തൊഴിലാളികള്‍ക്കുളള ബസില്‍ സൗജന്യ വൈഫൈയും ടിവി സ്ക്രീനുമൊരുക്കി മലയാളി ഉടമസ്ഥതയിലുളള കമ്പനി

അജ്മാന്‍ : തൊഴിലാളികള്‍ ജോലി ആവശ്യത്തിന് യാത്ര ചെയ്യുന്ന ബസുകളില്‍ സൗജന്യ വൈഫൈയും ടെലിവിഷന്‍ സ്ക്രീനുകളും സജ്ജമാക്കി മലയാളി ഉടമസ്ഥതയിലുളള കമ്പനി. യാത്രാവേളകള്‍ സന്തോഷകരമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വേൾഡ് സ്റ്റാർ ഹോൾഡിംഗെന്ന കമ്പനി ഈ പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.

നിർമ്മാണ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് അവിടേക്കും തിരിച്ചുമുളള യാത്രകളില്‍ ലഭിക്കുന്ന സമയം ബസ്സിലിരുന്ന് കുടുംബങ്ങളുമായി വീഡിയോകോളിലൂടെ ബന്ധപ്പെടുവാനും, ടെലിവിഷൻ സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്ന മ്യൂസിക് വീഡിയോകൾ ആസ്വദിക്കാനും സാധിക്കും.

ഇതുവഴി അവരുടെ മനസിന് സന്തോഷം നല്കുകയെന്നുളളതാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് വേൾഡ് സ്റ്റാർ ഹോൾഡിങ് മാനേജിങ് ഡയറക്ക്റ്റർ ഹസീന നിഷാദ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഇതിലൂടെ ഏറ്റവും മികച്ച തൊഴിലാളികളാക്കി അവരെ മാറ്റിയെടുക്കാനും കഴിയും. ജോലിത്തിരക്ക് കാരണം പലപ്പോഴും പ്രിയപ്പെട്ടവരെ ബന്ധപ്പെടാനുള്ള സമയം ലഭിക്കുന്നില്ല എന്ന ഒരു വിഷയമാണ് ഇതിലൂടെ പരിഹരിയ്ക്കപ്പെടുന്നതെന്നും അവർ പറഞ്ഞു.


ആദ്യ ഘട്ടത്തിൽ എയർ കണ്ടീഷൻ ചെയ്ത 6 പുതിയ ഹൈട്ടെക്ക് ലേബർ ബസ്സുകളാണ് കമ്പനി പുറത്തിറക്കിയത്. അയ്യായിരത്തോളം തൊഴിലാളികളുള്ള കമ്പനിയുടെ മുഴുവൻ ബസുകളിലും 2025 ഓടെ ഈ സംവിധാനം ഒരുക്കാൻ സാധിക്കുമെന്ന് വേൾഡ് സ്റ്റാർ ഹോൾഡിങ് ചെയർമാൻ നിഷാദ് ഹുസൈൻ പറഞ്ഞു.നിലവിൽ തൊഴിലാളികൾക്ക് മാത്രമായി ഇരുന്നൂറോളം ബസുകളാണ് കമ്പനിയുടെ കീഴില്‍ സേവനം നടത്തുന്നത്.

തൊഴിലാളികൾക്ക് മികച്ച പരിശീലനവും ക്ലാസുകളും നൽകുവാൻ ആധുനിക സൗകര്യങ്ങളോടെ ഷാർജ-സജ്ജയിൽ വിശാലമായ സൗകര്യം ഒരുക്കിയ വേൾഡ് സ്റ്റാർ ഹോൾഡിങ്, കൺസ്ട്രക്ഷൻ സൈറ്റുകളിൽ എത്തിച്ചേരുന്നതിനു മുൻപ് ഹൈട്ടെക് ബസുകളിൽ ജോലിസ്ഥലത്ത് പാലിക്കേണ്ട സുരക്ഷാ-ബോധവൽക്കരണ വീഡിയോകളും പ്രദർശിപ്പിക്കും. ഇതിലൂടെ തൊഴിലാളികളെ കൂടുതൽ സുരക്ഷിതമാക്കാനും സാധിക്കുമെന്ന് കമ്പനി മാനേജർ അറിയിച്ചു.പുതുവത്സര സമ്മാനമായി ലഭിച്ച ഹൈടെക്ക് ബസ്സിന്‍റെ ഫ്ലാഗ് ഓഫ് ചടങ്ങിൽ റെഡ് കാർപ്പറ്റ് സ്വീകരണം ഏറ്റുവാങ്ങിയാണ് തൊഴിലാളികൾ ബസിൽ പ്രവേശിച്ചത്. ഇന്ന് തങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനമാണെന്നും, കമ്പനി തങ്ങൾക്ക് നൽകുന്ന പരിഗണനയ്ക്കും, സൗകര്യങ്ങൾക്കും ഒരുപാട് നന്ദിയുണ്ടെന്നും തൊഴിലാളികൾ പറഞ്ഞു.

ചെയർമാൻ നിഷാദ് ഹുസ്സൈൻ, മാനേജിങ് ഡയറക്റ്റർ ഹസീന നിഷാദ് എന്നിവർക്കൊപ്പം മാനേജർമാരായ പ്രജീഷ് എം, അൻസീർ അബൂബക്കർ, മുഹമ്മദ് ഷാഹിദ്, ഷാജഹാൻ ഇബ്രാഹിം എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply