കോവിഡ് : യുഎഇയിലെ സ്കൂളുകള്‍ വീണ്ടും ഇ ലേണിംഗിലേക്ക്

അബുദബി :യുഎഇയിലെ സ്കൂളുകള്‍ വീണ്ടും ഇ ലേണിംഗ് പഠനത്തിലേക്ക്. സ്കൂളുകളും സ‍ർവ്വകലാശാലകള്‍ അടക്കമുളള വിദ്യാഭ്യാസ സ്ഥാപനങ്ങളും ആദ്യ രണ്ടാഴ്ച ഇ ലേണിംഗ് പഠനത്തിലേക്ക് മാറണമെന്നാണ് നിർദ്ദേശം. ശൈത്യകാല അവധി കഴിഞ്ഞ് ജനുവരി മൂന്നിനാണ് യുഎഇയില്‍ സ്കൂളുകള്‍ തുറക്കുന്നത്. രാജ്യത്ത് പൊതുവായി ഈ നിർദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും അതത് എമിറേറ്റുകളുടെ ദുരന്തനിവാരണ അതോറിറ്റിയാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത്. മാത്രമല്ല സ്വകാര്യ സ്കൂളുകള്‍ക്കും പബ്ലിക് സ്കൂളുകള്‍ക്കും തീരുമാനം ബാധകമാണോയെന്നുളളതും വ്യക്തമല്ല. യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകള്‍ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

ഇലേണിംഗ് പ്രഖ്യാപിച്ച് അബുദബി

എമിറേറ്റിലെ സ്വകാര്യ പബ്ലിക് സ്കൂളുകളില്‍ സ്കൂള്‍ തുറന്ന് ആദ്യ രണ്ടാഴ്ച ഇ ലേണിംഗ് പഠനമായിരിക്കുമെന്ന് അബുദബി എമർജന്‍സി ക്രൈസിസ് ആന്‍റ് ഡിസാസ്റ്റർ കമ്മിറ്റി പ്രഖ്യാപിച്ചു. സ്കൂളുകളിലെത്തിയുളള പഠനം ആരംഭിക്കുന്ന സമയത്ത് സ്വീകരിക്കേണ്ട സുരക്ഷാമുന്‍കരുതലുകളും പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂളുകളിലേക്ക് എത്തുന്നതിന് മുന്‍പ് കോവിഡ് പിസിആർ പരിശോധന നടത്തി നെഗറ്റീവാണെന്ന് ഉറപ്പിക്കണം. സ്കൂളുകളിലേക്ക് കടക്കുന്നതിന് രക്ഷിതാക്കള്‍ക്ക് അല്‍ ഹോസനില്‍ ഗ്രീന്‍ പാസ് നിർബന്ധമാക്കി.

ദുബായില്‍ ഫേസ് ടു ഫേസ് തുടരും

ദുബായില്‍ സ്കൂളുകളിലെത്തിയുളള പഠനം തുടരുമെന്ന് കെഎച്ച്ഡിഎ. കൂട്ടായ ക്ലാസ് മുറികളും പാഠ്യേതര പ്രവർത്തനങ്ങളും നി‍ർത്തലാക്കിയിട്ടുണ്ട്. ഒപ്പം ഒത്തുചേരലുകളും സ്കൂൾ യാത്രകളും ഉണ്ടാവില്ല. ക്യാന്‍റീനുകളും രണ്ടാഴ്ചത്തേക്ക് പ്രവർത്തിക്കില്ല.

Leave a Reply