പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ കീഴിലുള്ള റോപ് വെ പൊളിച്ചുനീക്കാന്‍ തുടങ്ങി

അഞ്ചു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ പി.വി അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ റോപ് വെ പൊളിച്ചുനീക്കാന്‍ തുടങ്ങി. റസ്റ്റോറന്റിനുള്ള അനുമതിയുടെ മറവില്‍ ചീങ്കണ്ണിപ്പാലിയിലെ വിവാദതടയണക്ക് കുറുകെ എം.എല്‍.എയുടെ ഭാര്യാപിതാവ് സി.കെ അബ്ദുല്‍ലത്തീഫ് നിയമവിരുദ്ധമായി കെട്ടിയ റോപ് വെ രണ്ടുമാസത്തിനകം പൊളിച്ചുനീക്കണമെന്ന് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്‌സ്്മാന്‍ ജസ്റ്റിസ് പി.എസ് ഗോപിനാഥന്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പൊളിക്കല്‍ തുടങ്ങിയത്. പരാതിക്കാരനായ നിലമ്പൂര്‍ സ്വദേശി എം.പി വിനോദ് നടത്തിയ അഞ്ച് വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് റോപ് വെ പൊളിക്കുന്നത്.

1,47000 രൂപയുടെ ടെന്‍ഡര്‍ പ്രകാരമാണ് പൊളിക്കല്‍ ആരംഭിച്ചത്. നേരത്തെ രണ്ട് തവണ റോപ് വെ പൊളിക്കാന്‍ ഓംബുഡ്‌സ്മാന്‍ ഉത്തരവിട്ടെങ്കിലും സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് പഞ്ചായത്ത് നടപ്പാക്കിയിരുന്നില്ല. വീഴ്ചവരുത്തിയാല്‍ പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും പിഴ ഈടാക്കുമെന്ന് ഓംബുഡ്‌സ്മാന്‍ കര്‍ശന നിലപാടെടുത്തതോടെയാണ് റോപ് വെ പൊളിക്കാന്‍ പഞ്ചായത്ത് തയ്യാറായത്. റോപ് വെ പൊളിക്കാന്‍ പല തവണ പഞ്ചായത്ത് നോട്ടീസ് നല്‍കിയിട്ടും അബ്ദുല്‍ലത്തീഫ് തയ്യാറായിരുന്നില്ല. ഓംബുഡ്‌സ്മാന്‍ ഉത്തരവ് വന്നതോടെ പൊളിച്ചുനീക്കാന്‍ 15 ദിവസത്തെ സാവകാശം തേടി അബ്ദുല്‍ലത്തീഫ് പഞ്ചായത്തിന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ പഞ്ചായത്ത് ഈ ആവശ്യം തള്ളുകയായിരുന്നു.


ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ചീങ്കണ്ണിപ്പാലിയില്‍ വനത്തിലേക്കൊഴുകുന്ന കാട്ടരുവിക്ക് കുറുകെ പി.വി അന്‍വര്‍ കെട്ടിയ തടയണ പൊളിച്ചുനീക്കാന്‍ നേരത്തെ മലപ്പുറം കളക്ടര്‍ ഉത്തരവിട്ടിരുന്നു. ഇതോടെയാണ് തടയണയും റോപ് വെയും ഉള്‍പ്പെടുന്ന സ്ഥലം എം.എല്‍.എ ഭാര്യാ പിതാവിന്റെ പേരിലേക്ക് മാറ്റിയത്. തുടര്‍ന്ന് ഭാര്യാപിതാവ് സി.കെ അബ്ദുല്‍ലത്തീഫ് ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ നിന്നും റസ്റ്ററന്റ് കം ലോഡ്ജിങ് കെട്ടിടം പണിയാന്‍ പെര്‍മിറ്റ് നേടിയ ശേഷം തടയണക്ക് കുറുകെ നിയമവിരുദ്ധമായി റോപ് വേ നിര്‍മ്മിക്കുകയായിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി 2017 മെയ് 18ന് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് സെക്രട്ടറിക്ക് വിനോദ് പരാതി നല്‍കിയെങ്കിലും നിയമവിരുദ്ധമായി കെട്ടിയ റോപ് വേ പൊളിച്ചുനീക്കാന്‍ നടപടിയുണ്ടായില്ല. റോപ് വെ പണിയാന്‍ സൗകര്യം ചെയ്തുകൊടുത്ത പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടിയാവശ്യപ്പെട്ട് മലപ്പുറം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും പ്രയോജനമുണ്ടായില്ല. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി അന്നത്തെ തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീലിന് നല്‍കിയ പരാതിയിലും നടപടിയുണ്ടായില്ല. ഇതോടെയാണ് 2018ല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ഓംബുഡ്‌സ്മാനെ സമീപിച്ചത്.


ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കോഴിക്കോട് കളക്ടര്‍ അടച്ചുപൂട്ടിയ പി.വി അന്‍വര്‍ എം.എല്‍.എയുടെ കക്കാടംപൊയിലിലെ വിവാദ വാട്ടര്‍തീം പാര്‍ക്കില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയാണ് ചീങ്കണ്ണിപ്പാലിയിലെ തടയണയും തടയണക്ക് കുറുകെ മൂന്നു മലകളെ ബന്ധിപ്പിച്ച് പണിത റോപ് വെയും. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ചീങ്കണ്ണിപ്പാലിയിലെ തടയണ ഭാഗികമായി പൊളിച്ചുനീക്കിയതിന് പിന്നാലെ തടയണക്ക് കുറുകെയുള്ള റോപ് വെയും പൊളിക്കുന്നത് പി.വി അന്‍വര്‍ എം.എല്‍.എക്ക് കനത്ത തിരിച്ചടിയാവുകയാണ്.

Leave a Reply