സംവരണ അട്ടിമറിക്കെതിരെ മുസ്‌ലിംലീഗ്

കോഴിക്കോട്: വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ നിലവിലുള്ള സംവരണ ക്വാട്ട അട്ടിമറിക്കപ്പെടുന്ന രീതിയിലുള്ള സർക്കാർ നടപടികൾ സംവരണ സമുദായങ്ങൾക്ക് വലിയ നഷ്ടമുണ്ടാക്കുന്നതായി മുസ്‌ലിംലീഗ് സംസ്ഥാന ഭാരവാഹികളുടെ യോഗം വിലയിരുത്തി. പിന്നോക്ക വിഭാഗങ്ങൾക്ക് സംവരണ തോതിൽ വരുന്ന കുറവുകളെക്കുറിച്ച് വിശദമായി പഠിക്കുന്നതിനും ആവശ്യമായ പഠനത്തിനും ഡോ. എം.കെ മുനീറിനെ യോഗം ചുമതലപ്പെടുത്തി. പഠനത്തിന് ശേഷം ലഭിക്കുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ യോഗം തീരുമാനിച്ചു.

മന്ത്രിമാർക്ക് യഥേഷ്ടം അഴിമതി നടത്താൻ അവസരമൊരുക്കുന്ന ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ച സർക്കാർ നടപടിക്കെതിരെ യോഗം ശക്തമായി പ്രതിഷേധിച്ചു. ലോകായുക്ത വിധി സ്വീകരിക്കാനും തള്ളിക്കളയാനും മുഖ്യമന്ത്രിക്ക് അധികാരം നൽകുന്ന ഓർഡിനൻസ് അനുവദിക്കാനാവില്ലെന്നും ഇതിനെതിരെ യു.ഡി.എഫ് നടത്തുന്ന പ്രതിഷേധങ്ങൾക്ക് പിന്തുണ നൽകാനും തീരുമാനിച്ചു. സാമ്പത്തികമായും രാഷ്ട്രീയമായും രാജ്യത്തെ തകർക്കാനുള്ള കോർപ്പറേറ്റ് ഗൂഢാലോചനയുടെ ഉൽപ്പന്നമാണ് കേന്ദ്ര ബജറ്റെന്ന് യോഗം അഭിപ്രായപ്പെട്ടു. സംസ്ഥാനങ്ങളുടെ അധികാരങ്ങളെ ദുർബലപ്പെടുത്തുകയും സാധാരണക്കാരുടെ താൽപര്യങ്ങളെ ഹനിക്കുകയും ചെയ്ത ബജറ്റാണ് കേന്ദ്രം അവതരിപ്പിച്ചത്. കരിപ്പൂർ എയർപോർട്ടിന്റെ റൺവേയുടെ നീളം കുറയ്ക്കാനുള്ള നീക്കത്തിനെതിരെ യോഗം പ്രതിഷേധം രേഖപ്പെടുത്തി. കരിപ്പൂരിനെ തകർക്കാനുള്ള കേന്ദ്ര സർക്കാറിന്റെ ശ്രമത്തോടൊപ്പം കേരളവും കൂട്ടുനിൽക്കുകയാണ്. സർക്കാർ ഇതിൽനിന്ന് പിന്തിരിയുകയും എത്രയും വേഗം വലിയ വിമാനങ്ങൾക്ക് അനുമതി നൽകുകയും വേണം.- മുസ്‌ലിംലീഗ് ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു.

ജനവികാരം മാനിക്കാതെ കെ റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകുന്ന സർക്കാർ നിലപാടിൽ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കെ റെയിൽ വിരുദ്ധ പ്രക്ഷോഭത്തിൽ സജീവ പങ്കാളിത്തം വഹിക്കാനും തീരുമാനിച്ചു. ലീഗ് ഹൗസിൽ ചേർന്ന സംസ്ഥാന ഭാരവാഹി യോഗത്തിൽ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ചർച്ച ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഇൻചാർജ്ജ് പി.എം.എ സലാം സ്വാഗതം പറഞ്ഞു. ഉന്നതാധികാര സമിതി അംഗങ്ങളായ കെ.പി.എ മജീദ്, ഡോ. എം.കെ മുനീർ, വി.കെ ഇബ്രാഹിംകുഞ്ഞ്, സംസ്ഥാന ഭാരവാഹികളായ എം.സി മായിൻ ഹാജി, സി.പി ബാവ ഹാജി, അബ്ദുറഹ്‌മാൻ കല്ലായി, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, കെ.എസ് ഹംസ, അഡ്വ. എൻ. ഷംസുദ്ദീൻ, സി.എച്ച് റഷീദ്, ബീമാപ്പള്ളി റഷീദ്, അബ്ദുറഹ്‌മാൻ രണ്ടത്താണി, പി.എം സാദിഖലി, സി.പി ചെറിയ മുഹമ്മദ്, ശാഫി ചാലിയം എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ടി.എം സലീം നന്ദി പറഞ്ഞു.

Leave a Reply