തിരൂർ ശിഹാബ് തങ്ങൾ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ 2022 ഫെബ്രുവരി 26ാം തിയ്യതി നാടിനു സമർപ്പിക്കും

തിരൂരിൽ പ്രവർത്തി പൂർത്തിയായ ശിഹാബ് തങ്ങൾ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ 2022 ഫെബ്രുവരി 26 ന് ശനിയാഴ്ച നാടിന് സമർപ്പിക്കും. 2012 ൽ അന്നത്തെ മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടി ശിലാസ്ഥാപനം നടത്തിയ ഈ സഹകരണ ആശുപ്രതിക്ക് 80 കോടിയോളം രൂപ ചിലവഴിച്ചാണ് നിർമ്മാണം പൂർ ത്തീകരിച്ചിട്ടുള്ളത്. ജില്ലയിലെ അയ്യായിരത്തോളം വരുന്ന സഹകാരികളിൽ നിന്നുമാണ് ഈ തുക സമാഹരിച്ചത്. പ്രവാസി മലയാളികളടക്കമുള്ള സംഘത്തിന്റെ ഷെയർ ഉടമകൾക്ക് ചികിത്സാനുകൂല്യങ്ങളും ലാഭ വിഹിതവും ലഭ്യമാക്കുന്ന വിധമാണ് പദ്ധതി ആവിഷ്ക്കരിച്ചിട്ടുള്ളത്.

ആരോഗ്യ മേഖലയിലെ അതി നൂതനമായ സംവിധാനങ്ങളും ചികിത്സാ രീതിക ളും ലഭ്യമാകുന്ന ആശുപത്രികളിലൊന്നാവും ഇത്. യു.കെ. ഹെൽത്ത് ഡിപ്പാർട്ടുമെന്റിൽ നിന്നും എക്സിക്യൂട്ടീവ് ഡയറക്ടറായി വിരമിച്ച ഡോ. രാജു ജോർജ്ജ് , സി.ഇ. ഒ ആയിട്ടുള്ള മെഡിക്കൽ ടീമിന്റെ നേതൃത്വത്തിൽ വിവിധ വിദേശ യൂണിവേഴ്സിറ്റികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനായി ധാരണയായിട്ടുണ്ട്. അമേരിക്കയിലെ ബോൺ ഹാർവേഡ് യൂണിവേഴ്സിറ്റിയിലെ ജനറ്റിക് റിസർച്ച് വിഭാഗം മേധാവി ഡോ. ജോനാഥൻ പിക്കർ ഹോസ്പിറ്റൽ സന്ദർശിച്ച് തന്റെ ഗവേഷണ കേന്ദ്രങ്ങളിലൊന്നായി ഇതിനെ പരിഗണിക്കുന്നതിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഓഫ് നോർത്ത് ടീസിലെ പീഡിയാട്രിക് ഓൺകോളജി വിഭാഗം എച്ച്. ഒ.ഡി ഡോ. റാണി ജോർജ്ജ്, ഗൈനക്കോളജി ഓൺകോളജി വിഭാഗം എച്ച്.ഒ. ഡി ഡോ. മേരി ജോർജ്ജ് തുടങ്ങിയ പ്രമുഖ ഡോക്ടർമാരും ഈ സ്ഥാപനവുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിന് ധാരണയായിട്ടുണ്ട്.

24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രമുഖ ഡോക്ടർമാരുടെ സേവനത്തോടെ അത്യാധുനിക സൗകര്യത്തോടെയുള്ള ട്രോമാ സെന്റർ പ്രവർത്തിക്കുന്നതാണ്. കൂടാതെ, വിവിധ സ്പെഷ്യാലിറ്റികൾക്കായി ആറോളം ആധുനിക ഓപ്പറേഷൻ തിയേറ്ററുകൾ, നവജാത ശിശുക്കൾക്കായി സജ്ജീകരിച്ച ആധുനിക ന്യൂയോനെറ്റൽ ഐ.സി.യു അടക്കം വിവിധ ഐ.സി.യു കൾ , റേഡിയോളജി ഡിപ്പാർട്ടുമെന്റ്, അത്യാധുനിക ലാബ് സംവിധാനങ്ങളോടെ മോഡേൺ ലേബർറൂം അടക്കം സജ്ജമാക്കിക്കൊണ്ട് ഒന്നര ലക്ഷത്തോളം സ്ക്വയർഫീറ്റിൽ പൂർണ്ണമായും ശീതീകരിച്ച് എല്ലാ നിലയിലേക്കും 1 ലിഫ്റ്റ് സൗകര്യത്തോടെയാണ് ആശുപ്രതി പ്രവർത്തനമാരംഭിക്കുന്നത്. അത്യാധുനിക സംവിധാനത്തോടെയുള്ള ട്രീറ്റ്മെന്റ് പ്ലാന്റും സ്ഥാപിച്ചിട്ടുണ്ട്. എയർ ആംബുലൻസ് സംവിധാനത്തിനായി ഹെലിപ്പാഡും ഒരുക്കിയിട്ടുണ്ട്.

നിർദ്ദിഷ്ട തീരദേശ പാതയുടെ അടുത്ത് പൂർത്തിയായ ഈ ആശുപ്രതി കൊടുങ്ങല്ലൂരിനും ബേപ്പൂരിനും ഇടയിൽ തീരദേശത്തെ ആദ്യത്തെ അത്യാധുനിക സംവിധാനത്തോടു കൂടിയ സൂപ്പർ സ്പെഷ്യാലിറ്റി ആശുപ്രതിയാണ്. ആരോഗ്യ രംഗത്തെ മികച്ച സേവന പാരമ്പര്യമുള്ള ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും എന്നത് കൊണ്ടു തന്നെ ആരോഗ്യ രംഗത്ത് പുത്തൻ ഉണർവ്വ് സമ്മാനിക്കാൻ ഈ സ്ഥാപനത്തിനു കഴിയും. ഭാവിയിൽ നഴ്സിംഗ് കോളേജ്, പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ കൂടി സ്ഥാപിക്കുന്നതിന് മാനേജ്മെന്റ് വിഭാവനം ചെയ്യുന്നു. ജനിതക ചികിത്സാ രംഗത്ത് വിദേശ സർവ്വ കലാശാലകളിലെ വിദഗ്ദ്ധ ഡോക്ടർമാരുമായി ധാരണയായതോടെ അന്താ രാഷ്ട്ര നിലവാരമുള്ള ഒരു ആതുരസേവന കേന്ദ്രമായി ഈ സ്ഥാപനം മാറും.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബ്, ഇ.ടി. മുഹമ്മദ് ബഷീർ സാഹിബ് എം. പി തുടങ്ങിയ പ്രമുഖരുടെ നേതൃത്വത്തിലുള്ള മോണിറ്ററിംഗ് കമ്മറ്റിയാണ് ഈ പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത്. മുൻ എം.എൽ.എ അബ്ദുറഹിമാൻ രണ്ടത്താണി ചെയർമാനും കീഴേടത്തിൽ ഇബ്രാഹിം ഹാജി വൈസ് ചെയർമാനും ഡോ. കെ.പി. ഹുസൈൻ ഫെസിലിറ്റി ചെയർമാൻ, കെ.പി. മുഹമ്മദ്കുട്ടി മെഡിക്കൽ ബോർഡ് ചെയർമാൻ എന്നിവരുടെ നേതൃത്വത്തിൽ പാറപ്പുറത്ത് ബാവഹാജി , വി മുഹമ്മദ്കുട്ടി എന്ന കുഞ്ഞിമോൻ ഹാജി, മുഹമ്മദ് അഷറഫ് ചെറുവക്കത്ത്, വാഹിദ് കപ്പാടത്ത്, അബ്ദുള്ളക്കുട്ടി അമ്മേങ്ങര, ഹംസാപ്പു പൂക്കയിൽ, സൈറാബാനു.പി, സാബിറ കബീർ പി, സഫീന സബീർ, എ.പി. സുധീഷ് തുടങ്ങിയവർ ഡയറക്ടർമാരുമാണ് .

Leave a Reply