ജലപ്പരപ്പില്‍ വിസ്മയമൊരുക്കി ദുബായ് മറീനയിലെ ദേശീയ ദിനാഘോഷം

ദുബായ്: യുഎഇ സുവർണ ജൂബിലി ദേശീയ ദിനമാഘോഷിക്കുന്ന സന്ദർഭത്തില്‍ രാജ്യത്തിന് ആദ‍രമ‍ർപ്പിച്ച് ദുബായ് മറീനയില്‍ ആഘോഷപരിപാടികള്‍ നടന്നു. ജല നൗകകളുടെ ഘോഷയാത്രയും പതാക ഉയര്‍ത്തലുമായി ക്ഷണിക്കപ്പെട്ട 500ലധികം വ്യക്തികള്‍ക്ക് പുറമേ ദുബായ് മറീനയില്‍ തിങ്ങിനിറഞ്ഞ കാണികള്‍ക്കും മുന്‍പില്‍ കണ്ണഞ്ചിപ്പിക്കുന്ന സാംസ്‌കാരികോല്‍സവമാണ് അരങ്ങേറിയത്.
രാജകുടുംബാംഗവും, സിറ്റിസണ്‍സ് അഫേഴ്‌സ് ഓഫീസ് ഡയറക്ടര്‍ ജനറലുമായ ഷെയ്ഖ് അബ്ദുല്ല ബിന്‍ മാജിദ് ബിന്‍ സഈദ് അല്‍ നുഐമി, കോണ്‍സല്‍ ജനറല്‍ ഓഫ് ഇന്ത്യ അമന്‍ പുരി എന്നിവര്‍ പതാക ഉയര്‍ത്തലിന് നേതൃത്വം നല്‍കി.


അന്‍പതാം ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി അന്‍പത് പതാകകളാണ് മറീനയില്‍ ഉയർത്തി. കൂടാതെ അന്‍പത് മീറ്റര്‍ നീളമുള്ള ഭീമന്‍ പതാകയും ജലനിരപ്പിലുയര്‍ത്തിയത് വിസ്മയക്കാഴ്ചയായി. പതാക ഉയര്‍ത്തിയ സമയത്ത് ദേശീയ ഗാനത്തിന്‍റെ പശ്ചാത്തലത്തില്‍ 30ലധികം വരുന്ന നൗകകള്‍ വൃത്താകൃതിയില്‍ ഒത്തു ചേര്‍ന്ന് വര്‍ണ്ണാഭമായ കാഴ്ചയായി.
യുഎഇ അന്‍പതാമത് ദേശീയ ദിനം ആഘോഷിക്കുന്ന ഈ വേളയില്‍ ഇത്തരം അഭിമാനകരമായ ഒരു മറൈന്‍ എഡിഷന്‍ ദേശീയ ദിനാഘോഷ പരിപാടി സംഘടിപ്പിക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഡി3 യോട്ട്‌സ് ഉടമ ഷമീര്‍ എം. അലി പറഞ്ഞു. ഈ രാജ്യത്തോടുള്ള സ്‌നേഹവും ആദരവും ഏറെ ശ്രദ്ധേയമായ രീതിയില്‍ തന്നെ രേഖപ്പെടുത്താനായതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


പ്രമുഖ റേഡിയോ ചാനലുകളില്‍ നടന്ന മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ചവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം പതാക ഉയര്‍ത്തല്‍ ചടങ്ങിന്‍റെ ഭാഗമായിരുന്നു. പരിപാടിക്കെത്തിയ മുഖ്യാതിഥികളെല്ലാം സീ റൈഡ് ആസ്വദിച്ചു കൊണ്ട് അറ്റ്ലാന്‍റിസ് അടക്കമുള്ള ദുബായിയുടെ സുപ്രധാന ലൊക്കേഷനുകളിലൂടെ യാത്ര ചെയ്ത് തിരിച്ചെത്തിയതോടെയാണ് പരിപാടിക്ക് സമാപനമായത്. ഡി3യുടെ 20ലധികം നൗകകളാണ് ഷോയില്‍ പങ്കെടുത്തത്.


പ്രമുഖ പരസ്യ, ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയായ ആഡ് & എം ഇന്‍റർനാഷണല്‍ പ്രമുഖ പ്രൊഫഷണല്‍ യോട്ട് ചാര്‍ട്ടര്‍ കമ്പനിയായ ഡി3 മറൈനുമായി കൈകോര്‍ത്ത് ഇത് രണ്ടാം തവണയാണ് ദേശീയ ദീനാഘോഷത്തിന്‍റെ മറൈന്‍ എഡിഷന്‍ സംഘടിപ്പിച്ചത്. ഹോട്ട്പാക്ക് മാനേജിങ്ങ് ഡയറക്ടര്‍ പി.ബി. അബ്ദുല്‍ ജബ്ബാര്‍, അല്‍ ഐന്‍ ഫാംസ് മാര്‍ക്കറ്റിങ്ങ് മേധാവി മിലാന, ഹാദി എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ ആല്‍ബിന്‍ തോമസ്, ഡി3 മറൈന്‍ മാനേജിങ്ങ് ഡയറക്ടര്‍ ഷമീര്‍ എം അലി, ഐപിഎ ചെയര്‍മാന്‍ വി.കെ. ഷംസുദ്ധീന്‍, തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Leave a Reply