പി.സി ജോർജ്ജിനെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണം: പി.എം.എ സലാം.

കോഴിക്കോട്: കേരളത്തിൽ സൈ്വര്യ ജീവിതവും സമാധാനവും ഉറപ്പ് വരുത്താൻ മുസ്ലിംകൾക്കെതിരെ വർഗീയ വിഷം ചീറ്റുന്നത് തുടരുന്ന പി.സി ജോർജ്ജിനെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻചാർജ്ജ് പി.എ.എ സലാം ആവശ്യപ്പെട്ടു. പാലക്കാട് കൊലപാതകത്തിൽ വർഗീയ പ്രസ്താവന നടത്തിയതിന് ഹിന്ദു മഹാസഭാ നേതാവിനെ 24 മണിക്കൂറിനകമാണ് തമിഴ്നാട് സർക്കാർ അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ആർജ്ജവത്തിന്റെ അരികത്ത് കൂടെയെങ്കിലും പോകാൻ കേരളത്തിൽ ആഭ്യന്തര വകുപ്പ് ഭരിക്കുന്ന പിണറായി വിജയന് സാധിച്ചിട്ടില്ല. മുസ്ലിം യൂത്ത് ലീഗ് പി.സി ജോർജ്ജിനെതിരെ പരാതി നൽകിയിട്ടുണ്ട്. ഇതുവരെ കേസെടുക്കാൻ പോലും സർക്കാർ തയ്യാറായിട്ടില്ല. മുസ്ലിം ജനവിഭാഗത്തെ വേദനിപ്പിക്കുകയും പച്ച നുണ പറഞ്ഞ് വർഗീയത പടർത്തുകയും ചെയ്യുന്നത് പി.സി ജോർജ്ജ് തൊഴിലാക്കി മാറ്റിയിരിക്കുകയാണ്. ആർ.എസ്.എസ്സിനെ പോലും നാണിപ്പിക്കുന്ന വിധത്തിലാണ് പി.സി ജോർജ്ജിന്റെ വർഗീയ പ്രസ്താവനകൾ. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ കേരളത്തിന്റെ സാമൂഹിക രംഗത്ത് ഗുരുതര പ്രത്യാഘാതമുണ്ടാകും. ആർക്കും എന്തും വിളിച്ചു പറയാവുന്ന സാഹചര്യം സംജാതമാകും.- പി.എം.എ സലാം പറഞ്ഞു.

കേരളത്തിൽ വർഗീയതയും വിദ്വേഷവും വളർത്താൻ ശ്രമിക്കുന്നത് പാഴ് വേലയാണെന്നത് ചരിത്രമാണ്. വർഗീയ തീവ്രവാദ നിലപാട് സ്വീകരിച്ചവരെയൊക്കെ കാലാ കാലങ്ങളായി ഈ നാട് ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയും ചെയ്തിട്ടുമുണ്ട്. അത്തരക്കാർക്ക് കടിഞ്ഞാണിടുന്നതിലും അവരെ നിയമത്തിന് മൂന്നിൽ കൊണ്ടു വരുന്നതിലും കേരളത്തിലെ ഭരണകൂടങ്ങളും അതത് കാലങ്ങളിൽ ഉണർന്ന് പ്രവർത്തിച്ചിട്ടുണ്ട്. പി.സി ജോർജ്ജ് നടത്തിയ വിദ്വേഷ പ്രസംഗം അങ്ങേയറ്റം അറപ്പുളവാക്കുന്നതാണ്. ഈ പ്രസംഗത്തിനെതിരെ നടപടിയെടുക്കാതെ മൗനം പാലിക്കുന്ന സർക്കാർ നടപടി കേരളത്തിന്റെ പാരമ്പര്യത്തിന് ചേർന്നതല്ല. ഫേസ്ബുക്കിൽ കമൻറിട്ടാൽ പോലും ആളുകളെ അറസ്റ്റ് ചെയ്യുന്ന കാലത്ത് വിദ്വേഷ പ്രസംഗം നടത്തിയ വിഷ സർപ്പത്തെ കൂട്ടിലടക്കാൻ അമാന്തിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

Leave a Reply