കമ്മ്യൂണിസം വിലക്കപ്പെട്ട കനി: സാദിഖലി തങ്ങൾ

കോഴിക്കോട്: കമ്മ്യൂണിസം മതവിശ്വാസിക്ക് വിലക്കപ്പെട്ട കനിയാണെന്ന് മുസ്്ലിംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. സ്വർഗത്തിൽ എല്ലാ സ്വാതന്ത്ര്യവും അനുവദിക്കപ്പെട്ടപ്പോഴും പ്രത്യേക മരത്തിലെ പഴം ഭക്ഷിക്കരുതെന്നാണ് ആദമിനോടും ഹവ്വയോടും ദൈവം കൽപ്പിച്ചത്. സ്വതന്ത്രമായി ജീവിക്കുമ്പോൾ തന്നെ ചില വിധിവിലക്കുകൾ അനുസരിക്കുക എന്ന ചട്ടക്കൂടാണ് മതം മുന്നോട്ടു വെക്കുന്നത്. മാനവ സമൂഹത്തിനും പ്രകൃതിക്കും അനുഗുണമാകുന്നത് ഈ മാർഗം മാത്രമാണ്.

മുസ്്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന സീതി സാഹിബ് പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച മതം, മാർക്‌സിസം, നാസ്തികത ഏകദിന പഠന സെഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു സാദിഖലി തങ്ങൾ. വിശ്വാസിയും അവിശ്വാസിയും തമ്മിലുള്ള സംഘർഷങ്ങൾ എക്കാലവും ഉണ്ടായിരുന്നു. സത്യാസത്യങ്ങൾ മാറ്റുരച്ച എത്രയോ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. വിശ്വാസം മുറുകെ പിടിച്ച് മുന്നോട്ടു പോയപ്പോൾ അസത്യത്തിന്റെ പക്ഷം മുട്ടുമടക്കിയതാണ് ചരിത്രം. വിശ്വാസികൾക്കിടയിൽ ഭിന്നത ഉടലെടുക്കുന്നത് ദൗർബല്യമല്ല. ആശയ സംവാദത്തിലൂടെ യോജിപ്പിന്റെ പൊതു ഇടം കണ്ടെത്താൻ കഴിയുമ്പോൾ ബലഹീനത സമന്വയത്തിലെത്തും. വിവിധ ചിന്താധാരകളുടെ പൊതു പ്ലാറ്റ്ഫോം എന്ന നിലക്കാണ് മുസ്്ലിംലീഗ് നിലകൊളളുന്നത്. ഇന്ത്യൻ ഭരണഘടനയും മതേതരത്വവും ഉയർത്തിപ്പിടിച്ച് പൊതു ശത്രുവിനെതിരെ ഐക്യപ്പെടുക എന്നതാണ് കാലം ആവശ്യപ്പെടുന്ന ദൗത്യമെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.

മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻചാർജ് പി.എം.എ സലാം സ്വാഗതം പറഞ്ഞു. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആമുഖ ഭാഷണം നടത്തി. മുസ്‌ലിംലീഗ് നിയമസഭാ പാർട്ടി ഉപനേതാവ് ഡോ. എം.കെ മുനീർ വിഷയം അവതരിപ്പിച്ചു. ഉന്നതാധികാര സമിതി അംഗം കെ.പി.എ മജീദ്, സംസ്ഥാന ഭാരവാഹികളായ അബ്ദുറഹ്‌മാൻ കല്ലായി, കെ.എസ് ഹംസ, കെ.എം ഷാജി, സി.എച്ച് റഷീദ്, സി.പി ചെറിയ മുഹമ്മദ്, പി.എം സാദിഖലി, എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് എന്നിവർ സംബന്ധിച്ചു. അബൂബക്കർ ഫൈസി മലയമ്മ, ഷാക്കിർ ഹുദവി ഒടമല, സുഹൈൽ വാഫി, ശിബിലി മുഹമ്മദ്, ഡോ. അബ്ദുല്ല ബാസിൽ സി.പി, സി.പി അബ്ദുസ്സമദ്, അജ്നാസ് വാഫി വൈത്തിരി, മുജീബ് കാടേരി, മുസ്തഫ പുളിക്കൽ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുത്തു. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് പഠന സെഷനിൽ സംബന്ധിച്ചത്.

Leave a Reply