സ്വകാര്യമേഖലയിലും ഇനി ഞായർ അവധി ദിനമായേക്കും,പുതിയ വാരാന്ത്യ അവധി പിന്തുടരാന്‍ നിർദ്ദേശിച്ച് യുഎഇ തൊഴില്‍ മന്ത്രി

ദുബായ് : പുതിയ വാരാന്ത്യ അവധി രീതി പിന്തുടരാന്‍ സ്വകാര്യകമ്പനികളോട് നിർദ്ദേശിച്ച് യുഎഇയുടെ മാനവ വിഭവശേഷി സ്വദേശി വല്‍ക്കരണമന്ത്രി. വ്യാപാര-വിപണന മേഖലയ്ക്ക് ഉണർവ്വാകും പുതിയ വാരാന്ത്യ അവധി ദിന തീരുമാനമെന്നാണ് വിലയിരുത്തല്‍. ജീവനക്കാരുടെ പ്രകടനശേഷി വർദ്ധിപ്പിക്കാനും കുടുംബ ഐക്യത്തെ പിന്തുണയ്ക്കാനും കഴിയുന്ന രീതിയില്‍ ജോലി സമയം പുനക്രമീകരിക്കാനും ഡോ അബ്ദുള്‍ റഹ്മാന്‍ അല്‍ അവാർ സ്ഥാപനങ്ങളോട് നിർദ്ദേശിച്ചു. ജുമു അ നമസ്കാരത്തിന് ജീവനക്കാർക്ക് അവധി നല്‍കാന്‍ തൊഴിലുടമകള്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു.

സ്കൂളുകളുടെ സമയക്രമവും മാറും

പുതിയ വാരാന്ത്യ അവധി ദിനങ്ങളോട് അനുസൃതമായി ദുബായിലെ സ്കൂളുകളുടെ സമയവും മാറും. കെഎച്ച്ഡിഎ ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. യുഎഇ സർക്കാരിന്‍റെ തീരുമാനത്തിന് അനുസൃതമായി ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയും തുറന്ന് പ്രവർത്തിക്കും. ട്വീറ്റില്‍ കെഎച്ച് ഡിഎ വ്യക്തമാക്കുന്നു.

പൊതുമേഖലയില്‍ പ്രവൃത്തി ദിവസങ്ങള്‍ നാലര ദിവസമായി കുറച്ച് സുപ്രധാന തീരുമാനമാണ് യുഎഇ ചൊവ്വാഴ്ച പ്രഖ്യാപിച്ചത്. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 7.30 മുതല്‍ വൈകീട്ട് 3. 30 വരെ എട്ടുമണിക്കൂറായിരിക്കും പ്രവ‍ൃത്തിസമയം. വെള്ളിയാഴ്ച രാവിലെ 7.30 മുതല്‍ ഉച്ചക്ക് 12 വരെയും പ്രവൃത്തിദിനമായിരിക്കും. വെളളിയാഴ്ച ഉച്ചക്ക് ശേഷവും ശനി, ഞായർ ദിവസങ്ങളിലും വാരാന്ത്യ അവധിയായിരിക്കുമെന്നാണ് അറിയിച്ചിട്ടുളളത്. ചുരുക്കത്തില്‍ മൊത്തം 36 മണിക്കൂറായിരിക്കും യുഎഇയിലെ പ്രതിവാര പ്രവൃത്തി സമയം.

Leave a Reply