കോഴിക്കോട്: കോണ്‍ഗ്രസിന്റെ തലപ്പത്ത് ന്യുനപക്ഷവിഭാഗക്കാരില്ലെന്ന സി.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനക്ക് രൂക്ഷമായ ഭാഷയില്‍ മറുപടി പറഞ്ഞ് കെ. മുരളീധരന് എംപി.
ന്യൂനപക്ഷവര്‍ഗീയപരാമര്‍ശങ്ങള്‍ കോടിയേരി നടത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകനായ മുഹമ്മദ് റിയാസിനെ മുഖ്യമന്ത്രിയാക്കാനാണ്. പിണറായിയുടെ അമിത് ഷായാണ് കോടിയേരിയെന്നും, റിയാസിനെ അങ്ങനെ കോണ്‍ഗ്രസിന്റെ ചെലവില്‍ മുഖ്യമന്ത്രിയാക്കണ്ടെന്നും മുരളീധരന് പരിഹസിക്കുന്നു.
കോണ്‍ഗ്രസ് നേതൃത്വത്തില്‍ ന്യൂനപക്ഷനേതാക്കളെവിടെ എന്ന കോടിയേരി ബാലകൃഷ്ണന്റെ ചോദ്യം വലിയ ചര്‍ച്ചയായിരുന്നു. ഗുലാം നബി ആസാദും, കെ വി തോമസും, സല്മാന് ഖുര്‍ഷിദും അടക്കമുള്ള നേതാക്കളെവിടെയാണിപ്പോള്‍ എന്ന് കോടിയേരി ചോദിക്കുമ്പോള്‍, വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കാണുന്നുണ്ട്.
കോടിയേരി കോണ്‍ഗ്രസിന്റെ കാര്യത്തില്‍ അഭിപ്രായം പറയേണ്ട കാര്യമില്ല. അതിനുള്ള സാഹചര്യമില്ല. കോണ്‍ഗ്രസ് മതേതരപാര്‍ട്ടിയല്ല എന്നാണ് കോടിയേരിയുടെ അഭിപ്രായമെങ്കില്‍ ഇന്ത്യയില്‍ വേറെ എവിടെയും സി.പി.എമ്മിന് കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് പറയാന്‍ ധൈര്യമുണ്ടോയെന്നും മുരളീധരന് ചോദിച്ചു.