply