അബുദബിയിലെ ഹൂതി ആക്രമണം: അപലപിച്ച് യുഎഇ, യുഎഇയ്ക്ക് പിന്തുണ അറിയിച്ച് ലോക രാജ്യങ്ങള്‍

അബുദബി : അബുദബിയില്‍എണ്ണടാങ്കറുകളിലുണ്ടായ സ്ഫോടനത്തെ അപലപിച്ച് യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണമന്ത്രാലയം. ഇത്തരം ഹീനകൃത്യങ്ങള്‍ക്കെതിരെയും തീവ്രവാദ ആക്രമണങ്ങള്‍ക്കെതിരെയും രാജ്യം പ്രതികരിക്കുന്നുവെന്ന് മന്ത്രാലയത്തിന്‍റെ വാർത്താകുറിപ്പ് വ്യക്തമാക്കുന്നു. ഹൂതികള്‍ നടത്തുന്ന ഇത്തരത്തിലുളള ആക്രമണങ്ങള്‍ മേഖലയുടെ അസ്ഥിരത ലക്ഷ്യമിട്ടാണ്. ഇതിനെതിരെ അന്താരാഷ്ട്ര സമൂഹം പ്രതികരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ആക്രമണത്തില്‍ ജീവഹാനി നേരിട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നും പരുക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും പ്രസ്താവനയില്‍ പറയുന്നു.

യുഎഇയ്ക്ക് പിന്തുണയർപ്പിച്ച് ലോകരാജ്യങ്ങള്‍

2 ഇന്ത്യാക്കാരുള്‍പ്പടെ 3 പേരുടെ മരണത്തിന് ഇടയാക്കിയ തീവ്രവാദ ആക്രമണത്തെ അപലപിച്ച് ലോക രാജ്യങ്ങള്‍. പൗരന്മാ‍ർക്കെതിരെയും അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരെയുമുളള ആക്രമണങ്ങള്‍ അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരം നിരോധിച്ചതാണെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു.
ശക്തമായ ഭാഷയില്‍ അപലപിക്കുന്നുവെന്ന് സൗദി അറേബ്യയുടെ വിദേശ കാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. യുഎഇയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച സൗദി അറേബ്യ മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കുമായി എന്നും ഒപ്പമുണ്ടാകുമെന്നും അറിയിച്ചു.
അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് യുഎഇയ്ക്ക് നേരെയുണ്ടായ ആക്രമണമെന്ന് ബഹ്റിന്‍ വിദേശ കാര്യമന്ത്രാലയം പറഞ്ഞു.
ഇത്തരം ആക്രമണങ്ങളെ ചെറുക്കാന്‍ രാജ്യാന്തര സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് കുവൈറ്റ് ആവശ്യപ്പെട്ടു.
യുഎഇയ്ക്കുളള പിന്തുണ അറിയിച്ച ഒമാന്‍ മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കുമായുളള നടപടികളിലേക്ക് ലോകം കടക്കണമെന്ന് ആവശ്യപ്പെട്ടു. ഖത്തറും ശക്തമായ ഭാഷയിലാണ് ആക്രമണത്തെ അപലപിച്ചത്.
ഭീരുത്വം നിറഞ്ഞ ആക്രമണമെന്നനായിരുന്നു ജിസിസി സെക്രട്ടറി ജനറല്‍ നായെഫ് ഫലാ മുബാറക്ക് അല്‍ ഹജ്രാഫിന്‍റെ പ്രതികരണം. ജിസിസി ഒറ്റക്കെട്ടായി യുഎഇയ്ക്ക് ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജോർദ്ദാനും യുഎഇയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. യെമന്‍ വിദേശകാര്യമന്ത്രാലയവും ആക്രമണത്തെ അപലപിച്ചു.

Leave a Reply