വർഗീയ തീവ്രത നില പൊട്ടി ഒഴുകുന്ന അധഃപ്പതിച്ച രാഷ്ട്രമെന്ന് വൈകാതെ ഇന്ത്യ വിശേഷിപ്പിക്കപ്പെടും

ഏതു മതത്തിനും അവരുടെ മത ചിട്ടകളെ പിന്തുടരാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്. മതസാഹോദര്യങ്ങളും പരസ്പര സ്നേഹവും നിലനിർത്തുന്ന ഈ ഇന്ത്യാ രാജ്യത്ത് ഇന്ന് മത നിരക്ഷരത വർധിച്ചുവരികയാണ്. അറിവിന്റെ ആദ്യ ഗന്ധം പകര്‍ന്നു നല്‍കേണ്ട വിദ്യാലയങ്ങളും അറിവിന്റെ ഉറവിടമാകേണ്ട അധ്യാപകരും മതത്തിന്റെ പേരിൽ വിദ്യാർഥികളെ
മാറ്റി നിർത്തപ്പെടുന്നു.

തട്ടമിട്ടതിന്റെ പേരിൽ വിദ്യാലയത്തിന്റെ പടി ചവിട്ടരുതെന്ന് ഒരു അധ്യാപകൻ വിദ്യാർത്ഥിനിയോട് പറയുമ്പോൾ അവിടെ ഒരു വിദ്യാർത്ഥിനി മാത്രമല്ല പിന്നോട്ട് വലിയുന്നത് മറിച്ച് ഏതു വസ്ത്രം ധരിക്കണമെന്ന അവളുടെ വ്യക്തിസ്വാതന്ത്ര്യം,
അതിനെല്ലാം പുറമേ അവളുടെ മതം കൂടിയാണ് തിരസ്കരിക്കപ്പെടുന്നത്.

ഹിജാബ് എന്നത് അവളുടെ അടയാളമാണ് അത് നീക്കം ചെയ്യാനായി പറയാൻ ആർക്കാണ് അവകാശം ഉള്ളത് ?? .
നല്ല സൗഹൃദങ്ങളും ജീവിതത്തിലെ ഏറ്റവും നല്ല കലാലയ നിമിഷങ്ങളും ആസ്വാദിക്കേണ്ട കാലത്ത്, മത ത്തിന്റെ പേര്‌ പറഞ്ഞ്‌ പരസ്പ്പരം വര്‍ഗീയത വളര്‍ത്തുകയാണ് .

“ഹിജാബ് ധരിക്കണമെങ്കിൽ പാക്കിസ്ഥാനിലേക്ക് പോകൂ” എന്ന് പറയാൻ വരെ നമ്മുടെ രാജ്യം മാറിയിട്ടുണ്ടെങ്കിൽ അത്രയേറെ അധഃപതിച്ചു പോയിരിക്കുന്നു ഇന്ത്യ.

ഇന്ത്യൻ ഭരണഘടനയുടെ 25 (1) അനുഛേദം ഇഷ്ടമുള്ള മതം സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം പൗരൻമാർക്ക് നൽകുന്നുണ്ട് . സിഖുകാർക്ക് തലപ്പാവ് ധരിക്കാനും ഹൈന്ദവർക്ക് കുറിതൊടാനും ക്രൈസ്തവർക്ക് കുരിശു ധരിക്കാനും ഭരണഘടന നൽകുന്ന അതേ സ്വാതന്ത്ര്യം മുസ്ലിം സ്ത്രീക്ക് ഹിജാബ് ധരിക്കാനുമുണ്ട് .

ഒരു വിഭാഗം ഇന്ന് അലമുറയിടുന്നതും സമരം ചെയ്യുന്നതും ഹിജാബിനു വേണ്ടി മാത്രമല്ല മറിച്ച് അവകാശം നില നിര്‍ത്താനുള്ളതിനാണ്.
സ്വന്തം വസ്ത്രം തിരഞ്ഞെടുക്കാ നുള്ള വ്യക്തിയുടെ അവകാശം ഒരിക്കലും ചോദ്യം ചെയ്യപ്പെടാനുള്ളതല്ല.

മതത്തിന്റെ നിറം നോക്കി ജനങ്ങളെ ഇനിയും മാറ്റി നിർത്തുകയാണെങ്കിൽ ജനാധിപത്യ രാജ്യമെന്ന് പറഞ്ഞ് ഇനിയും ഇന്ത്യയെ വാഴ്ത്തി പറയേണ്ടി വരില്ല. വർഗീയ തീവ്രത നില പൊട്ടി ഒഴുകുന്ന അധഃപതിച്ച രാഷ്ട്രമെന്ന് വൈകാതെ ഇന്ത്യ വിശേഷിപ്പിക്കപ്പെടേണ്ടി വരും.

Leave a Reply