അമിത ചാർജ് ഈടാക്കുന്ന നാട്ടിലെ വിമാനക്കമ്പനികൾക്കെതിരെ പരാതി യുമായി ‘കോഫ്’

ദമാം:ഇന്ത്യയിൽ നിന്നും രണ്ട് വാക്സിൻ സ്വീകരിച്ചവർക്ക് സൗദിയിലേക്ക് നേരിട്ട് യാത്ര ചെയ്യുവാനുള്ള സൗദി ഗവൺമെൻറിൻറെ യാത്ര അനുമതി ലഭിച്ചതോടെ നാട്ടിലെ വിമാന കമ്പനികളും ബന്ധപ്പെട്ട ഏജൻസികളും യാത്ര ടിക്കറ്റിലും അഞ്ച് ദിവസത്തെ ക്വാറൻന്റെയ്ൻ പാക്കേജിലും അമിത തുക ഈടാക്കി യാത്രക്കാരെ ചൂഷണം ചെയ്യുന്നതിനെതിരെ കൗഫ്. സൗദി- ഇന്ത്യ എയർ ബബിൾ കരാർ പ്രാബല്ല്യത്തിൽ വന്നെങ്കിലും ഇപ്പോഴും ഇന്ത്യയിൽ ഇൻറർനാഷനൽ ഷെഡ്യൂൾഡ് ഫ്ലെറ്റിന് വിലക്ക് ഫെബ്രവരി 15 വരെ നിലനിൽക്കുന്നു. എങ്കിലും എയർ ബബിൾ കരാർ പ്രകാരം നാട്ടിൽ നിന്നും ഓപറേഷൻ ആരംഭിച്ചു വരുന്നു എന്നാണ് ട്രാവൽ രംഗത്ത് ഉള്ളവർ അഭിപ്രായപെട്ടത്. പ്രവാസികളെ സീറ്റുകളുടെ ഡിമാൻറ് അനുസരിച്ച് ചൂഷണം ചെയ്യൽ ഇന്നോ ഇന്നലയൊ ആരംഭിച്ചതല്ല. ദശാബ്ദങ്ങളായി പ്രവാസികൾ ഇതിന് ഇരയാണ്. ഇവിടെ യാത്രക്കാർ നേരിടുന്ന പ്രശ്നം സീറ്റുകളുടെ ഡിമാൻറ് അനുസരിച്ച് ‘ഗ്രൂപ്പ് ഫെയർ ‘ ആയി ഭൂരിഭാഗം സീറ്റുകളും ഒന്നോ രണ്ടോ പ്രമുഖ ഏജൻസികൾ ബുക്ക് ചെയ്യുന്നതോടൊപ്പം അവർ നിശ്ചയിക്കുന്ന പ്രകാരം എഴുപതിനായിരവും എൺപതിനായിരവും നൽകിയാണ് ഒന്നും ഒന്നര വർഷവും നാട്ടിൽ അകപ്പെട്ട പ്രവാസികൾ സൗദിയിലേക്ക് യാത്ര തിരിക്കുവാൻ നിർബന്ധിതരാകുന്നത്. കൂടാതെ കുടുബസമേതം യാത്ര ചെയ്യുന്നവർ അതിഭീമമായ തുക തൽകേണ്ടിയും വരുന്നു. പലരും കടം വാങ്ങിയാണ് ടിക്കറ്റിനും കൊറന്റീനിന്നും പണം കണ്ടെത്തുന്നത്. ദമാമിൽ നിന്നും കേരളത്തിലേക്ക് ഡിമാൻറ് ഇല്ലാത്തതുകൊണ്ട് ഫെയറും തുച്ചം. എന്നാൽ തിരിച്ച് വരുമ്പോൾ ഡിമാന്റ് ഉള്ളത് കൊണ്ട് ഏജൻസികളുടെ ചൂഷണവും കൂടുന്നു. അവർക്ക് എയർ ബബ്ൾ കരാർ എന്നോ ഷെഡ്യൂൾഡ് ഫ്ലൈറ്റ്സ് എന്നോ ഒന്നും ബാധകമല്ല. നേരിട്ടുള്ള യാത്രയ്ക്ക് ( ക്വറൻറ്റെൻ ഇല്ലാതെ) മുപ്പത്തയ്യായിരം മുതൽ നാൽപ്പത്തയ്യായിരം വരെയും ചാർജ് ഈടാക്കുന്നു.

ഭീമമായ തുക നൽകിയും സൗദിയിൽ എത്തുന്ന പ്രവാസികൾക്ക് നിലവാരമില്ലാത്ത താമസ സൗകര്യവും ഭക്ഷണവുമാണ് ലഭിക്കുന്നതെന്നു നിരവധി പ്രവാസികൾ പരാതിപ്പെടുന്നു. നാട്ടിലെ ഈ വിമാന കമ്പനികളുടെയും ഏജന്റുമാരുടെയും ഭീമമായ ചാർജ് ഈടാക്കുന്നതിനെതിരെയും, അവർ ഈടാക്കുന്ന തുകക്കുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താത്തതിലും കേന്ദ്ര വ്യോമയാന വകുപ്പിലും , കേരള സർക്കാരിനും, പരാതി നൽകുമെന്ന് ദമാം കേന്ദ്രമായി പ്രവർത്തിക്കുന്ന കേലിക്കറ്റ് എയർ പോർട്ട് യൂസേർസ് ഫോറം (കോഫ്) ഭാരവാഹികൾ വ്യക്തമാക്കി.

സൗദിയിലെ ബന്ധപ്പെട്ട എയർലൈൻസ് ഓഫീസുകളിൽ നിന്നും ചില പ്രമുഖ ട്രാവൽ ഏജൻസികൾ മുഖേനയും നാട്ടിൽ നിന്നും തിരിച്ചു വരുന്ന ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും ക്വാറൻന്റെയ്നുള്ള ഹോട്ടൽ പാക്കേജും തിരഞ്ഞെടുക്കുന്നതിനും ഉള്ള സംവിധാനം സൗദിയിൽ നിലവിൽ ഉണ്ട്. ഹോട്ടലീന്റെ നിലവാരം അനുസരിച്ചുള്ള പണം നൽകുന്നതോടൊപ്പം ഹോട്ടൽ ഡീറ്റൈൽസും ലഭിക്കുന്നുണ്ട്.
എന്നാൽ നാട്ടിൽ അമിത ചാർജ് നൽകി അവിടെ നിന്നും ടിക്കറ്റ് എടുത്ത് വരുന്ന പ്രവാസികൾ ട്രാവൽ ഏജൻസികൾ എർപ്പെടുത്തുന്ന ഹോട്ടൽ സ്വീകരിക്കുവാൻ നിർബന്ധിതരാകുന്നു. അതിന് ഏജൻസികൾ പറയുന്നത് ബന്ധപ്പെട്ട എയർലൈനുകളാണ് ഹോട്ടൽ അപാർട്ട്മെൻറ് നൽകുന്നതെന്നും ഏജൻസികൾക്ക് അതിൽ യാതൊരു വിധ അധികാരവുമില്ല എന്നുമാണ് . നാട്ടിൽ ബുക്ക് ചെയ്താൽ 24 മണിക്കൂർ മുൻപാണ് ഹോട്ടലുകളുടെ വിവരങ്ങൾ നൽകുന്നത്. അവസാന നിമിഷം അതു സ്വീകരിക്കുകയല്ലാതെ
മറ്റു മാർഗങ്ങൾ യാത്രക്കാർക്ക് ഇല്ലാതാകുന്നു.
ഇത്തരത്തിലുള്ള ചതിയിൽ പെടാതിരിക്കാനുള്ള നിയമ നടപടികൾ സ്വീകരിക്കുന്നതിനു
അടിയന്തിരമായി ഈ വിഷയം ഇന്ത്യ ഗവൺമെൻറിന്റെ ശ്രദ്ധയിൽ കൊണ്ടു വരുമെന്നും കൗഫ് ഭാരവാഹികൾ അറിയിച്ചു. പ്രവാസികളോട് ഈടാക്കുന്ന തുകക്ക് അനുസരിച്ചുള്ള ഹോട്ടലും ഭക്ഷണവും ലഭിക്കുന്നതിന് വേണ്ടിയും അമിത ചാർജ് ഈടാക്കി ലാഭം കൊയ്യുന്നതിന് എതിരെയും നടപടികൾ ഉണ്ടാകണം. കഴിഞ്ഞ 2 വർഷത്തോളമായി കോവിഡ് 19 കാരണം ഭുരിപക്ഷം പ്രവാസികളും സാമ്പത്തീകമായ് തകർന്നിരിക്കുകയാണ്. അതോടൊപ്പം ഈ വിമാന കൊള്ള പ്രവാസികളെ കൂടുതൽ ദുരിതത്തിലാഴ്ത്തിയിരികയാണ് എന്ന വസ്തുത ഭരണാധികാരികൾ മറക്കരുത്.

കോഫിന്റെ കോർ കമ്മിറ്റി മീറ്റിങ്ങിൽ ചെയർമാൻ അഹമ്മദ് പുളിക്കൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ദർശന ടി വി അസിസ്റ്റന്റ് സി ഇ ഒ ആയി തിരഞ്ഞെടുക്കപ്പെട്ട ആലികുട്ടി ഒളവട്ടൂരിനെ കൗഫ് ഭാരവാഹികൾ അഭിനന്ദിച്ചു. ജമാൽ
വില്യാപ്പള്ളി, ഹബീബ് ഏലംകളം, ആലിക്കുട്ടി ഒളവട്ടൂർ, ഫിറോസ് ഹൈദർ , മുഹമ്മദ് നജാത്തി, റഫീക്ക് കുട്ടിലങ്ങാടി, മുജീബ് കളത്തിൽ,നാസർ അണ്ടോണ, അസ്‌ലം ഫറോക് തുടങിയവർ പങ്കെടുത്തു.

ജനറൽ കൺവീനർ ടി പി എം ഫസൽ സ്വാഗതവും റസ്സാക്ക് തെക്കേപ്പുറം നന്ദിയും പറഞ്ഞു. മാധ്യമ പ്രവർത്തകരായ സാജിദ് ആറാട്ടുപുഴ , സുബൈർ ഉദിനൂർ എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply