ആ മന്ദഹാസം ഇനി നിത്യ ശാന്തിയിലേക്ക്.

പാണക്കാട്: മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷനുമായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഖബറടക്കം ഇന്ന് പുലര്‍ച്ചെ രണ്ടര മണിയോടെ പാണക്കാട് ജുമാ മസ്ജിദ് പരിസരത്ത് സഹോദരൻമാരായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവരുടെ ചാരത്ത് തയ്യാറാക്കിയ ഖബറിൽ മറമാടി. മുതിര്‍ന്ന മുസ്ലീംലീഗ് നേതാക്കളും മതനേതാക്കളും കുടുംബാഗങ്ങളും ഖബറടക്കത്തില്‍ പങ്കെടുത്തു, സംസ്ഥാന സര്‍ക്കാറിന്‍റെ ഔദ്യോഗിക ബഹുമതികളോടെയാണ് ഖബറടക്കം നടന്നത്.

നേരത്തെ വന്‍ ജനതിരക്ക് കാരണം മലപ്പുറം ടൗണ്‍ഹാളിലെ പൊതുദര്‍ശനം ഇന്ന് പുലർച്ചേ 12:15 ഓടെ അവസാനിപ്പിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഖബറടക്കം എന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് പൊതു ദർശനം അവസാനിപ്പിച്ച് ഒരു മയ്യത്ത് നിസ്കാരം മാത്രം നടത്തി മയ്യിത്ത് പാണക്കാട്ടേക്ക് കൊണ്ടുപോവുകയാണെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രഖ്യാപിക്കുകയായിരുന്നു. പാണക്കാട്ടേക്കുള്ള മുഴുവൻ വഴികളും പോലീസ് അടച്ചതിന് ശേഷം നിശ്ചിത ആളുകളുടെ സാനിധ്യത്തിൽ പാണക്കാട് കൊടപ്പനക്കൽ തറവാട്ടില്‍ എത്തിച്ചാണ് ഖബറടക്ക ചടങ്ങുകൾക്ക് തയ്യാറാക്കിയത്. മയ്യിത്ത് ഏറെനേരം വയ്ക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് ഇത്തരം തീരുമാനങ്ങൾ ഉണ്ടായതെന്നും കുടുംബാഗങ്ങൾ വ്യക്തമാക്കി. പാണക്കാട്ട് വെച്ച് നടന്ന അവസാനവട്ട മയ്യിത്ത് നിസ്ക്കാരങ്ങൾക്ക് സാദിഖലി ശിഹാബ് തങ്ങളും മുഈനലി ശിഹാബ് തങ്ങളും നേതൃത്വം നൽകി. എങ്കിലും അവസാന നിമിഷത്തില്‍ എത്തിയ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യവും അനിയന്ത്രിതമായ ജനത്തിരക്കും കാരണം ഒരു മണിക്ക് നിശ്ചയിച്ച ഖബറടക്കം പുലർച്ചേ 2:30 ഓടെയാണ് നടന്നത്.

അതേ സമയം പ്രമുഖരടക്കം ആയിരങ്ങൾ മലപ്പുറം ടൌൺ ഹാളിൽ പാണക്കാട് തങ്ങള്‍ക്ക് അന്തോപചാരം അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കാന്തപുരം അബൂബക്കർ മുസ്‌ലിയാർ, മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്മാൻ, എ.കെ ശശീന്ദ്രൻ മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് അടക്കമുള്ള പ്രമുഖരെത്തി അന്ത്യോപചാരം അർപ്പിച്ചു.

മുസ്ലീം ലീഗ് പ്രവർത്തകരടക്കം ആയിരക്കണക്കിന് പേരാണ് കിലോമീറ്ററുകളോളം ക്യൂവിൽ നിന്ന് ഹൈദരലി തങ്ങൾക്ക് അന്തിമോപചാരം അർപ്പിച്ചത്. ടൗൺ ഹാളിനുള്ളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തിക്കിലും തിരക്കിലും ഒരാൾ കുഴഞ്ഞുവീണു.

അങ്കമാലിയിലെ ആശുപത്രിയിൽ നിന്നും ആദ്യം പാണക്കാട് വസതിയിലേക്കാണ് മയ്യിത്ത് ആദ്യം എത്തിച്ചത്. കുടുംബാഗംങ്ങൾക്ക് മാത്രമാണ് ഇവിടെ ആദരമർപ്പിക്കാൻ സജ്ജീകരണമൊരുക്കിയിരുന്നത്. അതിന് ശേഷമാണ് ടൌൺഹാളിലേക്ക് എത്തിച്ചത്. അർബുദ ബാധിതനായി എറണാകുളം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിടവാങ്ങൽ അപ്രതീക്ഷിതമായിരുന്നു.

2009 ൽ ജ്യേഷ്ഠൻ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അപ്രതീക്ഷിതമായ മരണത്തെത്തുട‍ർന്നാണ് ഹൈദരാലി തങ്ങൾ മുസ്ലിം ലീഗിന്റെ അധ്യക്ഷനായത്. അതിന് മുമ്പ് 19 വർഷം പാർട്ടിയുടെ മലപ്പുറം ജില്ലാ പ്രസിഡണ്ടായിരുന്നു അദ്ദേഹം. നൂറ് കണക്കിന് പേ‍ർ ആത്മീയ ഉപദേശങ്ങൾ തേടി ദിവസവും പാണക്കാട്ടെത്തിയിരുന്നു. അവരെയൊക്കെ പ്രാർത്ഥനയാലും സ്നേഹത്താലും ചേർത്ത് നിർത്തിയ വ്യക്തിത്വമായിരുന്നു അദ്ദേഹം.

നി‍ർധനർ കൈ നിറയെ സഹായവുമായാണ് പാണക്കാട്ട് നിന്നും തിരിച്ച് പോയത്. അധികാരത്തിന്റെ വെള്ളിവെളിച്ചത്തിൽ നിന്നും എപ്പോഴും മാറി നടന്ന വ്യക്തിയായിരുന്നു തങ്ങൾ. പാർട്ടിയിലെ വലിയ തർക്കങ്ങൾക്കിടയിൽ ചെറിയ ചിരിയോടെ നിന്ന് തീരുമാനങ്ങളെടുത്ത അദ്ദേഹം 12 വർഷം കേരളത്തിലെ ലീഗിനെ നയിച്ചത് ആറ്റിക്കുറുക്കിയ വാക്കുകളിലെ പുഞ്ചിരിയോടെയായിരുന്നു.

Leave a Reply