സുവർണജൂബിലി നിറവില്‍ യുഎഇ, രാജ്യമെങ്ങും ആഘോഷപരിപാടികള്‍

ദുബായ് : യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്ന രാജ്യം പിറന്നിട്ട് 50 വ‍ർഷങ്ങള്‍ പൂർത്തിയായി. രാജ്യം ഇന്ന് (ഡിസംബർ 2) സുവ‍ർണ ജൂബിലി ദേശീയ ദിനം ആഘോഷിക്കുകയാണ്. ഏഴ് എമിറ്റേറ്റുകളിലെയും ഭരണാധികാരികള്‍ രാജ്യത്തെ അഭിസംബോധനചെയ്തു. ഇന്ന് ദുബായിലെ ഹത്തയിലെ ഔദ്യോഗിക ദേശീയ ദിനാഘോഷങ്ങള്‍ നടക്കുക. ഇതിന് മുന്നോടിയായി ജനങ്ങള്‍ക്കുളള സന്ദേശമാണ് യുഎഇ ഭരണാധികാരികള്‍ നല്‍കിയത്.

2021 ഇ‍യർ ഓഫ് 50 ആയി യുഎഇ രാഷ്ട്രപതി ഷെയ്ഖ് ഖലീഫ ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍ പ്രഖ്യാപിച്ചു.
രാജ്യത്തിന്‍റെ 50 വ‍ർഷമുളള യാത്ര തുടങ്ങിയത് സ്വഭാവികമായിട്ടായിരുന്നു, ഓരോരുത്തരും അവരവരുടെ സംഭാവനകള്‍ രാജ്യത്തിന് നല്‍കി, യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.

ജനങ്ങളുടെ നന്മയും സമാധാനവും മുന്‍നിർത്തിയുളള പ്രവർത്തനങ്ങള്‍ ഇനിയും തുടരുമെന്നായിരുന്നു അബുദബി കിരീടാവകാശിയും യുഎഇ സായുധ സേന ഉപസർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍റെ സന്ദേശം. കഴിഞ്ഞുപോയ 50 വർഷങ്ങള്‍, നമുക്ക് നിശ്ചയദാർഢ്യമുണ്ടായിരുന്നു, നമ്മുടെ ലക്ഷ്യം ഉരുക്കുപോലെ ഉറച്ചതായിരുന്നു, നമ്മുടെ ആവേശം വാനോളമായിരുന്നു, അതാണ് രാജ്യത്തിന്‍റെ വികസനകുതിപ്പിന്‍റെ കാതല്‍ ഷാ‍ർജ ഭരണാധികാരി ഡോ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പറഞ്ഞു.
ഇനിയും നമ്മള്‍ വിജയയാത്ര തുടരുമെന്നായിരുന്നു അജ്മാന്‍ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയുടെ സന്ദേശം. വികസന അജണ്ടയില്‍ ഇനിയുമൊരുപാട് ദൂരം മുന്നോട്ടെന്ന് ഉമ്മുല്‍ ഖുവൈന്‍ ഭരണാധികാരി ഷെയ്ഖ് സൗദ് ബിന്‍ റാഷിദ് അല്‍ മുല്ല പറഞ്ഞു. ലോകം നമ്മെ വർഷം കൊണ്ടളക്കുന്നു, പക്ഷെ നാം നമ്മെ വികസനനേട്ടങ്ങള്‍ കൊണ്ടും, റാസല്‍ഖൈമ ഭരണാധികാരി ഷെയ്ഖ് സൗദ് ബിന്‍ സാഖർ അല്‍ ഖാസിമി പറഞ്ഞു. കഴിഞ്ഞുപോയത് നമ്മുടെ കാലമാണ്, ഇനി വരാനിരിക്കുന്നതും ഫുജൈറ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷാർഖി പറഞ്ഞു.

ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യമെമ്പാടും വെടിക്കെട്ടും കലാപരിപാടികളും നടക്കും. സുവര്‍ണ ജൂബിലിക്കൊപ്പം എക്‌സ്‌പോ 2020 കൂടിയുളളത് ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടുന്നു. ഔദ്യോഗിക പരിപാടികള്‍ക്ക് ഇത്തവണ വേദിയാകുന്നത് ഹത്തയാണ്. വൈകുന്നേരം 5.30 മുതലാണ് പരിപാടികള്‍ അരങ്ങേറുക. വിവിധ ചാനലുകള്‍ വഴിയും മറ്റും തത്സമയ സംപ്രേക്ഷണം ഉണ്ടാകും. ഡിസംബര്‍ നാല് മുതല്‍ 12 വരെ പൊതുജനങ്ങള്‍ക്കായി പരിപാടികള്‍ ഉണ്ടാകും.
ദുബായ് ഉള്‍പ്പടെയുളള എമിറേറ്റുകളില്‍ ഇന്നും നാളെയും വെടിക്കെട്ടുണ്ട്. രാജ്യത്തെ എല്ലാ തന്ത്ര പ്രധാന സ്ഥലങ്ങളും ദേശീയ പതാകയുടെ ചതുർവർണമണിയും.

എക്സ്പോ 2020 യിലേക്ക് ഇന്ന് പ്രവേശനം സൗജന്യം

യുഎഇ ദേശീയ ദിനമായ ഇന്ന് എക്‌സ്‌പോ 2020 സൗജന്യമായി സന്ദര്‍ശിക്കാം. സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിട്ടായിരുന്നു പ്രഖ്യാപനം. കോവിഡ് പ്രതിരോധ മാർഗനിർദ്ദേശങ്ങള്‍ പാലിക്കണം. വിവിധ പരിപാടികള്‍ ഇന്ന് എക്സ്പോയില്‍ നടക്കും.

Leave a Reply