മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്‌സ് ജനുവരിയില്‍ 22 ഷോറൂമുകള്‍ തുറക്കും

ദുബായ് : പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്‌സ് പുതുവര്‍ഷം ജനുവരിയില്‍ ഇന്ത്യയിലും വിദേശത്തുമായി 22 ഷോറൂമുകള്‍ തുറക്കുന്നു. 800 കോടി രൂപയുടെ നിക്ഷേപത്തിലാണ് പുതിയ തുടക്കം. ഇന്ത്യയില്‍ റീടെയില്‍ ജ്വല്ലറി രംഗത്ത് ആദ്യമായാണ് ഒരേ ഗ്രൂപ് ഒന്നിച്ച് ഇത്രയധികം ഷോറൂമുകള്‍ ആരംഭിക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ ജ്വല്ലറി ഗ്രൂപ്പായി മാറുകയെന്ന ലക്ഷ്യത്തിലേക്ക് മലബാര്‍ ഗ്രൂപ് അതിവേഗം മുന്നേറുകയാണ്. ഷോറൂമുകളുടെ എണ്ണം 750 ആയി വര്‍ധിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുതെന്ന് ചെയര്‍മാന്‍ എം.പി അഹമ്മദ് പറഞ്ഞു. റീടെയില്‍ രംഗത്തും ഫാക്ടറി മേഖലയിലുമായി ഈ വര്‍ഷം അയ്യായിരത്തിലേറെ പേര്‍ക്ക് പുതുതായി തൊഴില്‍ നല്‍കാന്‍ കഴിയുന്ന വികസന പദ്ധതികളാണ് മലബാര്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. ജനുവരിയില്‍ തുറക്കുന്ന ഷോറൂമുകളില്‍ പത്തെണ്ണം ഇന്ത്യയിലും 12 എണ്ണം വിദേശ രാജ്യങ്ങളിലുമാണ്. ലോകത്തിലെ ഏറ്റവും വലിയ റീടെയ്ല്‍ ജ്വല്ലറി ഗ്രൂപ്പായി മാറുകയെന്ന ലക്ഷ്യത്തോടെ ആഗോള തലത്തില്‍ അതിവേഗ വികസന പദ്ധതികളാണ് മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്‌സ് നടപ്പാക്കുന്നത്. ഇതിന്‍റെ ഭാഗമായാണ് ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും തുടര്‍ച്ചയായി പുതിയ ഷോറൂമുകള്‍ ആരംഭിക്കുന്നത്.
2022 ജനുവരി 8 ന് ബംഗളൂരുവിലെ എം.ജി റോഡില്‍ ആര്‍ട്ടിസ്ട്രി ഷോറൂം, 9ന് മഹാരാഷ്ട്രയിലെ സോളാപ്പൂര്‍, 13ന് തെലങ്കാനയിലെ സിദ്ദിപ്പേട്ട്, മലേഷ്യയിലെ സെറിബാന്‍ മൈഡിന്‍ മാള്‍, 14ന് തമിഴ്‌നാട്ടിലെ തിരുപ്പൂര്‍, 20 ന് മലേഷ്യയിലെ പെനാംങ്, 21ന് ബംഗളൂരുവിലെ എച്ച്.എസ്.ആര്‍ ലേ ഔട്ട്, 22ന് ഉത്തര്‍പ്രദേശിലെ വാരാണസി, ഖത്തര്‍ ഗറാഫയിലെ ലാന്‍ഡ്മാര്‍ക് ഷോപ്പിംഗ് മാള്‍, ഖത്തര്‍ അല്‍ മീറ ജെറിയന്‍ ജെനൈഹത്ത്, ഒമാനിലെ അല്‍ ഖൗദ് മാള്‍, മാള്‍ ഓഫ് ഒമാന്‍, 27 ന് ഛത്തീസ്ഗഢിലെ റായ്പൂര്‍, 28ന് മഹാരാഷ്ട്രയിലെ പൂനെ, 29ന് ഷാര്‍ജയിലെ സിറ്റി സെന്റര്‍ അല്‍ സാഹിയ മാള്‍, ദുബൈ ഗോള്‍ഡ് സൂഖില്‍ മൂന്ന് ഷോറൂമുകള്‍, ദുബൈയിലെ ജബല്‍ അലി ക്രൗണ്‍ മാള്‍, ഷാര്‍ജയിലെ ലുലു മുവയ്‌ല ഹൈപര്‍ മാര്‍ക്കറ്റ്, 30ന് ഹരിയാനയിലെ ഗുരുഗ്രാം, ഡല്‍ഹിയിലെ പ്രീത് വിഹാര്‍ എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നത്.
വലിയ വിപുലീകരണ പദ്ധതികള്‍ ഏറ്റെടുത്തു കൊണ്ടാണ് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് പുതുവര്‍ഷത്തിലേക്ക് പ്രവേശിക്കുന്നതെന്ന് ചെയര്‍മാന്‍ എം.പി അഹമ്മദ് പറഞ്ഞു. ”കഴിഞ്ഞ 28 വര്‍ഷത്തിനുള്ളില്‍ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ജ്വല്ലറി മേഖലയില്‍ വലിയ വളര്‍ച്ചയാണ് കൈവരിച്ചത്. കമ്പനിക്ക് ശക്തമായ സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതോടെപ്പം വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളും സേവനങ്ങളുമായി പുതിയ വിപണികളിലേക്ക് പ്രവേശിക്കുന്നതിനും സാധിക്കുന്നുണ്ട്. പുതുതായി ആരംഭിക്കുന്ന എല്ലാ ഷോറൂമുകളും ഉപയോക്താക്കള്‍ക്ക് നൂതന ഷോപ്പിംഗ് അനുഭവം പ്രദാനം ചെയ്യുമെന്ന് ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ട്. സുതാര്യതയും വിശ്വാസ്യതയും ഗുണമേന്മയും മികച്ച സേവനങ്ങളുമാണ് ഞങ്ങള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുന്ന ഉറപ്പ്. ‘ഇന്ത്യയില്‍ നിര്‍മിക്കുക, ലോകത്ത് വിപണനം ചെയ്യുക’ എന്നതാണ് കമ്പനി അംഗീകരിച്ച വികസന തന്ത്രം. ലോക വിപണിയില്‍ ഇന്ത്യന്‍ ജ്വല്ലറി ബ്രാന്‍ഡിന്റെ വലിയ സാധ്യതകള്‍ പ്രയോജനപ്പെടുത്തുക, നിര്‍മാണത്തിലൂടെ ഇന്ത്യയില്‍ കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാക്കുക. ഇതാണ് നയം” -എം.പി അഹമ്മദ് വിശദീകരിച്ചു.


കമ്പനിയുടെ ഭാവി വികസന പദ്ധതിയില്‍ തങ്ങള്‍ വളരെ ആവേശഭരിതരാണെന്ന് മലബാര്‍ ഗ്രൂപ് വൈസ് ചെയര്‍മാന്‍ കെ.പി അബ്ദുല്‍ സലാം പറഞ്ഞു. ഒരു വശത്ത് ബംഗളൂരുവിലെ ആര്‍ട്ടിസ്ട്രി ജ്വല്ലറി ഷോറൂമുകള്‍ പോലെ വലിയ ഷോറൂമുകള്‍ സ്ഥാപിക്കുമ്പോള്‍ തന്നെ മറുവശത്ത് ഇന്ത്യയിലെയും വിദേശത്തെയും ചെറിയ നഗരങ്ങളില്‍ അവക്ക് അനുയോജ്യമായ രീതിയിലുള്ള ഷോറൂമുകള്‍ സ്ഥാപിക്കുന്നതിലും ഞങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. ദ്വിമുഖ വികസന രീതി വളരെ മികച്ച ഫലം ഉണ്ടാക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആഭരണ വ്യാപാര രംഗത്ത് വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളും മികച്ച സേവനങ്ങളും നല്‍കി തങ്ങള്‍ക്ക് ശക്തമായ സാന്നിധ്യമുള്ള മേഖലകളില്‍ കൂടുതല്‍ ഉപയോക്താക്കളിലേക്ക് എത്തുന്നതോടൊപ്പം മറ്റിടങ്ങളില്‍ പുതിയ വിപണി സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് വികസന പദ്ധതികളിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഇന്ത്യാ ഓപറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഒ.അഷര്‍ പറഞ്ഞു. ഗ്രാമ-നഗര വിപണികളില്‍ നല്ല സാധ്യതകള്‍ അതിവേഗം ഉയര്‍ന്നു വരികയാണെന്നാണ് ഞങ്ങളുടെ പഠനം സൂചിപ്പിക്കുന്നത്. അതനുസരിച്ച് പുതിയ വിപണികളില്‍ ഉപയോക്താക്കള്‍ക്ക് മികച്ച നിലവാരത്തിലുള്ള സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കുന്നുണ്ടെും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ജ്വല്ലറി ബ്രാന്‍ഡിന് വിദേശങ്ങളില്‍ വലിയ സ്വീകാര്യതയും വിശ്വാസ്യതയും നേടിക്കൊടുക്കുന്നതില്‍ മലബാറിന്റെ സാന്നിധ്യം വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് കമ്പനിയുടെ ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. വിപുലീകരണ പദ്ധതികള്‍ ഇന്ത്യയിലും അന്താരാഷ്ട്ര മാര്‍ക്കറ്റിലും മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന്റെ സാന്നിധ്യം ശക്തിപ്പെടുത്തും.
ലോകത്തിലെ ഏറ്റവും വലിയ ഉത്തരവാദിത്ത ജ്വല്ലറി എന്നതാണ് കമ്പനിയുടെ പ്രഖ്യാപിത ലക്ഷ്യം. അതുകൊണ്ട് തന്നെ, സ്വര്‍ണത്തിന്റെ ഖനനം മുതല്‍ ഉപയോക്താക്കളുടെ കൈകളിലെത്തുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളും നൂറു ശതമാനം സുതാര്യമാണ്. അംഗീകൃത സ്രോതസ്സുകളില്‍ നിന്നും ഉത്തരവാദിത്തത്തോടെ ശേഖരിക്കുന്ന സ്വര്‍ണം മാത്രമാണ് മലബാര്‍ വില്‍പന നടത്തുന്നത്. ആഗോള തലത്തില്‍ ഏറ്റവും മികച്ച അഞ്ച് ജ്വല്ലറികളിലൊന്നാണ് മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്‌സ്. വിവിധ വിപണികളില്‍ മുന്നേറ്റം നടത്തുന്നത് സുതാര്യതയും വിശ്വാസ്യതയും അടിസ്ഥാനമാക്കിയാണ്.
മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സിന് നിലവില്‍ 10 രാജ്യങ്ങളില്‍ ശക്തമായ സാന്നിധ്യമുണ്ട്. ഷോറൂമുകള്‍ക്ക് പുറമെ 14 മൊത്ത വ്യാപാര യൂണിറ്റുകളും ഇന്ത്യയിലും വിദേശത്തുമായി ഒമ്പത് ആഭരണ നിര്‍മാണ കേന്ദ്രങ്ങളും കമ്പനിക്കുണ്ട്. 4.5 ബില്യന്‍ യുഎസ് ഡോളറാണ് കമ്പനിയുടെ വാര്‍ഷിക വിറ്റുവരവ്.
കമ്പനിയുടെ ലാഭത്തിന്റെ അഞ്ചു ശതമാനം സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്നുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, വനിതാ ശാക്തീകരണം, പാവപ്പെട്ടവര്‍ക്കുള്ള പാര്‍പ്പിട നിര്‍മാണം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകള്‍ക്കാണ് കമ്പനി ഊന്നല്‍ നല്‍കുന്നത്. ഉപേക്ഷിക്കപ്പെടുവരും ആരോരുമില്ലാത്തവരുമായ അമ്മമാരെ അന്തസ്സായി പുനരധിവസിപ്പിക്കാനുള്ള പദ്ധതി മലബാര്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. സ്ഥലം അനുവദിക്കുകയാണെങ്കില്‍ സംസ്ഥാനത്തെ പ്രധാന ജില്ലകളില്‍ പുനരധിവാസ ഭവനങ്ങള്‍ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് പണിതു കൊടുക്കാമെന്ന് സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്.

Leave a Reply