മുംബൈയിലെ മൽവാനിയിൽ നവീകരിച്ച സ്പോർട്സ് കോംപ്ലക്സിന് മൈസൂർ രാജാവായിരുന്ന ടിപ്പു സുൽത്താന്റെ പേര് നൽകുന്നുവെന്ന് പറഞ്ഞ് പ്രതിഷേധവുമായി ബിജെപി, ബജ്രംഗ്ദൾ പ്രവർത്തകർ.
മന്ത്രി അസ്ലം ഷെയ്ഖിന്റെ ധനസഹായത്തോടെ മൽവാനിയിൽ നവീകരിച്ച സ്പോർട്സ് കോംപ്ലക്സിന്റെ ഉദ്ഘാടനത്തിന് പിന്നാലെയാണ് പ്രതിഷേധം.
അതേസമയം, പാർക്കിന് ടിപ്പു സുൽത്താന്റെ പേര് നൽകാനുള്ള ഒരു നിർദ്ദേശത്തിനും ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അനുമതി നൽകിയിട്ടില്ലെന്ന് ശിവസേന നേതാവും മഹാരാഷ്ട്ര കാബിനറ്റ് മന്ത്രിയുമായ ആദിത്യ താക്കറെ പറഞ്ഞു.
മലാഡ് വെസ്റ്റിലെ മൽവാനിയിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ടിപ്പു സുൽത്താൻ ഗ്രൗണ്ട് എന്നാണ് അറിയപ്പെടുന്നത്.
മൽവാനി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കോൺഗ്രസ് നേതാവും സംസ്ഥാന കാബിനറ്റ് മന്ത്രിയുമായ അസ്ലം ഷെയ്ഖ് തന്റെ എംഎൽഎ വികസന ഫണ്ട് ഉപയോഗിച്ച് ഗ്രൗണ്ടിലെ നവീകരണ പ്രവർത്തനങ്ങൾക്കും സൗകര്യങ്ങളുടെ വിപുലീകരണത്തിനുമുള്ള പദ്ധതി ഏറ്റെടുത്തിരുന്നു. പദ്ധതിയുടെ ജോലികൾ പൂർത്തിയായതിനാൽ, ബുധനാഴ്ച അദ്ദേഹം സ്പോട്സ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ചിരുന്നു.