വധ ഗൂഢാലോചനാ കേസിൽ ദിലീപിന് മുൻകൂർ ജാമ്യം

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും മുൻകൂ‍ർ ജാമ്യാപേക്ഷയിൽ വിധി പ്രഖ്യാപിച്ച് ഹൈക്കോടതി. ജസ്റ്റീസ് പി ഗോപിനാഥിന്‍റെ ബെഞ്ച് ആണ് വിധി പ്രഖ്യാപിച്ചത്. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം പൂർത്തിയാക്കിയ കോടതി ദിലീപിന് മുൻകൂർ ജാമ്യം നൽകുകയായിരുന്നു. ദിലീപിനെ അറസ്റ്റ് ചെയ്യാൻ കാത്തിരുന്ന അന്വേഷണ സംഘത്തിന് തിരിച്ചടി ആയിരിക്കുകയാണ് ഈ വിധി.

ദിലീപിന് പിന്നാലെ കൂട്ടുപ്രതികൾക്കും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കെട്ടിച്ചമച്ച ആരോപണങ്ങളെന്ന് വ്യക്തമാക്കി ദിലീപ് നൽകിയ മറുപടി പരിഗണിച്ചാണ് കോടതിയുടെ നടപടി. ദിലീപിന്‍റെ വാദങ്ങളെ മുഖവിലക്കെടുത്താണ് കോടതി വിധിപ്രസ്താവം നടത്തിയത്. പ്രോസിക്യൂഷന്‍ ഉന്നയിച്ച ആരോപണങ്ങളെല്ലാം പച്ചക്കളളമെന്നാണ് പ്രതികൾ കോടതിയില് മറുപടി വാദം എഴുതി നൽകിയിരുന്നത്.

കേസിൽ മുൻകൂർ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച വാദം പൂർത്തിയായിരുന്നു. സാക്ഷി എന്ന നിലയിൽ ബാലചന്ദ്രകുമാറിൻ്റെ വിശ്വാസ്യതയിൽ യാതൊരു സംശയവും വേണ്ടെന്നും തൻ്റെ മൊഴികളെ സാധൂകരിക്കുന്ന ഓഡിയോ ക്ലിപ്പുകൾ ബാലചന്ദ്രകുമാർ ഹാജരാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബൈജു പൌലോസിൻ്റെ ഗൂഢാലോചനയാണ് ഈ കേസെന്ന് പ്രതിഭാഗം വാദം തള്ളിക്കൊണ്ട് കേസിലെ പരാതിക്കാരൻ മാത്രമാണ് ബൈജു പൌലോസെന്നും അല്ലാതെ അയാൾ അന്വേഷണസംഘത്തിൽ ഇല്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.

നടിയെ ആക്രമിച്ച കേസിൽ പരാജയപ്പെടുന്നുവെന്ന് ബോധ്യപ്പെട്ടതോടെ പ്രോസിക്യൂഷൻ കെട്ടിചമച്ചതാണ് ഈ കേസെന്നും ബാലചന്ദ്രകുമാർ കള്ളസാക്ഷിയാണെന്നും പ്രതിഭാഗം വാദിച്ചു. ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ച് പരിഗണിക്കും.

Leave a Reply