ശബ്ദമാകേണ്ടവരുടെ വാ മൂടിക്കെട്ടി, നിശബ്ദമാകുന്ന ഭരണകൂടം

സ്വതന്ത്ര ഭാരതമെന്നും സ്വതന്ത്ര ജനാധിപത്യമെന്നും വാ തോരാതെ പറയുന്ന ഈ ഭാരതത്തിലെ യാഥാര്‍ത്ഥ സ്വതന്ത്രം എന്തെന്നും അതിന്റെ പൊരുള്‍ എന്തെന്നും വിലയിരുത്തേണ്ടിയിരിക്കുന്നു.

വാ മൂടിക്കെട്ടി ,യാഥാര്‍ത്ഥ്യങ്ങള്‍ തുറന്നടിക്കുന്നവര്‍ക്ക് നേരെ തിരിയുന്നതാണോ സ്വാതന്ത്ര്യം. ജനങ്ങൾക്ക് ദിനേന ലോകത്തിന്റെ മുക്കിലും മൂലയിലും നടക്കുന്ന ഓരോ കാര്യങ്ങളും അതിൻറെ വാർത്താ മൂല്യം ചോർന്നുപോകാതെ വാർത്തകൾ എത്തിക്കുന്നത് മാധ്യമങ്ങളാണ്.

അതുകൊണ്ടു തന്നെ ഭരണഘടനയിൽ അത്രയേറെ പ്രാധാന്യത്തോടെ നാലാം നെടുംതൂണായി മാധ്യമത്തെ വിശേഷിപ്പിക്കുന്നതും. എന്നാൽ അതിനെയെല്ലാം ഇല്ലായ്മ ചെയ്യുന്ന പോലെയായിരുന്നു ,കഴിഞ്ഞദിവസം പ്രമുഖ ചാനലായ മീഡിയ വണ്ണിന് നേരെ കേന്ദ്രസർക്കാരിന്റെ നടപടി. വ്യക്തമായ കാരണങ്ങൾ ഇല്ലാതെയാണ് ഒരു ചാനലിനെതിരെ നടപടി എടുത്തിരിക്കുതെന്ന് ഓര്‍ക്കണം.

മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാർത്തകളും ദൃശ്യങ്ങളും ഭരണകൂടത്തെ കുറിച്ചും അധികാരങ്ങളെ കുറിച്ചും തെറ്റായിട്ടോ അപകീർത്തിപ്പെടുത്തുന്ന രീതിയിലോ വാർത്തകൾ നൽകിയാൽ, അതിനെതിരെ കർശനമായി നടപടികളും മറ്റും കൈക്കൊള്ളാം.
എന്നാൽ ഒരു കാരണവും വ്യക്തമാക്കാതെ ഒരു ചാനലിന് നേരെ നടപടി എടുക്കാനും ചാനൽ സംപ്രേക്ഷണം നിർത്തിവെക്കാനും കേന്ദ്ര സർക്കാർ ഉത്തരവ് ഇട്ടിരിക്കുന്നു.

നൽകിയിരിക്കുന്ന നിയമങ്ങളും അതിന്റെ അതിർത്തികളും ലംഘിക്കാതെ വാർത്തകൾ സംപ്രേഷണം ചെയ്യുന്ന ചാനലുകൾക്ക് നേരെ കേന്ദ്രസർക്കാർ തിരഞ്ഞിട്ടുണ്ടെങ്കിൽ വാർത്തകൾ വെളിപ്പെടുത്തുമ്പോൾ അതിലുള്ള സത്യങ്ങൾ ആവാം അവരെ രോഷാകുലപെടുത്തുന്നത് .

മാധ്യമങ്ങൾ എന്നും ജനങ്ങൾക്കുവേണ്ടി വാർത്തകൾ എത്തിക്കുന്ന ഒരു തുറന്ന വഴിയാണ്.
ആ വഴി കൊട്ടിയടക്കപ്പെടുമ്പോള്‍ ജനങ്ങൾ ഒരിക്കലും മൗനയായിരിക്കില്ല .
സാധാരണക്കാരുടെ വോട്ടുകൾ വാങ്ങി അധികാരത്തിലേറിയ സർക്കാരിനെ കുറിച്ചും ഭരണകൂടത്തെ കുറിച്ചുമെല്ലാം അപകീർത്തി ഇല്ലാതെ, യാഥാർത്ഥ്യങ്ങളെ മറച്ചുവയ്ക്കാതെ വാർത്തകൾ നൽകാൻ ഏതൊരു വാർത്താ മാധ്യമത്തിനും സ്വാതന്ത്ര്യമുണ്ട് .

എന്നാൽ സ്വാതന്ത്ര്യം ശരിയായ രീതിയിൽ രുചിക്കാൻ മാധ്യമ പ്രവർത്തനത്തിനും പ്രവർത്തകർക്കും സാധിക്കുന്നുണ്ടോ എന്നത് വിലയിരുത്തേണ്ടത് തന്നെയാണ്. വാർത്തകളുടെ സത്യാവസ്ഥ അറിയാതെ ഒരിക്കലും മാധ്യമങ്ങള്‍ വാർത്തകൾ സംപ്രേഷണം ചെയ്യില്ല.

എന്നാൽ സത്യങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് വാർത്തകൾ നൽകുമ്പോൾ സത്യങ്ങൾ തുറന്നടിക്കുന്നവരെ നിശബ്ദരാക്കാൻ ശ്രമിക്കുകായും അതിനെ ചോദ്യം ചെയ്യുന്നവരെ ഇല്ലായ്മ ചെയ്യുകയുമാണിവിടെ.
ജനാധിപത്യത്തിന് ഇത്രയേറെ വിലകൽപ്പിക്കുന്ന ഇന്ത്യാ രാജ്യത്താണ് ഇതെല്ലാം നടക്കുന്നതെന്ന് ഓർക്കണം.
freedom of speech and expression എന്നത് വെറും ഒരു പ്രയോഗം മാത്രമായി മാറുന്ന കാലം അധികം വിദൂരമല്ല .

ഒരു കാര്യത്തെ അംഗീകരിക്കാനും വിമർശിക്കാനും നമുക്ക് സ്വാതന്ത്ര്യമുണ്ട് എന്നാൽ അതിനെ ഫാസിസ്റ്റ് വൽക്കരിക്കാന്‍ എന്തവകാശമാണുള്ളത്?,
ജാതിയുടെയും മതത്തെയും പേര് പറഞ്ഞ് മാറ്റി നിർത്തുന്നതാണോ ജനാധിപത്യം?.
ഇന്ത്യൻ ഭരണഘടനയും ആർട്ടിക്കിൾ 19 ഒക്കെ നോക്കുകുത്തി ആകുന്ന അവസ്ഥയാണ് രാജ്യമൊട്ടാകെ. സ്വന്തം രാജ്യത്തെ ജനങ്ങളെ ഉന്മൂലനം ചെയ്യുന്ന ഭരണകൂടം ,പ്രതികരിക്കാൻ സ്വാതന്ത്ര്യമില്ലാത്ത ജനങ്ങൾ ,സത്യം ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയാതെ മാധ്യമങ്ങൾ .

രാജ്യം 75ാം സ്വാതന്ത്ര ദിനത്തെ സ്വാതന്ത്രമായി ആഘോഷിക്കുന്നു എന്ന് കരുതുന്ന കാലത്ത് വാ മൂടിക്കെട്ടി, ശ്വാസം പുറത്തേക്ക് വിടാൻ പോലും കഴിയാതെ ഞെരുക്കി കളയുമ്പോഴും എങ്ങനെ പറയാൻ സാധിക്കും ഇതാണ് ജനാധിപത്യമെന്ന്.

Leave a Reply