അഗ്നി ചിറകുകളുള്ള സ്ത്രീ ശക്തി ഇന്ന്‌ പത്മശ്രീ നിറവില്‍

ജീവിത പ്രയാസങ്ങളെയും പ്രതിസന്ധിളെയും തന്റെ വീല്‍ ചെയര്‍ ചക്രത്തിനുള്ളിലാക്കി മുന്നോട്ട് ജീവിക്കാനുള്ള കരുത്തും ശക്തിയുമാക്കി മാറ്റിയ മലപ്പുറം പരപ്പനങ്ങാടി സ്വദേശിനി കെ.വി റാബിയ ഇന്ന്‌ പത്മശ്രീ പുരസ്കാര നിറവിലാണ്‌. അതിരുകളില്ലാത്ത പ്രവര്‍ത്തി പാതകളിലൂടെ സ്വപ്ന ചിറകുകളുമായി ഉയർന്ന് പറക്കുന്ന ദേശത്തിന്റെ ഒരു മാതൃ പുത്രി കൂടിയാണിവർ.

1966ല്‍ തിരൂരങ്ങാടി വെള്ളിലക്കാട് ഗ്രാമത്തില്‍ ജനിച്ച റാബിയക്ക് കാലുകള്‍ പൂര്‍ണമായി തളര്‍ന്നതോടെ പ്രീഡിഗ്രി പഠനം അവസാനിപ്പിക്കേണ്ടിവന്നു.സാക്ഷരതാ പ്രവര്‍ത്തനരംഗത്ത് ശ്രദ്ധേയമായ ഇവർ ദുരിതക്കിടക്കയിലും കരുത്തോടെ ഗ്രാമത്തിലെ നൂറോളം നിരക്ഷരര്‍ക്ക് അക്ഷരവെളിച്ചമേകി.

1990ല്‍ സാക്ഷരത പ്രവര്‍ത്തനരംഗത്ത് മികച്ച പങ്കുവഹിച്ചതിലൂടെ പൊതുരംഗത്ത് ശ്രദ്ധിക്കപ്പെട്ട റാബിയ തന്റെ ശാരീരിക പ്രതിസന്ധികളെ സധൈര്യം നേരിട്ട് ആയിരക്കണക്കിനാളുകള്‍ക്ക് ആശ്രയമായി. ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്റെ ഭാഗമായി ട്യൂഷന്‍ സെന്റര്‍, സ്ത്രീകളുടെ ഗ്രന്ഥശാല, സ്വയംതൊഴില്‍ സംരംഭങ്ങള്‍, ബോധവല്‍ക്കരണശാക്തീകരണ പരിപാടികള്‍ എന്നിങ്ങനെ വിവിധ പദ്ധതികള്‍ നടത്തിപ്പോന്നു.ഇന്ത്യയുടെ പ്രഥമ സ്ത്രീശാക്തീകരണ പുരസ്കാര ജേതാവ് കൂടിയാണ് കെ.വി.റാബിയ.

റാബിയയുടെ ആത്മകഥയായ ‘സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട്’ എന്ന ഗ്രന്ഥം ഏറെ ഹൃദയ സ്പര്‍ശമായ ഒന്നാണ്. വീല്‍ചെയറിലിരുന്ന് ശാരീരിക വൈകല്യങ്ങളെ മനക്കരുത്ത് കൊണ്ട് തോല്‍പ്പിച്ച റാബിയ സാക്ഷരതാ പ്രവര്‍ത്തനങ്ങളിലും മറ്റു സാമൂഹ്യ സേവനപ്രവര്‍ത്തന രംഗങ്ങളിലും സജീവമായിരുന്നു.

1993ല്‍ നാഷണല്‍ അവാര്‍ഡ്, സംസ്ഥാന സര്‍ക്കാറിന്റെ വനിതരരത്‌നം അവാര്‍ഡ്, യു.എന്‍. ഇന്റര്‍നാഷണല്‍ അവാര്‍ഡ്, മുരിമഠത്തില്‍ ബാവ അവാര്‍ഡ്, സംസ്ഥാന സാക്ഷരതാ മിഷന്‍ അവാര്‍ഡ്, കണ്ണകി സ്ത്രീശക്തി പുരസ്‌കാരം, സീതി സാഹിബ് അവാര്‍ഡ് തുടങ്ങിയവ ചിലതു മാത്രമാണ്. ചലനം സാക്ഷരതാ വികസന സംഘത്തിന്റെ നേതൃത്വത്തില്‍ സ്ത്രീ ശാക്തീകരണം, ദാരിദ്ര്യലഘൂകരണം എന്നവയിലും റാബിയ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാണ്.

സാക്ഷരതയുടെ അടിവേരുകള്‍ മുളച്ച് ഇന്നതൊരു പടു വൃക്ഷമായിട്ടുണ്ടെങ്കില്‍,അതിലൊരു വലിയ പങ്ക്‌ ഈ അഗ്നി ചിറകുള്ള സ്ത്രീ ശക്തിയുടെത് കൂടിയാണ്.

Leave a Reply