ഒമിക്രോൺ; വിദേശത്തു നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് ഇന്നു മുതൽ കർശന നിബന്ധനകൾ

ന്യൂഡൽഹി: ഒമിക്രോൺ ഭീതിയെ തുടർന്നുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി, വിദേശത്തു നിന്ന് ഇന്ത്യയിലെത്തുന്നവർക്ക് ഇന്നു മുതൽ കർശന നിബന്ധനകൾ ഏർപ്പെടുത്തി. കോവിഡ് കേസുകളിൽ കുറവുവന്നതിനെ തുടർന്ന് രാജ്യാന്തര വിമാന സർവീസുകൾ ഉൾപ്പെടെ പൂർവസ്ഥിതിയിലാക്കാൻ തയാറെടുക്കുമ്പോഴാണു വീണ്ടും നിയന്ത്രണങ്ങളിലേക്കു നീങ്ങുന്നത്.

നിബന്ധനകൾ ഇങ്ങനെ

വിദേശത്തുനിന്ന് ഇന്ത്യയിലെത്തുന്നവർ (എല്ലാ രാജ്യങ്ങളിൽ നിന്നും)

∙ യാത്രയ്ക്ക് മുൻപ് എയർ സുവിധ പോർട്ടലിൽ സത്യവാങ്മൂലം നൽകണം.

∙ 72 മണിക്കൂർ മുൻപു ലഭിച്ച നെഗറ്റീവ് ആർടിപിസിആർ റിപ്പോർട്ട് അപ്‍ലോഡ് ചെയ്യണം, കയ്യിൽ കരുതണം.

∙ 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് കോവിഡ് പരിശോധന വേണ്ട.

∙ കോവിഡ് ലക്ഷണങ്ങൾ ഇല്ലാത്തവർക്കു മാത്രമേ യാത്ര അനുവദിക്കൂ.

∙ ആരോഗ്യസേതു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് റജിസ്റ്റർ ചെയ്യണം.

റിസ്ക് വിഭാഗം രാജ്യങ്ങളിൽ നിന്നു വരുന്നവർ

∙ യാത്രയ്ക്കു മുൻപുള്ള കോവിഡ് പരിശോധനയിൽ ഫലം നെഗറ്റീവെങ്കിൽ യാത്ര ചെയ്യാം.

∙ ഇന്ത്യയിലെത്തിയ ശേഷവും കോവിഡ് പരിശോധന, ഫലം വരുന്നതു വരെ വിമാനത്താവളത്തിൽ തുടരണം. (കണക്റ്റിങ് ഫ്ലൈറ്റ് ആണെങ്കിലും ഫലം വന്ന ശേഷമേ തുടർയാത്ര അനുവദിക്കൂ)

∙ നെഗറ്റീവെങ്കിൽ എത്തിച്ചേരുന്ന സ്ഥലത്ത് 7 ദിവസം സ്വന്തമായി ക്വാറന്റീനിൽ കഴിയണം. 8–ാം ദിവസം വീണ്ടും പരിശോധന. നെഗറ്റീവായാലും 7 ദിവസം കൂടി സ്വയം നിരീക്ഷണം തുടരണം.

∙ പോസിറ്റീവായാൽ ഐസലേഷനിൽ ചികിത്സ. സാംപിൾ ജനിതക പരിശോധനയ്ക്കു വിടും.

ഗൾഫ് മേഖല ഉൾപ്പെടെ റിസ്ക് വിഭാഗത്തിൽപെടാത്ത രാജ്യങ്ങളിൽ നിന്നുള്ളവർ

∙ യാത്രയ്ക്കു മുൻപുള്ള കോവിഡ് പരിശോധനയിൽ ഫലം നെഗറ്റീവെങ്കിൽ യാത്ര ചെയ്യാം.

∙ കോവിഡ് ലക്ഷണങ്ങൾ ഇല്ലാത്തവർക്കു മാത്രമേ യാത്ര അനുവദിക്കൂ.

∙ ഓരോ വിമാനത്തിലും എത്തുന്ന യാത്രക്കാരിൽ 5% ആളുകൾക്ക് കോവിഡ് പരിശോധനയുണ്ടാകും.

∙ പരിശോധനയിൽ നെഗറ്റീവാകുന്നവർക്കും പരിശോധനയിൽ പെടാത്തവർക്കും പോകാൻ അനുമതി. 14 ദിവസം സ്വയം നിരീക്ഷണം വേണം.

∙ പോസിറ്റീവായാൽ കർശന ഐസലേഷനിൽ ചികിത്സ. സാംപിൾ ജനിതക പരിശോധനയ്ക്കു വിടും.

റിസ്ക് വിഭാഗത്തിൽപെടുന്ന രാജ്യങ്ങൾ

യൂറോപ്യൻ രാജ്യങ്ങൾ

യുകെ

ദക്ഷിണാഫ്രിക്ക

ബ്രസീൽ

ബംഗ്ലദേശ്

ബോട്സ്വാന

ചൈന

മൊറീഷ്യസ്

ന്യൂസീലൻഡ്

സിംബാബ്‌വെ

സിംഗപ്പൂർ

ഹോങ്കോങ്

ഇസ്രയേൽ

ഇന്ത്യയിൽ നിന്ന് വിദേശരാജ്യങ്ങളിലേക്ക് പോകുന്നവർ അതതു രാജ്യങ്ങളിലെ നിബന്ധനകൾ ബാധകം.

Leave a Reply