ജീവനക്കാര്‍ക്കുവേണ്ടി രണ്ട് മെഡിക്കല്‍ സെന്‍ററുകള്‍ തുറന്ന് യൂണിയന്‍കോപ്

ദുബായ്: യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍കോപ്, പ്രൈം മെഡിക്കല്‍ സെന്‍ററുമായി സഹകരിച്ച് രണ്ട് പരിശോധനാകേന്ദ്രങ്ങള്‍ തുറന്നു. മുഹൈസ്‍നയിലെയും അല്‍ഖൂസിലെയും ജീവനക്കാരുടെ താമസ സ്ഥലങ്ങളിലാണ് എല്ലാത്തരം അസുഖങ്ങളും ചികിത്സിക്കാനാവശ്യമായ സജ്ജീകരണങ്ങളോടെയുള്ള ക്ലിനിക്കുകള്‍ പ്രവര്‍ത്തനം തുടങ്ങിയത്. സ്‍പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും നഴ്‍സുമാരും ടെക്നീഷ്യന്മാരും അടങ്ങുന്ന പരിചയ സമ്പന്നരായ ജീവനക്കാരുടെ മേല്‍നോട്ടത്തില്‍ ജീവനക്കാര്‍ക്ക് മെഡിക്കല്‍ സേവനങ്ങളും കണ്‍സള്‍ട്ടേഷനുകളും ഇവിടെ ലഭ്യമാവും.

യൂണിയന്‍കോപിലെ പുരുഷ ജീവനക്കാര്‍ക്കായുള്ള അല്‍ മുഹൈസ്‍നയിലെ താമസ സ്ഥലത്തും അല്‍ ഖൂസിലെ വനിതാ ജീവനക്കാരുടെ താമസ സ്ഥലത്തും പ്രൈം മെഡിക്കല്‍ സെന്‍ററുമായി സഹകരിച്ച് രണ്ട് മെഡിക്കല്‍ ക്ലിനിക്കുകള്‍ ആംരഭിച്ചതായി യൂണിയന്‍കോപ് മാനവ വിഭവശേഷി സ്വദേശിവത്കരണ വിഭാഗം ഡയറക്ടര്‍ അഹ്‍മദ് കെനൈദ് അല്‍ ഫലാസി പറഞ്ഞു. ജീവനക്കാര്‍ക്ക് അവരുടെ താമസ സ്ഥലങ്ങളില്‍ തന്നെ മെഡിക്കല്‍ സേവനങ്ങള്‍ എത്തിക്കാനും അവരെ മറ്റ് മെഡിക്കല്‍ സെന്‍ററുകളിലേക്ക് കൊണ്ടുപോകുമ്പോഴുള്ള സമയനഷ്‍ടവും പ്രയത്നവും കുറയ്‍ക്കാനും ലക്ഷ്യമിട്ട് യൂണിയന്‍കോപ് നടപ്പാക്കിയ പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു.

അല്‍ഖൂസിലും മുഹൈസ്‍നയിലുമുള്ള ജീവനക്കാരുടെ എല്ലാ താമസ സ്ഥലങ്ങളിലുള്ളവര്‍ക്കും ഉപയോഗപ്രദമായ രീതിയിലാണ് രണ്ട് ക്ലിനിക്കുകളും പ്രവര്‍ത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരെ ബാധിക്കുന്ന എല്ലാ അസുഖങ്ങള്‍ക്കും ഇവിടങ്ങളില്‍ ചികിത്സ ലഭ്യമാവും. ഒപ്പം അത്യാഹിത സാഹചര്യങ്ങളിലും സേവനം ഉറപ്പാക്കും. ജനറല്‍, ഇന്റേണല്‍ മെഡിസിന്‍ എന്നിവയ്‍ക്ക് പുറമെ മറ്റ് സ്‍പെഷ്യാലിറ്റികളിലും ചികിത്സ ലഭ്യമാവും. ആരോഗ്യ സേവനത്തിന് യൂണിയന്‍കോപ് നല്‍കുന്ന ഏറ്റവും വലിയ പ്രാധാന്യത്തിന്റെ കൂടി ഭാഗമായി ജീവനക്കാര്‍ക്ക് വേണ്ട ഏറ്റവും മികച്ച ആരോഗ്യ, രോഗപ്രതിരോധ ക്ലിനിക്കുകളായി ഇവ മാറുമെന്നും അദ്ദേഹം പറഞ്ഞു.

അന്താരാഷ്‍ട്ര മാനദണ്ഡങ്ങള്‍ പ്രകാരമുള്ള ചികിത്സ കൊണ്ടും രോഗപ്രതിരോധ സംവിധാനങ്ങള്‍ കൊണ്ടും ശ്രദ്ധേയരായ, ഏറ്റവും മികിച്ച ആരോഗ്യ സേവന ദായകരിലൊന്നാണ് പ്രൈം മെഡിക്കല്‍ സെന്ററെന്നും അദ്ദേഹം പറഞ്ഞു. പ്രൈം ഹെല്‍ത്തിന്റെ ഡിസൈന്‍ പ്രകാരം ആധുനിക സംവിധാനങ്ങള്‍ സജ്ജീകരിച്ച് ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് ആവശ്യമായ മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് യൂണിയന്‍കോപിന്‍റെ ക്ലിനിക്കുകളും ആരംഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്തെങ്കിലും ചികിത്സയോ അല്ലെങ്കില്‍ മെഡിക്കല്‍ നിര്‍ദേശങ്ങളോ ആവശ്യമാവുന്ന പക്ഷം എല്ലാ ജീവനക്കാരും ഈ രണ്ട് മെഡിക്കല്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Leave a Reply