ഗൾഫിൽ നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി കേന്ദ്രസർക്കാർ 2000 കോടി അനുവദിക്കണമെന്ന് പി.വി.അബ്ദുൾ വഹാബ് എം.പി.

കോവിഡ് കാരണം വിദേശ രാജ്യങ്ങളിൽ നിന്ന് തൊഴിൽ നഷ്ടപ്പെട്ട് മടങ്ങി വരുന്ന 12.68 ലക്ഷത്തോളം മലയാളികളെ പുനരധിവസിപ്പിക്കാൻ കേരളത്തിന് ഒറ്റത്തവണയായി 2000 കോടി രൂപ ധനസഹായം നൽകണമെന്ന് മുസ്ലീം ലീഗിന്റെ രാജ്യസഭാ നേതാവ് പി വി അബ്ദുൾ വഹാബ് എം.പി രാജ്യസഭയിൽ പ്രത്യേക പരാമർശത്തിനുള്ള നോട്ടീസിൽ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസത്തെക്കുറിച്ച് കേരള സർക്കാരിന്റെ വ്യവസായ വകുപ്പും, നോർക്ക വകുപ്പും സംയുക്തമായി 2021 നവംബർ 12 ന് സമർപ്പിച്ച നിവേദനത്തിലേക്ക് അദ്ദേഹം സര്കാരിന്റെ ശ്രദ്ധ ക്ഷണിച്ചു. ഗൾഫിൽ നിന്ന് മടങ്ങിയെത്തുന്നവരെ സാമ്പത്തിക മേഖലയിലേക്ക് വീണ്ടും സമന്വയിപ്പിക്കുന്നതിനുള്ള സമഗ്രമായ പരിപാടിക്ക് അർഹമായ പരിഗണന നൽകണമെന്ന് അദ്ദേഹം കേന്ദ്ര സർക്കാരിനോട്, പ്രത്യേകിച്ച് ധനകാര്യ, നൈപുണ്യ വികസനം, സംരംഭകത്വ, വിദേശകാര്യ മന്ത്രാലയങ്ങളോട് അഭ്യർത്ഥിച്ചു.

പുതിയ ലക്ഷ്യസ്ഥാനങ്ങൾക്കും പുതിയ മേഖലകൾക്കുമുള്ള പുനർ നൈപുണ്യ പരിശീലനം , വായ്പകൾ നൽകുന്നതിനുള്ള സാമ്പത്തിക സഹായം, പ്രവാസികളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സഹായം, ഭവന നിർമ്മാണത്തിനുള്ള സഹായം, രോഗബാധിതർക്കുള്ള സഹായം എന്നിവ ഉൾപ്പെടുന്ന അഞ്ച് പ്രധാന സഹായ മേഖലകളെയാണ് നിവേദനം പരാമർശിക്കുന്നതെന്ന് ശ്രീ. അബ്ദുൽ വഹാബ് എം.പി പറഞ്ഞു.

വിദേശത്ത്‌ നിന്നുള്ള വരുമാനത്തെ വളരെയധികം ആശ്രയിക്കുന്ന കേരളം കോവിഡ് സൃഷ്‌ടിച്ച സാമ്പത്തിക തൊഴിൽ പ്രതിസന്ധിമൂലം അതിഭീകരമായ ദുരവസ്ഥയിലൂടെയാണ് കടന്നു പോകുന്നത് എന്ന് അദ്ദേഹം സഭയെ ഓർമിപ്പിച്ചു.

Leave a Reply