വഖഫ് നിയമ ഭേദഗതി സർക്കാർ പിന്മാറുന്നത് വരെ സമരം:പി.കെ കുഞ്ഞാലിക്കുട്ടി.

തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട സർക്കാർ നടപടി പിൻവലിക്കുന്നത് വരെ സമരം തുടരുമെന്ന് മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിശുദ്ധവും പരിപാവനവുമായ വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടതുമായി ബന്ധപ്പെട്ട വിഷയം ഒട്ടേറെ തവണ സമൂഹ മധ്യത്തിൽ ചർച്ചക്ക് വിധേയമായതാണ്. എന്തിനാണ് ഇങ്ങനൊരു തീരുമാനം കൈകൊണ്ടത് എന്നതിൽ സർക്കാറിന് തന്നെ വ്യക്തതയില്ല. വഖഫ് വരുമാനം വിശ്വാസികൾ നൽകുന്നതാണ്. നിയമം കൊണ്ടു വരുന്നവർക്ക് തന്നെ ഇതിനെ കുറിച്ച് ധാരണയില്ല. പരസ്പര വിരുദ്ധമായ ന്യായങ്ങളാണ് സർക്കാറിന്റെ ഭാഗത്തുനിന്നും വരുന്നത്. മുഖ്യമന്ത്രി ഒന്ന് പറയുമ്പോൾ വകുപ്പ് മന്ത്രി മറ്റൊന്ന് പറയുന്നു. അനവസരത്തിൽ എടുത്ത തീരുമാനമാണ് വഖഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടത്. ഇതിൽ നിന്നും പിറകോട്ട് പോവുക എന്നതല്ലാതെ മറ്റൊരു മാർഗവും സർക്കാറിന്റെ മുന്നിലില്ല. ഈ തീരുമാനത്തിലേക്ക് സർക്കാർ പോകുംവരെ മുസ്ലിംലീഗ് പാർട്ടി സമര രംഗത്ത് ഉണ്ടാവും. ഒരു കാരണവശാലും പിന്തിരിയുന്ന പ്രശ്നമില്ല.- അദ്ദേഹം പറഞ്ഞു. വഖഫ് നിയമ ഭേദഗതി അനാവശ്യമാണ്. നിയമ നിർമാണത്തിലൂടെ വിശ്വാസപരമായ കാര്യങ്ങളിൽ ഇടപെടാൻ ശ്രമിച്ചാൽ ലീഗിന് അഭിപ്രായം പറയേണ്ടി വരും. കേന്ദ്രം ഭരിക്കുന്ന ബിജെ പി പോലും ചെയ്തിട്ടില്ലാത്ത കാര്യമാണിതെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

പ്രഖ്യാപിച്ച സമരങ്ങളിൽ നിന്ന് പാർട്ടി പിന്നോട്ടില്ലെന്ന് മുസ്‌ലിംലീഗ് ജനറൽ സെക്രട്ടറി ഇൻചാർജ്ജ് പി.എം.എ സലാം പറഞ്ഞു. റമദാന് ശേഷം വഖഫ് സംരക്ഷണ സമരം കൂടുതൽ ശക്തമാക്കും. സമരം പ്രഖ്യാപിച്ചപ്പോൾ സർക്കാർ മത സംഘടനകളെ ചർച്ചയ്ക്ക് വിളിച്ചു. അതും ഒരു മാസത്തിനു ശേഷം. ഇത് ലീഗിന്റെ വിജയമാണ്. പണ്ഡിതൻമാർക്ക് കൊടുത്ത ഉറപ്പ് മുഖ്യമന്ത്രി അഞ്ച് മാസമായിട്ടും പാലിച്ചിട്ടില്ല. ഒരു ചർച്ചയ്ക്ക് ഇത്രയും നീട്ടി സമയം കൊടുക്കുമോ എന്നും അദ്ദേഹം ചോദിച്ചു. മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എച്ച് അബ്ദുസ്സലാം ഹാജി അധ്യക്ഷത വഹിച്ചു. ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി, ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, ദേശീയ സീനിയർ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, ഉന്നതാധികാര സമിതി അംഗവും നിയമസഭാ പാർട്ടി സെക്രട്ടറിയുമായ കെ.പി.എ മജീദ്, ഉന്നതാധികാര സമിതി അംഗം വി.കെ ഇബ്രാഹിം കുഞ്ഞ്, സംസ്ഥാന സെക്രട്ടറി ടി.എം സലീം, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് എന്നിവർ പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാൻ കല്ലായി ഖിറാഅത്ത് നടത്തി. സംസ്ഥാന സെക്രട്ടറി ബീമാപ്പള്ളി റഷീദ് നന്ദി പറഞ്ഞു. സംസ്ഥാന ഭാരവാഹികളും എം.എൽ.എമാരും സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളും പോഷക സംഘടനാ ഭാരവാഹികളും സംബന്ധിച്ചു.

Leave a Reply