ഓ‍ർമ്മകള്‍ പങ്കുവച്ച് ഓണക്കൂർ, മാധ്യമപ്രവർത്തരോട് ഹൃദയം കൊണ്ട് സംവദിച്ച് പ്രിയ എഴുത്തുകാരന്‍

ദുബായ് : കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം നേടിയ സാഹിത്യകാരന്‍ ജോർജ്ജ് ഓണക്കൂറിന് യുഎഇയിലെ മാധ്യമകൂട്ടായ്മ സ്നേഹാദരം നല്‍കി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങള്‍ക്കുളള പ്രിയ എഴുത്തുകാരന്‍റെ മറുപടി പലപ്പോഴും ഓർമ്മകളിലേക്കുളള മടക്കം കൂടിയായി.

” ഹൃദയം കൊണ്ട് ചേർത്തുവയ്ക്കുന്ന ഭൂമിയാണ് എന്നും യുഎഇ, കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് അറിയുമ്പോള്‍ ഇവിടെയായിരുന്നുവെന്നുളളത് യാദൃശ്ചികതയാകാമെന്നും അദ്ദേഹം പറഞ്ഞു. പുരസ്കാരലബ്ധി ആഘോഷിക്കണമെന്ന് പ്രിയപ്പെട്ടവർ പറഞ്ഞപ്പോള്‍ അവരോട് ഒരു കാര്യം മാത്രമെ പറഞ്ഞുളളൂ, കണ്ണീരിന്‍റെ കാലമാണിത്, ആഘോഷങ്ങള്‍ക്ക് പ്രസക്തിയില്ല, സ്നേഹം ഹൃദയരാഗമായൊഴുകട്ടെ,” ജോർജ്ജ് ഓണക്കൂർ പറഞ്ഞു.

“കേന്ദ്രസാഹിത്യപുരസ്കാരം നേടിയ ഹൃദയരാഗമെന്ന കൃതിക്ക് ആദ്യം നല്‍കാന്‍ കരുതിയിരുന്ന പേര് അജ്ഞാതന്‍റെ കരസ്പ‍ർശമെന്നായിരുന്നു. ജീവിതത്തില്‍ പലപ്പോഴും അജ്ഞാതമായ ഒരു ശക്തി പിന്തുണനല്‍കുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. എന്നാല്‍ പിന്നീട് ഹൃദയരാഗമായി പുസ്തകം പുറത്തിറങ്ങുകയായിരുന്നു.”

“ഒരിക്കല്‍ ഒരു മാധ്യമ പ്രവർത്തകന്‍ ആരാണ് താങ്കളെന്ന് ചോദ്യം ഉന്നയിച്ചു, മറുപടി നല്‍കിയത് ഇങ്ങനെയാണ്, ഉഴവുചാലില്‍ കിളിർത്തൊരു ചെടിയാണ്, ആരുടെയൊക്കെയോ കരുണയാല്‍ പറിച്ചുനട്ടപ്പെട്ട ചെടി, ആരുടെയോ അലിവിലൊഴുകിയ വെള്ളം ജീവാമൃതമായി, ആ ചെടി വളർന്നു, പുഷ്പിച്ചു, അതാണീ ജീവിതം,”എഴുത്തുകാരന്‍ പറഞ്ഞുനിർത്തി.

“പലരും തന്നെ കുറിച്ച് അമ്മ മനസുളള എഴുത്തുകാരനെന്ന് പറയാറുണ്ട്. സ്ത്രീകളെ മോശമാക്കിയുളള എഴുത്തുകാരോട് താല്‍പര്യമില്ല,” നിലപാട് വ്യക്തമാക്കി ജോർജ്ജ് ഓണക്കൂർ.

അടുത്തവീട്ടില്‍ നിന്നുയർന്നുകേട്ട രാമായണം ശ്രവിക്കാനും അതുകഴിഞ്ഞുമതി ഇവിടത്തെ വായനയെന്നും പറഞ്ഞുതന്നിരുന്ന അമ്മയും അമ്മൂമ്മയും, എല്ലാത്തിനേയും അംഗീകരിക്കുകയെന്നുളള ആദ്യ പാഠം പഠിച്ചതങ്ങനെയാണ്, അതുതന്നെയാണ് നമ്മുടെ നാടിന്‍റെ മതേതരത്വവും. അത്തരം അനുഭവങ്ങളിലൂടെ കടന്നുവന്നതുകൊണ്ടുതന്നെ മനുഷ്യത്വത്തിലൂന്നിയാണ് എന്നും എഴുതിയിട്ടുളളതെന്നും അദ്ദേഹം പറഞ്ഞു.

“സൗന്ദര്യമാണ് ലഹരി, മറ്റൊരു ലഹരിയും മനസിലേക്ക് വന്നിട്ടില്ല. അതുകൊണ്ടുതന്നെയാണ് സിനിമയില്‍ കൂടുതല്‍ നില്‍ക്കാനാവാതെ പോയത്. പുകവലിക്കില്ലെന്ന് അമ്മയ്ക്ക് നല്‍കിയ വാക്കാണ്, അതിതുവരെയും തെറ്റിച്ചിട്ടില്ല, ഇനി തെറ്റിക്കുകയുമില്ല, അമ്മയാണ് എല്ലാം..” ജോർജ്ജ് ഓണക്കൂർ മനസുകൊണ്ടൊരുനിമിഷം അമ്മയുടെ മുന്നിലെത്തിയതുപോലെ.

യുഎഇയിലെ ഇന്ത്യന്‍ മാധ്യമ കൂട്ടായ്മയ്ക്ക് അദ്ദേഹത്തെ ആദരിക്കാന്‍ ലഭിച്ച അവസരം അനുഗ്രഹനിമിഷമാണെന്ന് അധ്യക്ഷ പ്രസംഗം നടത്തിയ മാധ്യമപ്രവർത്തകന്‍ രാജുമാത്യു പറഞ്ഞു. പഠിപ്പിച്ചിട്ടില്ലെങ്കിലും ജോർജ്ജ് ഓണക്കൂർ സാർ അധ്യാപകനായ ക്യാംപസില്‍ അതേ കാലയളവില്‍ വിദ്യാ‍ർത്ഥിയായിരിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. ഗുരുസ്ഥാനീയനാണെന്നും അദ്ദേഹം. കാലാതീതമായി അക്ഷരവെളിച്ചം പകർന്നുതരാന്‍ അദ്ദേഹത്തിന് കഴിയട്ടെയെന്നും രാജുമാത്യു പറഞ്ഞു. മാധ്യമകൂട്ടായ്മയുടെ സ്നേഹോപഹാരം ജോർജ്ജ് ഓണക്കൂറിന് സമ്മാനിച്ചു.

കാലാതിവർത്തിയായി നിലനില്‍ക്കുന്ന കൃതിയാണ് ഉള്‍ക്കടലെന്ന് ആശംസകള്‍ അർപ്പിച്ചുകൊണ്ട് മാധ്യമപ്രവത്തകന്‍ കെ എം അബ്ബാസും പറഞ്ഞു. കെഎം അബ്ബാസ് രചിച്ച നോവലൈറ്റുകള്‍ അദ്ദേഹത്തിന് സമ്മാനിച്ചു.

ഹൃദയരാഗം എത്രയോ പേരുടെ ഹൃദയങ്ങളിലൂടെയാണ് കടന്ന് പോയതെന്ന് മാധ്യമപ്രവർത്തക വനിതാ വിനോദ് പറഞ്ഞു. തന്‍സി ഹാഷി‍ർ സ്വാഗതം പറ‍ഞ്ഞു. സുജിത് സുന്ദരേശന്‍ നന്ദി രേഖപ്പെടുത്തി.വിവിധ മാധ്യമങ്ങളിലെ മാധ്യമപ്രവർത്തകരും ചടങ്ങില്‍ സംബന്ധിച്ചു.

Leave a Reply