ഹിന്ദു വിരുദ്ധ വിദ്വേഷ പ്രസംഗം; മുസ് ലിം നേതാക്കൾക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദു സേന

ഹിന്ദുക്കൾക്കും ഹിന്ദു ദൈവങ്ങൾക്കും ദേവതകൾക്കുമെതിരായ വിദ്വേഷ പ്രസംഗങ്ങളിൽ പ്രത്യേക അന്വേഷണ സംഘ(എസ്‌ഐടി)ത്തിൻ്റെ അന്വേഷണം ആവശ്യപ്പെട്ട് രണ്ട് ഹിന്ദു സംഘടനകൾ സുപ്രീം കോടതിയെ സമീപിച്ചു.

മുസ്ലിം സമുദായത്തെ ലക്ഷ്യം വെച്ചുള്ള ഹരിദ്വാർ ധർമ സൻസദിലെ വിദ്വേഷ പ്രസംഗങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള ഹർജിയിൽ ഇടപെടൽ അപേക്ഷയായി ഹിന്ദു ഫ്രണ്ട് ഫോർ ജസ്റ്റിസും ഹിന്ദു സേനയും ചേർന്നാണ് ഹർജി സമർപ്പിച്ചത്.മുസ്ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങളെക്കുറിച്ച് എസ്ഐടിയുടെ സ്വതന്ത്രവും നിഷ്പക്ഷവും വിശ്വസനീയവുമായ അന്വേഷണത്തിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് പട്‌ന ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് അഞ്ജന പ്രകാശും മാധ്യമപ്രവർത്തകൻ കുർബാൻ അലിയുമാണ് നേരത്തേ സുപ്രീം കോടതിയെ സമീപിച്ചത്.

പ്രസ്തുത ഹർജിയിൽ ജനുവരി 12-ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനും ഉത്തരാഖണ്ഡ് സർക്കാരിനും നോട്ടീസ് അയച്ചിരുന്നു.മുസ്ലിം സമുദായത്തിനെതിരായ വിദ്വേഷ പ്രസംഗങ്ങൾ പരിശോധിക്കാൻ സുപ്രീം കോടതി തയ്യാറായത് പോലെ ഹിന്ദു സമുദായത്തിനെതിരായ വിദ്വേഷ പ്രസംഗങ്ങളും പരിശോധിക്കണമെന്നാണ് ഹിന്ദു ഗ്രൂപ്പുകളുടെ ആവശ്യം.

ഹിന്ദുക്കൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് മുസ്ലീം നേതാക്കളായ അസദുദ്ദീൻ ഒവൈസി, തൗക്കീർ റാസ, സാജിദ് റാഷിദി, അമാനത്തുള്ള ഖാൻ, വാരിസ് പത്താൻ എന്നിവർക്കെതിരെ പ്രഥമ വിവര റിപ്പോർട്ട് (എഫ്‌ഐആർ) രജിസ്റ്റർ ചെയ്യാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകണമെന്നും അവർ കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply