കൈനിറയെ സമ്മാനം, ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ അവസാന വാരത്തിലേക്ക്

ദുബായ് : വിവിധ നറുക്കെടുപ്പുകളിലൂടെ കൈനിറയെ സമ്മാനങ്ങള്‍ നല്‍കി ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ അവസാന വാരത്തിലേക്ക് കടന്നു. അവസാനവാരം വിവിധ നറുക്കെടുപ്പുകളിലൂടെ നിരവധി സമ്മാനങ്ങള്‍ നേടാനുളള അവസരമാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഒരുക്കുന്നത്. കഴിഞ്ഞ നറുക്കെടുപ്പില്‍ വിജയികളായവർക്കുളള സമ്മാനദാനം ദുബായ് ഗ്ലോബല്‍ വില്ലേജില്‍ നടന്നു. ഇന്‍ഫിനിറ്റി ക്യൂ എക്സ് 80 കാറും 1 ലക്ഷം ദിർഹവും സമ്മാനമടക്കം നറുക്കെടുപ്പിലൂടെ നല്‍കുന്നത് 30 ദശലക്ഷം ദിർഹത്തിന്‍റെ സമ്മാനങ്ങളാണ്. കഴിഞ്ഞ ദിവസം നറുക്കെടുപ്പില്‍ വിജയിയായ യുഎഇ പൗരന്‍ മുഹമ്മദ് അഹമ്മദ് അല്‍ ഷെഹിയുള്‍പ്പടെയുളളവർക്ക് ശനിയാഴ്ച സമ്മാനം നല്‍കി. 200 ദിർഹം നല്‍കി റാഫിള്‍ കൂപ്പണെടുത്താണ് നറുക്കെടുപ്പിന്‍റെ ഭാഗമായത്.


അഞ്ചാം വാരത്തില്‍ പതിവുപോലെ 3 വിഭാഗങ്ങളിലായി ആറു പേർ സ്വ‍ർണ നറുക്കെടുപ്പില്‍ വിജയികളായി. ഇതില്‍ കാല്‍കിലോ സ്വർണവും ഒരു കിലോ സ്വർണം നേടിയതും ഇന്ത്യാക്കാരാണ്. വിവിധ മാളുകളിലെ ഷോപ്പിംഗുകളിലൂടെ സ്വർണ നറുക്കെടുപ്പിന്‍റെ ഭാഗമാകാം. ഇത്തവണയും പതിവുപോലെ വലിയ പ്രതികരണമാണ് ഉപഭോക്താക്കളില്‍ നിന്നും ലഭിക്കുന്നതെന്ന് ദുബായ് ഷോപ്പിംഗ് മാള്‍സ് ഗ്രൂപ്പ് / ബസ്സ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ ബൈജു കുര്യേഷ് പറഞ്ഞു. ഇത്തവണ 23 ഷോപ്പിംഗ് മാള്‍സ് ഗ്രൂപ്പാണ് ഡിഎസ്എഫില്‍ പങ്കാളികളാകുന്നത്. പതിവില്‍ നിന്നും മാറി ഇത്തവണ ഷോപ്പിംഗ് ഫെസ്റ്റിവല്‍ 45 ദിവസം നീണ്ടുനിന്നതുകൊണ്ടുതന്നെ സമ്മാനങ്ങള്‍ കരസ്ഥമാക്കാന്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ അവസരം ലഭ്യമായെന്നും അദ്ദേഹം പറഞ്ഞു.


ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ അവസാന വാരത്തിലേക്ക് കടക്കുന്നതോടെ വലിയ ആദായ വില്‍പനയാണ് വരാനിരിക്കുന്നത്. അവസാന രണ്ട് ദിവസം 80 ശതമാനം വരെ ഡിസ്കൗണ്ട് വില്‍പനയാണ് ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ വലിയ തിരക്കുണ്ടാകുമെന്നുളളതാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

മാള്‍ ഓഫ് ദ എമിറേറ്റ്സ്,ദേര സിറ്റിസെന്‍റർ തുടങ്ങി വിവിധ ഇടങ്ങളില്‍ നിന്ന് 300 ദിർഹത്തിന് സാധനങ്ങള്‍ വാങ്ങിച്ച് ആഴ്ചയിലൊരിക്കല്‍ നടക്കുന്ന ഡിഎസ്എഫ് ഷെയർ മില്ല്യണയറിന്‍റെ ഭാഗമാകാം. ദശലക്ഷം ഷെയർ പോയിന്‍റാണ് ലഭിക്കുക. ഡിഎസ്എഫ് സ്കൈ വാർഡ്സ് മില്ല്യണയർ വിജയിയാകാന്‍ ദുബായ് മാള്‍- എമിറേറ്റ്സ് സ്കൈവാർഡ് പാർട്ണറില്‍ 100 ദിർഹം ചെലവാക്കിയാല്‍ മതി. അഞ്ച് വിജയികളെയാണ് തെരഞ്ഞെടുക്കുക. ഇതുപോലെ സ്വർണവും ദിർഹവും ആഢംബരവാഹനവും ഉള്‍പ്പടെ വിവിധ നറുക്കെടുപ്പുകളിലായി കൈനിറയെ സമ്മാനങ്ങളാണ് ഡിഎസ്എഫ് ഒരുക്കിയിട്ടുളളത്.

Leave a Reply