നാദങ്ങൾ ഓർമയാക്കി പറന്നകന്ന വാനമ്പാടി

1929 സെപ്റ്റംബർ 28 ന് മധ്യപ്രദേശിലെ ഇൻഡോറിൽ പിറന്നുവീണത് ഇന്ത്യയിലെ പകരം വെക്കാനില്ലാത്ത അവിസ്മരണീയമായ സംഗീത മധുരവും ലതാ മങ്കേഷ്കർ എന്ന ലോക ഗായികയുമാണ് .
അതെ ,അൻപതുകളിലെ നര്‍ഗീസിനു മാത്രമല്ല തൊണ്ണൂറുകളിലെ കാജോളിനും നൽകാൻ ലതാ മങ്കേഷ്കറിന്റെതല്ലാതെ ലോകത്ത് മറ്റൊരു ശബ്ദം ഉണ്ടായിരുന്നില്ല.

തനിക്ക് ലഭിച്ചിട്ടുള്ള എല്ലാ അംഗീകാരത്തിനും തുടക്കം കുറിക്കുന്നതും സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചിരുന്നതും അച്ഛൻ ദിനനാഥ് മങ്കേഷ്കറിൽ നിന്നുമാണ് . അച്ഛന്റെ മരണ ശേഷം കുടുംബം പോറ്റാന്‍ വേണ്ടിയാണ് ലത സിനിമയി ലേക്ക് കടന്നു വരുന്നത്.പിന്നീട് സിനിമാ സംഗീതത്തിലൂടെയായി ലതയുടെ പാത.

1942 ല്‍ ‘കിടി ഹസാല്‍’ എന്ന മറാത്തി ചിത്രത്തില്‍ ‘നാചു യാ ഗാഥേ’, ‘ഖേലു നാ മണി ഹാസ് ബാരി’ എന്ന ഗാനമാണ് ആദ്യമായി ആലപിച്ചത്. ഇതിനകം 36-ലേറെ ഭാഷകളിലായി നാല്‍പതിനായിരത്തിലേറെ സിനിമാഗാനങ്ങള്‍ ആലപിച്ചു. ലോകത്തിലേറ്റവും കൂടുതല്‍ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടവരുടെ കൂട്ടത്തില്‍ ലത മങ്കേഷ്‌കറിനും സ്ഥാനമുണ്ട്. 8 പതിറ്റാണ്ടുകളായി സംഗീതലോകത്തുണ്ടായിരുന്നു ഇതിഹാസ ഗായിക ലത മങ്കേഷ്കര്‍. ബോളിവുഡിൽ മാത്രം ആയിരത്തോളം സിനിമകളിൽ പാടിയിട്ടുണ്ട്.

ലത മങ്കേഷ്‌കറിന്‍റെ ആദ്യനാമം ഹേമ എന്നായിരുന്നു . പിന്നീട് പേരു ലത എന്നാക്കുകയായിരുന്നു. മലയാളത്തിൽ ഒരേ ഒരു ഗാനം മാത്രമാണ് ലത ആലപിച്ചിട്ടുള്ളത്. ‘നെല്ല്’ എന്ന ചിത്രത്തിലെ ‘കദളി ചെങ്കദളി ചെങ്കദളി പൂ വേണോ..’ എന്ന് തുടങ്ങുന്ന ഗാനം ലത മങ്കേഷ്കര്‍ ആലപിച്ചതാണ്.

വികാരത്തിന്റെ ഓരോ അണുവുമുണ്ടായിരുന്നു തന്റെ നാദങ്ങളിൽ. കേൾവിക്കാരന്റെ മനം നിറക്കുന്നതായിരുന്നു തന്റെ ശബ്ദവും മധുരഗാനങ്ങളും. പ്രണയത്തിൻറെ മൃദുലവും തീവ്രതയും വിരഹവും എല്ലാം തന്റെ ശബ്ദഗാനങ്ങളിലൂടെ തലമുറകളിൽ നിന്നും തലമുറകളിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു.

പത്മഭൂഷണ്‍(1969), പത്മവിഭൂഷണ്‍(1999), ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്(1989), ഭാരതരത്‌ന(2001), മൂന്ന് നാഷനല്‍ ഫിലിം അവാര്‍ഡുകള്‍, 12 ബംഗാള്‍ ഫിലിം ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ അവാര്‍ഡുകള്‍ തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലതാജി നേടിയിട്ടുണ്ട്.

എത്ര കേട്ടാലും മതിവരാത്ത സംഗീതലോകത്തെ എക്കാലവും അലയടിക്കുന്ന ശബ്ദത്തിന്റെ ഉടമ ലതാ മങ്കേഷ്കർ ഇന്ന് 70 വർഷം നീണ്ട സംഗീതസപര്യ പൂർത്തിയാക്കി നാദങ്ങളില്ലാത്ത ലോകത്തേക്ക് യാത്രയായിരിക്കുന്നു…..

Leave a Reply