വെള്ളിത്തിര വീണ്ടുമുണരുന്നു, ദേര സ്റ്റാർ ഗലേറിയയില്‍ ഇനി സിനിമാക്കാലം

ദുബായ് : ദുബായ് ദേര ഹയാത്ത് റീജന്‍സിയിലെ സ്റ്റാർ ഗലേറിയയില്‍ വീണ്ടും സിനിമാക്കാലം. ഹൃദയമുള്‍പ്പടെയുളള 3 മലയാള ചിത്രങ്ങളുടെ പ്രദർശനത്തോടെയാണ് സ്റ്റാർ ഗലേറിയ വീണ്ടും സിനിമലോകത്തേക്ക് മടങ്ങിയെത്തുന്നത്. ഹൃദയം, മേപ്പടിയാന്‍,സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളാണ് ശനിയാഴ്ച മുതല്‍ പ്രദർശനം തുടങ്ങിയിരിക്കുന്നത്. രണ്ട് തിയറ്ററുകളിലുമായി 435 പേർക്ക് സിനിമ കാണാനുളള സൗകര്യമാണ് സ്റ്റാർ ഗലേറിയയിലുളളത്. അത്യന്താധുനിക സൗകര്യങ്ങളുള്ള നവീകരിച്ച രണ്ടു തിയ്യറ്ററുകള്‍ ആണ് സ്റ്റാര്‍ ഗലേറിയ സിനിമയില്‍ സജ്ജമാക്കിയിരിക്കുന്നതെന്ന് പ്രദര്‍ശകരായ സലീം, ഫൈസല്‍, രാജന്‍ വര്‍ക്കല തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അവസാന നിര വിഐപി ടിക്കറ്റുകള്‍ക്കാണ്. ഇതിന് വാറ്റുള്‍പ്പടെ 45 ദിർഹമാണ് നിരക്ക്. സാധാരണ ടിക്കറ്റുകള്‍ക്ക് 36.75 ആണ് നിരക്ക്. സിനിമ കാണാനെത്തുന്നവർക്ക് ഗലേറിയയ്ക്ക് മുന്നിലെ പാർക്കിംഗും സൗജന്യമാണ്. ദിവസവും 1, 4, 7, 10 സമയങ്ങളില്‍ നാലു പ്രദര്‍ശനങ്ങളാണ് വലിയ തിയ്യറ്ററിലുണ്ടാവുക. 1.30, 4.30, 7.30, 10.30 എന്നിങ്ങനെയാണ് ചെറിയ തിയ്യറ്ററിലെ പ്രദര്‍ശന സമയം
പുതുമകളോടെ സ്റ്റാർ ഗലേറിയ വീണ്ടും സജീവമാകുകയാണെന്ന് സലീമൂം, ഫൈസലും വിശദീകരിച്ചു. കോവിഡില്‍ നിന്നും ലോകം ഉയിർത്തെഴുന്നേല്‍ക്കുന്ന കാലമാണ്. കോവിഡ് ഭീതി മാറി, സിനിമകാണാന്‍ കൂടുതല്‍ പേരെത്തുമെന്നുളളതാണ് പ്രതീക്ഷയെന്ന് സലീം പറഞ്ഞു. ദക്ഷിണേന്ത്യന്‍ സിനിമകള്‍ കൂടുതലായി സ്റ്റാർ ഗലേറിയയില്‍ പ്രദർശനത്തിനെത്തും. ഒരാഴ്ചയ്ക്കുളളില്‍ ഓണ്‍ലൈനില്‍ ടിക്കറ്റ് വാങ്ങിക്കുന്നതടക്കമുളള സൗകര്യങ്ങളുമുണ്ടാകുമെന്നും സ്റ്റാർ ഗലേറിയ തുറന്നുപ്രവർത്തനം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളത്തില്‍ അധികൃതർ പറഞ്ഞു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ‘സല്യൂട്ട്’ ഉടന്‍ പ്രദര്‍ശനത്തിനെത്തുമെന്ന് രാജന്‍ വർക്കല പറഞ്ഞു.മുഹമ്മദ് അക്ബര്‍, ഇക്വിറ്റി പ്ലസ് അഡ്വര്‍ടൈസിംഗ് എംഡി ജൂബി കുരുവിള, അബ്ദുല്‍ റഹ്മാന്‍, ഫൈസല്‍ പനങ്ങാട്, മുഹമ്മദ് ആമിര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Leave a Reply