നേതൃനിരയിൽ സൗമ്യസാന്നിധ്യമായി സാദിഖലി ശിഹാബ് തങ്ങൾ.

പാണക്കാട് കൊടപ്പനക്കൽ തറവാട്ടിൽ വിരിഞ്ഞ നിത്യവസന്തം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ; പിതാവ് പാണക്കാട് പി എം എസ് എ പൂക്കോയതങ്ങളിൽ നിന്നും, ജ്യേഷ്ഠസഹോദരന്മാരായ മർഹൂം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളിൽ നിന്നും, മർഹൂം ഉമറലി ശിഹാബ് തങ്ങളിൽ നിന്നും, മർഹൂം സയ്യിദ് ഹൈദരലി തങ്ങളിൽ നിന്നും ആത്മീയതയുടെ സുഗന്ധവും നേതൃ ഗുണപാഠങ്ങളും വേണ്ടുവോളം സ്വായത്തമാക്കാൻ സൗഭാഗ്യം സിദ്ധിച്ച വ്യക്തിത്വം…
തന്റെ മുന്നിലെത്തുന്ന ഏതുവിഷയങ്ങളിലും അതിന്റെ മർമ്മം മനസ്സിലാക്കി മുഴുവൻ പഴുതുകളും അടച്ച് പക്വതയോടെ തീരുമാനമെടുക്കാനുള്ള അസാമാന്യകഴിവിനാൽ നാഥൻ അനുഗ്രഹിച്ച ജനനേതാവ്.
പ്രതിസന്ധികളുടെ കാറ്റുംകോളും നിറഞ്ഞ, ആഞ്ഞടിക്കുന്ന കൊടുങ്കാറ്റുകൾക്കും അലറിയടിക്കുന്ന തിരമാലകൾക്കും മുന്നിൽ പതറാതെ ഉറച്ചുനിൽക്കുന്ന മനസ്സിന്റെ ഉടമ, ധാർമ്മികജീവിതത്തിൽ എന്നും ഒരുപടിമുന്നിൽ നിൽക്കുന്ന ചിട്ടയായ ജീവിതം കൈമുതലാക്കിയ ആത്മീയഗുരു, ആർക്കും എപ്പോഴും മനസ്സുതുറന്ന് ചിന്തകളും സങ്കടങ്ങളും ആവലാതികളും പങ്കുവെക്കാൻ പറ്റിയ വിശാലമായ മനസ്സിന്റെ ഉടമ. ആശയങ്ങളുടെ ഗാംഭീര്യം കൊണ്ടും, ഭാഷയുടെ പ്രാവീണ്യം കൊണ്ടും, ശൈലിയുടെ മാസ്മരികത കൊണ്ടും ആകർഷണീയമായി പ്രഭാഷണം നടത്താനും എഴുതാനും വേറിട്ട പ്രാഗൽഭ്യമുള്ള പ്രതിഭ. സത്യവും ശരിയും പറയേണ്ടത് പറയേണ്ടിടത്ത് മുഖം നോക്കാതെ പറയുകയും പറഞ്ഞതിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്ന സ്വഭാവത്തിന്റെ ഉടമ. മതേതരത്വം എന്നും കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുകയും അതിനുവേണ്ടി എവിടെയും ഓടിനടക്കുകയും ഏതറ്റം വരെ പോവുകയും ചെയ്യുന്ന കർമ്മയോഗി.
നീണ്ട മുപ്പത്തിഏഴ് വർഷത്തെ ആത്മബന്ധത്തിലൂടെ ഞാൻ പഠിച്ചെടുത്ത സാദിഖലി ശിഹാബ് തങ്ങൾ ഇങ്ങനെയൊക്കെയാണ്.

1985 ൽ ഈയുള്ളവൻ ജാമിഅയിൽ പഠിക്കുന്ന കാലത്ത് ഒന്നിച്ചൊരു പ്രോഗ്രാമിൽ പങ്കെടുത്തത് മുതൽ തുടങ്ങിയ ബന്ധം പിന്നീട് skssf ന്റെ അമരത്തേക്ക് സാദിഖലി ശിഹാബ് തങ്ങൾ വന്നതോടെ ഒന്നിച്ചുപ്രവർത്തിക്കാനുള്ള സൗഭാഗ്യംവന്നു . വർഷങ്ങൾക്കുമുമ്പ് ദർശന ചാനലിന്റെ പിറവിയോടെ ഞങ്ങൾക്കിടയിലെ ബന്ധം കൂടുതൽ ദൃഢമായി. ഒന്നിച്ചുള്ള വിദേശ യാത്രകളും ആഴ്ചയിൽ ഒന്നിലേറെ തവണ ഒരുമിച്ചുകാണുന്ന സമയങ്ങളും ഉൾപ്പടെ ഒരുമിച്ച് ഒന്നായി ചേർന്ന കടന്നുപോയ നാളുകളിൽ നിന്നും സാദിഖലി ശിഹാബ് തങ്ങളെ നന്നായി അടുത്തറിയാനായി.

മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഈ മുഹൂർത്തത്തിൽ ഏറെ അഭിമാനം തോന്നുന്നു. ജീവനുതുല്യം ഞാൻ സ്നേഹിച്ചിരുന്ന എന്റെ എല്ലാമെല്ലാം ആയിരുന്ന ആത്മീയ നായകൻ മർഹൂം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിടപറച്ചിലിൽ മനസ്സ് നൊമ്പരപ്പെടുന്ന ഈ സമയത്ത് ആ ആത്മീയഗുരു കടന്നുപോയ വഴികളിലൂടെ ആ നായകൻ കൈവെച്ച മേഖലകളിൽ നിത്യഹരിത ശോഭപരത്തി മുന്നേറാൻ അല്ലാഹു സാദിഖലി ശിഹാബ് തങ്ങൾക്ക് ആയുരാരോഗ്യവും തൗഫീഖും പ്രധാനം ചെയ്യട്ടെ എന്ന പ്രാർത്ഥനയോടെ….

സിദ്ദീഖ് ഫൈസി
വാളക്കുളം

Leave a Reply