വഖഫ് സംരക്ഷണം: മുസ്ലിംലീഗ് പ്രതിഷേധ സംഗമം തിരുവനന്തപുരത്ത്.

കോഴിക്കോട്: വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മുസ്ലിംലീഗ് പ്രഖ്യാപിച്ച പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി നാളെ (2022 മാർച്ച് 17 വ്യാഴം) തിരുവനന്തപുരത്ത് പ്രതിഷേധ സംഗമം സംഘടിപ്പിക്കും. രാവിലെ 11 മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിലാണ് പ്രതിഷേധം. നേരത്തെ നിശ്ചയിച്ച നിയമസഭാ മാർച്ച് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗാനന്തര സാഹചര്യം കണക്കിലെടുത്ത് പ്രതിഷേധ സംഗമമാക്കി മാറ്റുകയായിരുന്നു. മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളും ജില്ലാ ഭാരവാഹികളും പോഷക സംഘടനകളുടെ സംസ്ഥാന ഭാരവാഹികളുമാണ് പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കുക.

വഖഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാനുള്ള നീക്കവുമായി സർക്കാർ മുന്നോട്ടു പോകുന്ന സാഹചര്യത്തിൽ പ്രതിഷേധ പരപാടികൾ ശക്തിപ്പെടുത്താനാണ് മുസ്ലിംലീഗ് തീരുമാനം. സർക്കാർ തീരുമാനം തിരുത്തുന്നത് വരെ സമരം തുടരുമെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു. കോഴിക്കോട് കടപ്പുറത്ത് വഖഫ് സംരക്ഷണ മഹാറാലി സംഘടിപ്പിച്ചാണ് മുസ്ലിംലീഗ് സമര പരിപാടികൾക്ക് തുടക്കമിട്ടത്. പഞ്ചായത്ത്, മുനിസിപ്പൽ, മേഖലാ തലങ്ങളിലെ പ്രതിഷേധ സംഗമങ്ങളായിരുന്നു പ്രക്ഷോഭ പരിപാടികളുടെ രണ്ടാം ഘട്ടം. ശക്തമായ പ്രതിഷേധമുയർന്നപ്പോൾ തൽക്കാലം തീരുമാനം നടപ്പാക്കില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിയും സർക്കാരും വീണ്ടും നിയമന നടപടികളുമായി മുന്നോട്ട് പോവുകയാണ്. നീതിരഹിതമായ ഈ നിലപാടിനെതിരെ നിയമം പിൻവലിക്കുന്നത് വരെ സമര പരിപാടികൾ തുടരാനാണ് മുസ്ലിംലീഗ് തീരുമാനം.

Leave a Reply