എക്‌സ്‌പോ 2020യില്‍ മലേഷ്യന്‍ സുസ്ഥിര കാര്‍ഷികോല്‍പന്ന വാരം

ദുബായ്: സുസ്ഥിര കാര്‍ഷികോല്‍പന്നങ്ങള്‍ക്കായുള്ള ആഗോള ആവശ്യം മനസ്സിലാക്കി മലേഷ്യയുടെ പ്ലാന്‍റേഷന്‍ ഇന്‍ഡസ്ട്രീസ് ആന്‍ഡ് കമ്മോഡിറ്റീസ് മന്ത്രാലയം (എംപിഐസി) സുസ്ഥിര കാര്‍ഷികോല്‍പന്ന മേഖലയിലേക്കുള്ള മലേഷ്യയുടെ യാത്ര, പരിശ്രമങ്ങള്‍, സംരംഭങ്ങള്‍ എന്നിവ എക്‌സ്‌പോ 2020യുടെ പ്‌ളാറ്റിനം പ്രീമിയര്‍ പാര്‍ട്ണര്‍ എന്ന നിലയില്‍ മലേഷ്യ പവലിയന്‍ പ്രദര്‍ശിപ്പിച്ചു.
ദേശീയ മൊത്ത ആഭ്യന്തര ഉല്‍പാദനം (ജിഡിപി), കയറ്റുമതി വരുമാനം, തൊഴിലവസരങ്ങള്‍, ചെറുകിട ഉടമകളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതുള്‍പ്പെടെയുള്ള ബിസിനസ് അവസരങ്ങള്‍ എന്നിവയില്‍ ഗണ്യമായ സംഭാവന നല്‍കുന്ന മലേഷ്യയുടെ പ്രധാന സാമ്പത്തിക ചാലകങ്ങളിലൊന്നാണ് കാര്‍ഷോല്‍പന്ന മേഖല.
നിരവധി വര്‍ഷങ്ങളായി, മലേഷ്യയിലെ ദാരിദ്ര്യം കുറയ്ക്കുന്നതില്‍ കാര്‍ഷികോല്‍പന്ന മേഖല സുപ്രധാന പങ്കാണ് വഹിക്കുന്നത്.
പ്രത്യേകം രൂപകല്‍പന ചെയ്ത സുസ്ഥിര കാര്‍ഷികോല്‍പന്ന പ്രദര്‍ശനത്തിലൂടെയും ഒട്ടേറെ അനുബന്ധ പരിപാടികളിലൂടെയും, രാജ്യത്തിന്റെ കാര്‍ഷികോല്‍പന്നങ്ങളെ പ്രോത്സാഹിപ്പിക്കാനും തോട്ട നയങ്ങള്‍, വികസനം, പരിപാലനം എന്നിവ വഴി യുഎന്‍ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ സംയോജിപ്പിക്കാനും എംപിഐസി ഉദ്ദേശിക്കുന്നു.


എക്‌സ്‌പോയില്‍ മലേഷ്യ പവലിയന്‍ സംഘടിപ്പിക്കുന്ന തീമാറ്റിക് വീക് ട്രേഡ് ആന്‍ഡ് ബിസിനസ് പ്രോഗ്രാമുകളുടെ ഭാഗമായി 17-ാം ആഴ്ചയില്‍ എംപിഐസി 2022 ജനുവരി 23 മുതല്‍ 29 വരെ നീളുന്ന സുസ്ഥിര കാര്‍ഷികോല്‍പന്ന (ഭക്ഷ്യ ഇതര) വാരം നടത്തുന്നു. മലേഷ്യന്‍ തോട്ട വ്യവസായ-ഉല്‍പന്ന മന്ത്രി ദത്തൂക് ഹാജ സുറൈദ കമറുദ്ദീന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.സയന്‍സ്-ടെക്‌നോളജി ആന്റ് ഇന്നൊവേഷന്‍ മന്ത്രാലയം (മോസ്റ്റി) സഹകരണത്തില്‍ മലേഷ്യന്‍ ഗ്രീന്‍ ടെക്‌നോളജി ആന്‍ഡ് ക്‌ളൈമാറ്റ് ചേഞ്ച് കോര്‍പറേഷന്‍ ആഭിമുഖ്യത്തിലുള്ള ഏജന്‍സിയാണ് എക്‌സ്‌പോ 2020യിലെ മലേഷ്യന്‍ പങ്കാളിത്തം നടപ്പാക്കുന്നത്. മലേഷ്യയുടെ ഭക്ഷ്യ ഇതര ഉല്‍പന്നങ്ങളായ റബ്ബര്‍, ടിംബര്‍, കെനാഫ് എന്നിവയാണ് പ്രധാനമായും അവതരിപ്പിക്കുന്നത്.


മലേഷ്യന്‍ റബ്ബര്‍ പ്രൊഡക്റ്റ്‌സ് വെര്‍ച്വല്‍ ഷോകേസ് (മാര്‍വിസ്) ആണ് വാരത്തില്‍ ശ്രദ്ധേയമായ ഒന്ന്. രാജ്യാന്തര ബയര്‍മാര്‍ക്കും മലേഷ്യന്‍ റബ്ബര്‍ ഉല്‍പാദകര്‍ക്കുമായുള്ള മലേഷ്യ റബ്ബര്‍ കൗണ്‍സില്‍ മുഖേനയുള്ള ഓണ്‍ലൈന്‍ പ്‌ളാറ്റ്‌ഫോമാണിത്. മലേഷ്യന്‍ നിര്‍മിത തടികളും ഫര്‍ണിച്ചറും പ്രദര്‍ശിപ്പിക്കുന്ന വിആര്‍ പ്‌ളാറ്റ്‌ഫോമായ ടിംബറിയാലിറ്റി, മലേഷ്യ റബ്ബര്‍ ബോര്‍ഡിന്റെ ദി റബ്ബര്‍ ഫോറം, മലേഷ്യ ടിംബര്‍ ബോര്‍ഡിന്റെ മലേഷ്യ വുഡ് എക്‌സ്‌പോ 2022 എന്നിവയും ഇതിലടങ്ങുന്നു.
തടി മേഖലയില്‍ നിന്നുള്ള മൂന്നും, കെനാഫ് മേഖലയില്‍ നിന്നുള്ള ഒന്നുമടക്കം നാലു ധാരണാപത്രങ്ങള്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ ഒപ്പു വെച്ചു.


എംപിഐസിയും അതിന്റെ ഏജന്‍സികളും മലേഷ്യ പവലിയനിലെ സന്ദര്‍ശകര്‍ക്കായി ഇന്ററാക്റ്റീവ് ലാറ്റെക്‌സ് പെയിന്റിംഗ് ആര്‍ട്‌സ്, അഗര്‍വുഡ് ഉല്‍പന്ന പ്രദര്‍ശനങ്ങള്‍, റബ്ബര്‍ ക്‌ളേ മോഡലിംഗ്, കെനാഫ് ഡെമോണ്‍സ്‌ട്രേഷന്‍ എന്നിവ കൂടാതെ, മലേഷ്യ കെനാഫ്, തടി, മലേഷ്യന്‍ സുസ്ഥിര തടി സര്‍ട്ടിഫിക്കേഷന്‍ എന്നിവയെ കുറിച്ചുള്ള പ്രത്യേക ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും ഒരുക്കിയിട്ടുണ്ട്.
പ്രയാസകരമായ ആഗോള സാമ്പത്തിക സ്ഥിതിയിലും, മലേഷ്യന്‍ കാര്‍കോല്‍പന്നങ്ങള്‍ ന്യായമായും മികച്ച പ്രകടനം തുടരുന്നു. 2021 ജനുവരി മുതല്‍ നവംബര്‍ വരെ, മലേഷ്യന്‍ കാര്‍ഷികോല്‍പന്നങ്ങള്‍ നാടിന്റെ സമ്പദ് വ്യവസ്ഥയിലേക്ക് 189.5 ബില്യന്‍ മലേഷ്യന്‍ റിങ്കിറ്റ് കയറ്റുമതി വരുമാനം സംഭാവന ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ, എംപിഐസി എക്‌സ്‌പോ 2020യിലൂടെ കൂടുതല്‍ അവബോധം സൃഷ്ടിച്ചും ബന്ധങ്ങള്‍ ശക്തിപ്പെടുത്തിയും സുസ്ഥിര കാര്‍ഷികോല്‍പന്ന യത്‌നങ്ങളുടെ പ്രാധാന്യം പങ്കു വെച്ചും പ്രവര്‍ത്തനങ്ങള്‍ തുടരും.

Leave a Reply