അതീവ ഗുരുതരാവസ്ഥയിൽ ജീവൻ നിലനിർത്താൻ 118 ദിവസം എക്‌മോയിൽ; ആറു മാസം ഐസിയു വാസം; ഒടുവിൽ മരണത്തെ കീഴടക്കി മലയാളി കോവിഡ് മുന്നണിപ്പോരാളി ജീവിതത്തിലേക്ക്

അബുദാബി: വൈദ്യശാസ്ത്രത്തെ അത്ഭുതപ്പെടുത്തി അരുണ്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു.കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ തുടക്കം മുതൽ അണിനിരന്ന 38 കാരനായ അരുൺ കുമാർ എം നായർ കോവിഡ് ബാധിച്ചതിനെ തുടർന്ന് ആറുമാസം നീണ്ട പോരാട്ടത്തിനൊടുവിലാണ് അബോധാവസ്ഥയിൽ നിന്ന് തിരിച്ചെത്തുന്നത്. അത്ഭുതകരമായ അതിജീവനത്തിന് പിന്നാലെ ആശുപത്രി മുറിയിൽ നിന്നിറങ്ങിയ അരുണിനെ സ്വീകരിക്കാനായി സഹപ്രവർത്തകർ വികാരഭരിതമായ വരവേൽപ്പ് നല്‍കി. സ്വന്തം ജീവൻ പോലും വകവയ്ക്കാതെ യുഎഇയ്ക്ക് വേണ്ടി നടത്തിയ സേവനത്തെയും പോരാട്ട വീര്യത്തെയും ആദരിച്ച് വിപിഎസ് ഹെൽത്ത് കെയർ അരുണിന് 50 ലക്ഷം രൂപ (2.50 ലക്ഷം ദിർഹം) ധനസഹായം പ്രഖ്യാപിച്ചു. ധീരനായ മുന്നണിപ്പോരാളിയുടെ തിരിച്ചുവരവ് ആഘോഷിക്കാനായി വ്യാഴാഴ്ച ബുർജീൽ ആശുപത്രിയിൽ സംഘടിപ്പിച്ച ചടങ്ങിൽ അരുണിന്‍റെ എമിറാത്തി സഹപ്രവർത്തകർ അദ്ദേഹത്തിന് ഈ സ്നേഹസമ്മാനം കൈമാറി. കേരളത്തിൽ ആരോഗ്യപ്രവർത്തകയായിരുന്ന അരുണിന്‍റെ ഭാര്യയ്ക്ക് ഗ്രൂപ്പ് ജോലി വാഗ്ദാനം ചെയ്തു, മകന്‍റെ വിദ്യാഭ്യാസ ചെലവും വഹിക്കും.

കടന്നുവന്നത് കനല്‍ വഴികള്‍

അബുദാബിയിലെ എൽഎൽഎച്ച് ആശുപത്രിയിൽ കോവിഡ്-19 ടാസ്‌ക് ഫോഴ്‌സിന്‍റെ ഭാഗമായി ജോലി ചെയ്യുന്നതിനിടെ 2021 ജൂലൈ പകുതിയോടെയാണ് അരുണിന് കോവിഡ്-19 ബാധിച്ചത്. 2013 മുതൽ ആശുപത്രിയിൽ ഒടി ടെക്‌നീഷ്യനായി ജോലി ചെയ്യുകയാണ് കേരളത്തിൽ അമ്പലപ്പുഴ സ്വദേശിയായ അരുൺ. കോവിഡ് വാക്സിന് ട്രെയലിന് യുഎഇ തുടക്കമിട്ടപ്പോൾ ആദ്യഘട്ടത്തിൽ തന്നെ അതിന്‍റെ ഭാഗമായ വളണ്ടിയർ കൂടിയാണ് അരുൺ. കോവിഡ് പോസിറ്റീവായി കടുത്ത ശ്വാസതടസ്സത്തെ തുടർന്നാണ് അരുണ്‍ ആശുപത്രിയിലേക്ക് മാറിയത്. പിന്നീട് അരുണ്‍ അബോധാവസ്ഥയിലേക്ക് പോവുകയായിരുന്നു.
വിശദമായ പരിശോധനയിൽ അരുണിന്‍റെ ശ്വാസകോശത്തിൽ ഗുരുതരമായ അണുബാധ സ്ഥിരീകരിച്ചു. സ്വാഭാവികമായി ശ്വസിക്കാൻ കഴിയാത്തതിനാൽ ജീവൻ നിലനിർത്താനായി കഴിഞ്ഞവർഷം ജൂലൈ 31-ന് ഡോക്ടർമാർ ശ്വാസകോശത്തിന്‍റെയും ഹൃദയത്തിന്‍റെയും പ്രവർത്തനം കൃത്രിമമായി നിലനിർത്താൻ അരുണിനെ ഇസിഎംഒ സപ്പോർട്ടിൽ പ്രവേശിപ്പിച്ചു. മാസങ്ങൾക്ക് ശേഷം മാത്രമാണ് ഇതിൽ നിന്ന് പുറത്തുകടക്കാൻ അരുണിന് കഴിഞ്ഞത്.

അലക്ഷ്യവും അവ്യക്തവുമായ കുറച്ചു ചിത്രങ്ങൾ മാത്രമാണ് അരുണിന്‍റെ മനസിലുളളത്. “മരണ മുനമ്പിൽ നിന്ന് രക്ഷപ്പെട്ടെത്തിയെന്ന് മാത്രം അറിയാം. രണ്ടാം ജീവിതം തന്ന ദൈവത്തിനു നന്ദി.” ഇടറുന്ന ശബ്ദത്തിൽ അരുൺ പറയുന്നു. ആശുപത്രിക്കിടക്കയിൽ അസാധാരണ പരിചരണം നൽകിയ ഡോ. താരിഗിനും സംഘത്തിനും നന്ദി. അവരുടെ നിരന്തര പരിശ്രമം ഇല്ലായിരുന്നുവെങ്കിൽ, ഈയൊരു തിരിച്ചുവരവ് അസാധ്യമായേനേ. ഈ പുതിയ ജീവിതത്തിന് താനും കുടുംബവും ബുർജീൽ ആശുപത്രിയോടും ഡോ. ​​താരിഗിനോടും എന്നും കടപ്പെട്ടിരിക്കും,” അരുൺ കൂട്ടിച്ചേർത്തു. ഇതിനിടെ അരുണിന്‍റെ ഭാര്യയേയും മകനേയും അബുദബിയിലേക്ക് കൊണ്ടുവന്നിരുന്നു. കുടുംബത്തിന്‍റെ ഏക ആശ്രയമാണ് അരുൺ. അരുണിന്‍റെ മാതാപിതാക്കൾക്കും എനിക്കും വലിയ ഞെട്ടലായിരുന്നു ഈ വിവരം. ഞങ്ങൾ ആകെ തകർന്നു. വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും ആരോഗ്യം വീണ്ടെടുക്കുന്നതിനുമായി പ്രാത്ഥിക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ, നാട്ടിൽ നേരത്തെ നഴ്‌സായി പ്രവർത്തിച്ചിരുന്ന ഭാര്യ ജെന്നി ജോർജ് പറഞ്ഞു.
ആശുപത്രിയിൽ നിന്നുള്ള വിവരങ്ങൾ ഒട്ടും ആശ്വാസകരമായിരുന്നില്ല. അരുണിന്‍റെ നില വഷളായിക്കൊണ്ടിരുന്നു. വലിയ സങ്കടത്തിലാണ് ഓരോ ദിവസവും തള്ളിനീക്കിയത്. പുതിയ വീടിന്‍റെ ഗൃഹപ്രവേശനത്തിനായി ഓഗസ്റ്റിൽ അരുൺ ഇന്ത്യയിലേക്ക് വരാനിരിക്കുകയായിരുന്നു. ഒരു വർഷത്തിലേറെയായി കുഞ്ഞിനെ നേരിൽ കണ്ടിട്ട്. മകന് മൂന്ന് മാസം മാത്രം പ്രായമുള്ളപ്പോഴാണ് അവസാനം നാട്ടിൽ വന്നു മടങ്ങിയത്. ഏറെ ബുദ്ധിമുട്ടായിരുന്നെങ്കിലും വേണ്ടപ്പെട്ടവർക്ക് ആശ്വാസവും കരുത്തുമേകാനായിരുന്നു എന്‍റെ ശ്രമം. വിപിഎസ് മാനേജ്‌മെന്‍റിന്‍റെയും യുഎഇയിൽ ജോലിചെയ്യുന്ന സഹോദരന്‍റേയും അരുണിന്‍റെ സുഹൃത്തുക്കളുടെയും സഹായത്തോടെ അബുദാബിയിലേക്ക് വരാൻ തീരുമാനിക്കുകയായിരുന്നു. വിസയും താമസവും കമ്പനി ലഭ്യമാക്കിത്തന്നു.” ജെന്നി ഓർക്കുന്നു.
എന്നാല്‍ പ്രതിസന്ധികള്‍ അവസാനിച്ചില്ല. ഒരു മാസത്തോളമായി അരുൺ ഐസിയുവിലായിരുന്നു. പുരോഗതിയുടെ ലക്ഷണമൊന്നുമില്ലായിരുന്നു. ഡോക്ടറോട് സംസാരിച്ചപ്പോൾ സാധ്യമായതിന്‍റെ പരമാവധി ചെയ്യുന്നുണ്ടെന്ന് അവർ ആശ്വസിപ്പിച്ചു. അരുൺ ഗുരുതരാവസ്ഥയിലാണെന്ന് അറിയാമായിരുന്നെങ്കിലും എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ ദേഹമാസകലം ട്യൂബുകൾ ഘടിപ്പിച്ച അവസ്ഥയിൽ ഐ.സി.യു കിടക്കയിൽ അരുണിനെ ആദ്യം കണ്ടപ്പോൾ തകർന്നു പോയി. എന്നാൽ ബുർജീലിലെ മെഡിക്കൽ സംഘവും വിപിഎസ് മാനേജ്മെന്‍റും അരുണിന്റെ സുഹൃത്തുക്കളും വലിയ സഹായമായിരുന്നു. അവർ സമാധാനിപ്പിച്ചു കൊണ്ടിരുന്നു,” ജെന്നി പറയുന്നു. ആ ദിവസങ്ങളിലൊന്നിൽ ജെന്നിക്ക് ആശുപത്രിയിൽ നിന്ന് പരിഭ്രാന്തി നിറഞ്ഞ ഒരു കോൾ വന്നു. “ബ്രോങ്കോസ്കോപ്പി ചെയ്യുന്നതിനിടെ അരുണിന് ഹൃദയാഘാതമുണ്ടായെന്നാണ് തിടുക്കത്തിൽ വന്ന അറിയിപ്പ്. ജീവൻ രക്ഷിക്കാൻ മെഡിക്കൽ സംഘം പരമാവധി ശ്രമിക്കുന്നതായും എത്രയും വേഗം ആശുപത്രിയിലേക്ക് എത്തണമെന്നുമായിരുന്നു നഴ്‌സിന്‍റെ നിർദ്ദേശം. കുഞ്ഞിനെയുമായി ആശുപത്രിയിൽ എത്തിയപ്പോൾ കണ്ടത് അരുൺ ജീവനുവേണ്ടി മല്ലിടുന്ന കാഴ്ച. ഹൃദയമിടിപ്പ് ഇല്ലാതാവുന്ന രേഖ മോണിറ്ററിൽ കണ്ടപ്പോൾ തളർന്നുപോയി. നഴ്‌സായതുകൊണ്ട് എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവുന്നുണ്ടായിരുന്നു. മറ്റൊന്നും ഓർമയിൽ നിൽക്കുന്നില്ല. എന്നാൽ, പെട്ടെന്ന്, ഡോ. താരിഗും മെഡിക്കൽ സംഘവും എങ്ങനെയോ ജീവന്‍റെ തുടിപ്പ് കണ്ടെത്തി, അരുണിന്‍റെ ജീവൻ നഷ്ടമായിട്ടില്ലെന്ന് അവർ അറിയിച്ചപ്പോഴാണ് ശ്വാസം നേരെയായത്.”

ചികിത്സയ്ക്കിടെ പിന്നീടും ഹൃദയാഘാതങ്ങൾ ആവർത്തിച്ചു. അപ്പോഴും മരണത്തോട് മല്ലിട്ട മുന്നണിപ്പോരാളി കീഴടങ്ങാൻ തയ്യാറായിരുന്നില്ല.

ചികിത്സിച്ച ഡോ താരിഖിനൊപ്പം

“അരുണിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന ഡോ. താരിഗ് ഞങ്ങൾക്ക് ദൈവമാണ്. മറ്റേതെങ്കിലും ഡോക്ടർ ആയിരുന്നെങ്കിൽ, അരുൺ ഇന്ന് ജീവിച്ചിരിക്കുമോയെന്ന് അറിയില്ല. അദ്ദേഹത്തോട് ഞങ്ങളെന്നും കടപ്പെട്ടിരിക്കും, ഡോ. താരിഗിനെയും മുഴുവൻ മെഡിക്കൽ ടീമിനെയും ആശുപത്രി മാനേജ്‌മെന്‍റിനെയും ഞങ്ങളുടെ പ്രാത്ഥനയിൽ എന്നും ഓർക്കും,” ജെന്നി പറഞ്ഞു.

അരുണിനെപ്പോലൊരു പോരാളിയെ കണ്ടിട്ടില്ല: ഡോ. താരിഗ്

“കീഴടങ്ങാൻ കൂട്ടാക്കാത്ത പോരാളിയാണ് അരുൺ . ഇതുപോലൊരാളെ മെഡിക്കൽ കരിയറിൽ കണ്ടിട്ടില്ല,” തുടക്കം മുതൽ അരുണിനെ ചികിത്സിച്ച അബുദാബി ബുർജീൽ ആശുപത്രിയിലെ കാർഡിയാക് സർജറി വിഭാഗം മേധാവി ഡോ. താരിഗ് അലി മുഹമ്മദ് എൽഹസന്‍റെ അനുഭവസാക്ഷ്യം ഇങ്ങനെ.

തുടക്കം മുതൽ സങ്കീർണ്ണതകൾ നിറഞ്ഞതായിരുന്നു അരുണിന്‍റെ അവസ്ഥയെന്ന് ഡോക്ടർ പറയുന്നു.

“അരുണിന്‍റെ ശ്വാസകോശം തകരാറിലായിരുന്നു. അത് മെച്ചപ്പെടുത്താവുന്ന അവസ്ഥയിൽ ആയിരുന്നില്ല. ഇസിഎംഒ മെഷീന്‍റെ പിന്തുണയോടെ മാത്രമായി ശ്വാസോച്ഛാസം. ഇത് ഏകദേശം 118 ദിവസത്തോളം തുടർന്നു. സാധാരണ അവസ്ഥയിൽ, ഒരു തിരിച്ചുവരവ് അസാധ്യമെന്നു തോന്നുന്നത്രയും ദൈർഘ്യവും അനുബന്ധ ആരോഗ്യ പ്രശ്നങ്ങളും. അതുകൊണ്ടാണ് അരുണിന്‍റെ തിരിച്ചുവരവിൽ ഞങ്ങൾക്ക് അത്ഭുതവും വലിയ സന്തോഷവും. ശരീരം പൂർണ്ണമായും തളർന്നിരിക്കുമ്പോൾ കടുത്ത ഹൃദയാഘാതങ്ങളെ അരുൺ അതിജീവിച്ചു. ആ പോരാട്ടവീര്യമാണ് അരുണിന്‍റെ അതിജീവനത്തിൽ എടുത്തു പറയേണ്ടത്. മെഡിക്കൽ കരിയറിൽ മറക്കാനാവില്ല ഈ അനുഭവം.”

അരുണിന്‍റെ ശ്വാസകോശവും മറ്റ് അവയവങ്ങളും ഇപ്പോൾ പൂർണനിലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഡോക്ടർ വ്യക്തമാക്കി. എങ്കിലും ശരീരം ശക്തിപ്രാപിക്കാൻ സമയം എടുത്തേക്കാം. സ്ഥിരമായി ഫിസിയോതെറാപ്പിയും പുനരധിവാസവും തുടരണം. ഇത്രയും പോരാടി മരണമുഖത്തു നിന്ന് പലതവണ തിരിച്ചെത്തിയ അരുണിന് ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ജോലിയിൽ തിരിച്ചെത്താൻ കഴിയുമെന്നാണ് മെഡിക്കൽ സംഘത്തിന്‍റെ പ്രതീക്ഷ.

ആശുപത്രി മുറിയിൽ നിന്നിറങ്ങിയ അരുണിനെ കാത്തിരുന്നത് 50 ലക്ഷം രൂപയുടെ സ്നേഹസമ്മാനം

ആശുപത്രി മുറി വിട്ട് സഹപ്രവർത്തകർ ഒരുക്കിയ സ്വീകരണത്തിലേക്ക് എത്തിയ അരുൺ ആദ്യം കണ്ടത് തന്‍റെ മുഖചിത്രം പതിപ്പിച്ച മുഖാവരണമണിഞ്ഞ സഹപ്രവർത്തകരെ. എമിറാത്തികളും ഇന്ത്യക്കാരും ഫിലിപ്പിനോകളും വിവിധ അറബ് രാജ്യങ്ങളിൽ നിന്നുള്ളവരുമായ ആരോഗ്യപ്രവർത്തകർ സ്നേഹത്തോടെയും ആദരവോടെയും അരുണിന്‍റെ ചിരിക്കുന്ന മുഖം സ്വന്തം മുഖത്തണിഞ്ഞുകൊണ്ട് കയ്യടികളോടെ പ്രിയ സുഹൃത്തിനെ സ്വീകരിച്ചു. ഇത്രയും വലിയ പോരാട്ടം വിജയിച്ച സുഹൃത്തിന്‍റെ യാതനകൾ ഞങ്ങൾ ഏറ്റെടുക്കുന്നു. മഹാമാരിക്കാലത്ത് ഈ തിരിച്ചുവരവ് ഹൃദയത്തിൽ തൊട്ടറിയുന്നുവെന്ന് അവർ പറയാതെ പറഞ്ഞു.

അതിലുമേറെ സർപ്രൈസ് ഒരുക്കിയാണ് വിപിഎസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിലിന്‍റെ സ്നേഹസമ്മാനം ചടങ്ങിൽ പ്രഖ്യാപിച്ചത്.

അരുണിനെ പിന്തുണയ്ക്കാൻ 50 ലക്ഷം രൂപയുടെ സഹായവും പ്രഫഷനൽ നഴ്‌സായ ഭാര്യക്ക് ജോലിയും മകന്‍റെ പഠന ചെലവും ഡോ.ഷംഷീർ പ്രഖ്യാപിച്ചു. യുഎഇയിലെ സേവനത്തിനും പോരാട്ടവീര്യത്തിനും ആദരവേകിയുള്ള ഈ സമ്മാനം അരുണിന് കൈമാറിയത് ഗ്രൂപ്പിലെ എമിറാത്തി ആരോഗ്യപ്രവർത്തകരാണ്. പ്രതിസന്ധിഘട്ടത്തിൽ മുന്നണിയിലിറങ്ങിയ പോരാളിക്കുള്ള നാടിന്‍റെ ആദരവുകൂടിയായി അങ്ങനെ ഈ ഉപഹാരം.

“കോവിഡ് മുന്നണിപ്പോരാളികൾക്കും കുടുംബത്തിനും പൂർണ്ണ പിന്തുണ നൽകാനാണ് തുടക്കം മുതൽ ഞങ്ങളുടെ ശ്രമം. സഹപ്രവർത്തകരെല്ലാം ഇഷ്ടപ്പെടുന്ന, ഒരിക്കൽ ഒപ്പം പ്രവർത്തിച്ചവർക്ക് മറക്കാനാകാത്ത വ്യക്തിത്വമാണ് അരുണിന്‍റേത്.. മികച്ച ചികിത്സയും പരിചരണവും തുടർന്നും അരുണിന് ലഭ്യമാക്കും. സമാനതകൾ ഇല്ലാത്ത പോരാട്ടത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചുവന്ന അരുണിന് വേഗത്തിൽ സുഖംപ്രാപിക്കാൻ ആകുമെന്നാണ് പ്രതീക്ഷ. വൈകാതെ ആരോഗ്യം വീണ്ടെടുത്ത് അരുണിന് വിപിഎസ് കുടുംബത്തിനൊപ്പം പ്രവർത്തിക്കാനാകട്ടെ,” ഡോ. ഷംഷീർ പറഞ്ഞു.

സൂപ്പർഹീറോയ്ക്ക് മിന്നൽ മുരളിയുടെ സല്യൂട്ട്

അരുണിനും കുടുംബത്തിനും അത്ഭുതമായി സ്വീകരണ ചടങ്ങിൽ മറ്റൊരു സൂപ്പർ ഹീറോ കൂടിയുണ്ടായിരുന്നു. വെള്ളിത്തിരയിലെ മിന്നൽ മുരളിയായി പ്രേക്ഷകരുടെ മനംകവർന്ന ചലച്ചിത്രതാരം ടോവിനോ തോമസ്. ലൈവായി ചടങ്ങിൽ പങ്കെടുത്താണ് ടോവിനോ അരുണിന് ആശംസകൾ നേർന്നത്.
“സിനിമയിലേ എനിക്ക് സൂപ്പർ ഹീറോ പവറുള്ളൂ. മഹാമാരിക്കെതിരെ മുന്നണിയിൽ പോരാടുന്ന അരുണിനെപ്പോലുള്ള ദശലക്ഷക്കണക്കിന് മുൻനിര യോദ്ധാക്കളാണ് യഥാർത്ഥ സൂപ്പർഹീറോകൾ. മാരകമായ വൈറസിൽ നിന്ന് ലോകത്തെ രക്ഷിക്കാനുള്ള പ്രതിബദ്ധതയ്ക്ക് ലോകവും മനുഷ്യരാശിയും അവരോട് എന്നും കടപ്പെട്ടിരിക്കും. ഷൂട്ടിനിടെ പരിക്ക് പറ്റി രണ്ടു ദിവസം ആശുപത്രിയിൽ കിടന്നപ്പോൾ ബുദ്ധിമുട്ടുകൾ അനുഭവിച്ചറിഞ്ഞതാണ്. അരുണിന്‍റെ ഈ തിരിച്ചുവരവിന് സഹായ എല്ലാ ആരോഗ്യ പ്രവർത്തകർക്കും സല്യൂട്ട്” ടൊവിനോ പറഞ്ഞു.

കുടുംബത്തോടൊപ്പമുള്ള ഇടവേളയ്ക്കായി അരുൺ ഇന്ത്യയിലേക്ക്

ജീവിതത്തിലെ പ്രയാസകരമായ സാഹചര്യത്തിൽ നൽകിയ പിന്തുണയ്ക്കും പരിചരണത്തിനും വിപിഎസ് ഹെൽത്ത്കെയറിനും ബുർജീൽ ആശുപത്രിയിലെ മെഡിക്കൽ സംഘത്തിനും യുഎഇയിലെ സുഹൃത്തുക്കൾക്കുമാണ് അരുണും കുടുംബവും നന്ദി പറയുന്നത്. പ്രതിസന്ധികളിൽ കൈവിടാതെ ഒപ്പംകൂട്ടുന്ന പ്രവാസികളുടെ പ്രിയപ്പെട്ട പോറ്റുനാടായ യുഎഇയോട് പറഞ്ഞാൽ തീരാത്ത കടപ്പാടും.
തുടർന്നും സേവനത്തിനായി ആരോഗ്യപ്രവർത്തകന്‍റെ യൂണിഫോമണിഞ്ഞു യുഎഇയിൽ തുടരാനായി തിരിച്ചുവരാമെന്ന പ്രതീക്ഷയിലാണ് അരുൺ.

Leave a Reply