ദുബായ്: യുഎഇയിലേക്കുളള യാത്രയ്ക്കായി നാട്ടിലെ വിമാനത്താവളങ്ങളില്‍ എടുക്കുന്ന റാപ്പിഡ് പിസിആർ പരിശോധനയില്‍ ഉയർന്ന വിവാദങ്ങള്‍ക്ക് മറുപടി നല്കി മൈക്രോ ഹെല്‍ത്ത്. കൃത്യതയോടെയാണ് മൈക്രോ ഹെല്‍ത്ത് പരിശോധനകള്‍ പൂർത്തിയാക്കുന്നത്. കോവിഡ് പോസിറ്റീവാണെന്ന് ബോധ്യപ്പെട്ടാല്‍ വീണ്ടും പരിശോധന നടത്തി ഉറപ്പുവരുത്തിയതിന് ശേഷമാണ് യാത്രാക്കാരനെ അക്കാര്യം അറിയിക്കുന്നതെന്നും മൈക്രോ ഹെൽത് ലബോറട്ടറീസ് സി ഇ ഒ ഡോ. സി കെ നൗഷാദ് ദുബായില്‍ വാർത്താസമ്മേളത്തില്‍ പറഞ്ഞു. ആർടിപിസിആർ, റാപ്പിഡ്, ആന്റിജന്‍ ഈ മൂന്ന് പരിശോധനകളും വ്യത്യസ്തമാണ്. വിമാനത്താവളങ്ങളില്‍ നടത്തുന്ന റാപ്പിഡ് പരിശോധനകള്‍ കുറ്റമറ്റതല്ല, എന്നാല്‍ മൈക്രോ ഹെല്‍ത്ത് ലോകത്തിലെ തന്നെ ഏറ്റവും കൃത്യതയുളള ഉപകരണങ്ങളുപയോഗിച്ചാണ് പരിശോധന നടത്തുന്നത്. വിവിധ സാഹചര്യങ്ങള്‍ കൊണ്ട് പരിശോധനാഫലത്തില്‍ മാറ്റങ്ങള്‍ ഉണ്ടായേക്കാം. സ്രവമെടുക്കുന്ന ആളുടെ പരിചയകുറവ് അതില്‍ പ്രധാനമാണ്. മറ്റൊന്ന് കോവിഡ് പരിശോധനയ്ക്കായി സ്രവമെടുക്കുന്ന സമയത്ത് അവിടെ രോഗാണുവിന്റെ സാന്നിദ്ധ്യമില്ലാതിരിക്കുകയെന്നുളളതാണ്. അങ്ങനെ വരുമ്പോള്‍ ഒരു ദിവസം തന്നെ ഒരു വ്യക്തിയുടെ പരിശോധനാഫലം പോസിറ്റീവാകാനും നെഗറ്റീവാകാനും സാധ്യതയുണ്ട്. കോവിഡ് പോസിറ്റാവാണെന്ന് പരിശോധനയില്‍ വ്യക്തമായാല്‍ അതത് രാജ്യത്തെ ആരോഗ്യമാർഗ നിർദ്ദേശങ്ങള്‍ അനുസരിക്കാന്‍ ഓരോരുത്തരും ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹ്യപ്രവർത്തകന്റെ ആരോപണത്തിനുളള മറുപടി
തിരുവനന്തപുരത്ത് അദ്ദേഹം പരിശോധന നടത്തിയപ്പോള്‍ കോവിഡ് പോസിറ്റീവാണെന്ന് വ്യക്തമായതാണ്. കേരള സർക്കാരിന്റെ ആരോഗ്യമാർഗനിർദ്ദേശമനുസരിച്ച് സമ്പർക്കവിലക്കില്‍ കഴിയേണ്ട അദ്ദേഹം കൊച്ചിയിലെത്തി പരിശോധനനടത്തിയത് തന്നെ തെറ്റാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കൊച്ചിയില്‍ നിന്ന് ഷാർജയിലെത്തിയപ്പോള്‍ കോവിഡ് പരിശോധനാഫലം പോസിറ്റീവായിരുന്നു. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ നെഗറ്റീവാണെന്ന തരത്തില്‍ പ്രചരിപ്പിച്ചത് എന്തിനാണെന്ന് വ്യക്തമല്ല. സമൂഹമാധ്യമങ്ങളിലെ അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാമായിരുന്നുവെങ്കിലും ഒരു കമ്പനിയെന്നുളള രീതിയില്‍ അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നുവെന്നും മൈക്രോ ഹെൽത് ലബോറട്ടറീസ് സി ഇ ഒ ഡോ. സി കെ നൗഷാദ് പറഞ്ഞു. തിരുവനന്തപുരത്ത് അദ്ദേഹം പരിശോധനയ്ക്കായി എത്തിയപ്പോള്‍ എല്ലാവരെയും പോലെയാണ് അദ്ദേഹത്തേയും പരിഗണിച്ചത്. ഹൈ പ്രൊഫൈലുളള ആളാണെന്ന് ജീവനക്കാർക്ക് മനസിലായില്ല, അതുമാത്രമല്ല, മുന്നിലെത്തുന്ന എല്ലാവരും തങ്ങള്‍ക്ക് വിഐപികളാണെന്നും അദ്ദേഹം പറഞ്ഞു. ഇതൊരുപക്ഷെ സാമൂഹ്യപ്രവർത്തകന്‍ മുഷിച്ചിലുണ്ടാക്കിയിട്ടുണ്ടാകാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

റാപ്പിഡ് പിസിആർ വില നിയന്ത്രിക്കുന്നത് സർക്കാരുകള്‍
വിമാനത്താവളങ്ങളിലെ റാപ്പിഡ് പിസിആർ പരിശോധനയ്ക്ക് ചെലവേറെയാണ്. വിമാനത്താവളങ്ങളിലെ യൂട്ടിലിറ്റി ചാർജ്ജ് ഉള്‍പ്പടെയുളള കാര്യങ്ങള്‍ കൂടി പരിഗണിച്ചാണ് വില നിശ്ചയിക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കാണ് ഈടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് വിമാനത്താവളത്തില്‍ എയർ പോർട്ട് അതോറിറ്റിയുടെ നിർദ്ദേശ പ്രകാരം യൂട്ടിലിറ്റി ചാർജ്ജ് ഒഴിവാക്കിയതിനാലാണ് അവിടെ മാത്രം 1580 രൂപയായതെന്നും അദ്ദേഹം വ്യക്തമാക്കി. എക്സ്പ്രസ് പരിശോധന അംഗീകരിക്കപ്പെട്ടാല്‍ നിരക്കില്‍ വലിയ കുറവുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ടാറ്റയുമായി മൈക്രോ ഹെല്‍ത്ത് കൈകോർക്കുകയാണ്. വലിയ പ്രതീക്ഷയോടെയാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
മൈക്രോ ഹെൽത് സി ഒ ഒ ദിനേശ് കുമാർ സുന്ദർ രാജ്, ഡോ ജിഷ, ദുബായ് മൈക്രോ ഹെല്‍ത്ത് ഡയറക്ടർ വി പി അഹ്മദ്, ദുബായ് മൈക്രോഹെല്‍ത്ത് പ്രതിനിധി ഹക്കീം തുടങ്ങിയവരും വാർത്താസമ്മേളത്തില്‍ പങ്കെടുത്തു