ദുബായ് :ദുബായ് ഗ്ലോബല്‍ വില്ലേജില്‍ ഇന്‍ഫിനിറ്റി റാഫിള്‍ ഡ്രോയ്ക്കായി ഒരുക്കിയ പ്രത്യേക സ്റ്റേജില്‍ കണ്ണുമടച്ച് ഷിജി നിന്നു. ഭാഗ്യചക്രം കറങ്ങി ഏത്ര ദിർഹത്തിലാണ് നില്‍ക്കുന്നതെന്ന് അറിയാന്‍ ഓരോരുത്തരും ആകാംക്ഷയോടെ കാത്ത് നില്‍ക്കുമ്പോഴും ഷിജി കണ്ണുതുറന്നില്ല. കിട്ടുന്നതെത്രയായാലും ദൈവത്തിന്റെ സമ്മാനമാണിതെന്ന് വിശ്വസിക്കാനാണ് കോട്ടയം മോനിപ്പളളി സ്വദേശി ഷിജി ഇഷ്ടപ്പെട്ടത്.

മർഹബ മാളിലെത്തി വീട്ടിലേക്കുളള സാധനങ്ങള്‍ വാങ്ങിയപ്പോഴാണ് റാഫിള്‍ ഡ്രോയിലേക്കുളള കൂപ്പണ്‍ ലഭിച്ചത്. പിന്നീട് റാഫിള്‍ ഡ്രോ അധികൃതർ ഫോണിലൂടെയാണ് സ്പിന്‍ ആന്റ് വിന് ജേതാവായിട്ടുണ്ടെന്ന് അറിയിച്ചത്. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച ഗ്ലോബല്‍ വില്ലേജിലെത്തിയിരുന്നു. സ്റ്റേജിലൊരുക്കിയ സ്പിന്നീംഗ് വീല്‍ തല്‍സമയം കറക്കിയാണ് 7500 ദിർഹം ഷിജിക്ക് സമ്മാനമായി ലഭിച്ചത്. ഏറെ സന്തോഷമുണ്ടെന്നും തന്നാലാവും വിധം മറ്റുളളവരെ സഹായിക്കണമെന്നും ഷിജി പ്രതികരിച്ചു. ഭർത്താവിനൊപ്പമെത്തിയാണ് സമ്മാനം വാങ്ങി ഷിജി മടങ്ങിയത്.
