ആഫ്രിക്കന്‍ പശ്ചാലത്തലമായൊരുങ്ങിയ ‘ജിബൂട്ടി’ നാളെ തിയറ്റുകളിലെത്തും

ദുബായ് : കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലെത്തുന്ന രണ്ട് സുഹൃത്തുക്കളുടെ കഥപറയുന്ന ചിത്രം ജിബൂട്ടി നാളെ റിലീസ് ചെയ്യും. യുഎഇ ഉള്‍പ്പടെയുളള ഗള്‍ഫ് രാജ്യങ്ങളില്‍ 48 സ്ക്രീനുകളിലാണ് ജിബൂട്ടി പ്രദർശിപ്പിക്കുക. അമിത് ചക്കാലക്കല്‍ നായകനായെത്തുന്ന ജിബൂട്ടിയില്‍ പ്രധാന കഥാപാത്രമായി ദിലീഷ് പോത്തനുമെത്തുന്നു. എസ് ജെ സിനുവാണ് സംവിധാനം. സംവിധായകനും ഒപ്പം അഫ്സല്‍ കരുനാഗപ്പളളിയും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചിരിക്കുന്നത്. ബോളിവുഡ് നടിയും ഷിംല സ്വദേശിയുമായ ഷഗുൺ ജസ്വാളാണ് നായിക.

നാട്ടിന്‍ പുറത്തുകാരായ സുഹൃത്തുക്കള്‍ ജിബൂട്ടിയിലെത്തുന്നതും തുടർന്ന് അവർക്കുണ്ടാകുന്ന അനുഭവങ്ങളുമാണ് സിനിമയുടെ പ്രമേയം. ലോക് ഡൗണ്‍ കാലത്താണ് ചിത്രത്തിന്‍റെ ചിത്രീകരണം ജിബൂട്ടിയില്‍ പൂർത്തിയാക്കിയത്. ആ ദേശത്തിന്‍റെ ഭംഗിയും സംസ്കാരവും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകം മുഴുവന്‍ കോവിഡില്‍ ലോക്ഡൗണിലേക്ക് കടന്നപ്പോള്‍ സംഘം ജിബൂട്ടിയിലായിരുന്നു. ആ ദിവസങ്ങളെ അതിജീവിച്ചാണ് ചിത്രം പൂർത്തിയാക്കിയത്. അവിടത്തെ ഭരണാധികാരികളും ജനങ്ങളും നല്‍കിയ പിന്തുണ വലുതാണെന്നും സംവിധായകന്‍ എസ് ജെ സിനു പറഞ്ഞു. ആദ്യ സിനിമയാണ്, തിയറ്ററില്‍ റീലീസ് ചെയ്യണമെന്നുളളത് വലിയ മോഹമായിരുന്നുവെന്നും അദ്ദേഹം ദുബായില്‍ നടത്തിയ വാർത്താസമ്മേളത്തില്‍ പറഞ്ഞു. ഒടിടി റിലീസുകള്‍ കാലത്തിന്‍റെ അനിവാര്യതയാണ്. സിനിമയ്ക്ക് ഗുണമാകും ഒടിടിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യഥാ‍ർത്ഥ കഥയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ജിബൂട്ടി ഒരുങ്ങിയിട്ടുളളതെന്നും അദ്ദേഹം പറഞ്ഞു.

സിനിമ നല്ലതാണെങ്കില്‍ വിജയിക്കുമെന്നുളളതാണ് ഇന്നത്തെ കാലത്തിന്‍റെ പ്രത്യേകത. കഥ കേട്ട് ഇഷ്ടപ്പെട്ടാണ് ജിബൂട്ടിയില്‍ ഭാഗമായതെന്നും ദിലീഷ് പോത്തന്‍ പറഞ്ഞു. എല്ലാത്തരം സിനിമകളും വരണമെന്നും അദ്ദേഹം പറഞ്ഞു.

ഒരുപാട് കലാകാരന്മാ‍ർ കഥകേട്ട്, ആഫ്രിക്കന്‍ രാജ്യത്ത് 50 ദിവസത്തിലധികം തങ്ങേണ്ടിവരുമെന്നുളളതുകൊണ്ട് ചെയ്യാന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് ജിബൂട്ടിയിലേക്ക് താനെത്തുന്നതെന്ന് നായകന്‍ അമിത് ചക്കാലക്കല്‍ പറഞ്ഞു. അത് ഭാഗ്യമായി കരുതുന്നു.വാരിക്കുഴിയിലെ കൊലപാതകമെന്ന സിനിമ കഴിഞ്ഞുനില്‍ക്കുന്ന സമയത്താണ് സിനുവെന്ന സംവിധായകന്‍ സിനിമയെടുക്കുന്നുണ്ടെന്ന് അറിഞ്ഞതും ഭാഗാകാന്‍ കഴിയുമോയെന്ന് അന്വേഷിക്കുന്നതും. ജിബൂട്ടി വ്യത്യസ്ത അനുഭവമാകും പ്രേക്ഷകർക്ക് സമ്മാനിക്കുകയെന്നും അമിത് പറഞ്ഞു. സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്ന ബിജു സോപാനവും പറഞ്ഞു. മനുഷ്യക്കടത്തും പ്രമേയമാകുന്ന ചിത്രത്തില്‍ ഇവരെ കൂടാതെ ജേക്കബ് ഗ്രിഗറി,തമിഴ് നടൻ കിഷോർ,സുനില്‍ സുഖദ തുടങ്ങിയവരുമുണ്ട്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നിവക്ക് പുറമെ, ഫ്രഞ്ച് ഭാഷയിലും ചിത്രം റിലീസ്‌ ചെയ്യുന്നുണ്ട്.ബ്ലൂഹിൽ നെയിൽ കമ്മ്യൂണിക്കേഷന്‍റെ ബാനറിൽ ജോബി. പി. സാമിന്‍റെതാണ് നിര്‍മാണം

Leave a Reply