യുഎഇയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 50 സ്വദേശികള്‍ക്ക് ജോലി നല്‍കാന്‍ യൂണിയന്‍ കോപ്

ദുബായ്: യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപമായ യൂണിയന്‍കോപ്, യുഎഇയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, ദുബായിലെ തങ്ങളുടെ വിവിധ ശാഖകളിലും വിഭാഗങ്ങളിലും സെന്‍ററുകളിലും ഡിവിഷനുകളിലുമായി സ്വദേശികള്‍ക്ക് വേണ്ടി 50 തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ചു. മതിയായ യോഗ്യതയുള്ള പരിചയ സമ്പന്നരെയും ഒപ്പം പുതുമുഖങ്ങളെയും ആകര്‍ഷിക്കുക വഴി രാജ്യത്തെ സ്വദേശിവത്‍കരണ പദ്ധതികള്‍ക്കും പരിപാടികള്‍ക്കും പിന്തുണയേകുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി.

രാജ്യം അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്ന ഈ സന്തോഷത്തിന്‍റെ അവസരത്തില്‍ യൂണിയന്‍കോപിന്‍റെ സാമൂഹിക പ്രാധാന്യമുള്ള പരിപാടികള്‍ക്കും പ്രൊമോഷണല്‍ ഓഫറുകള്‍ക്കും ഒപ്പം ജോലിക്കും അവസരങ്ങള്‍ക്കും കാത്തിരിക്കുന്ന സ്വദേശികള്‍ക്ക് പുതിയൊരു സാധ്യതയാണ് തുറന്നിടുന്നതെന്ന് യൂണിയന്‍കോപ് മാനവ വിഭവശേഷി സ്വദേശിവത്കരണ വിഭാഗം ഡയറക്ടര്‍ അഹ്‍മദ് ബിന്‍ കിനൈദ് അല്‍ ഫലാസി പറഞ്ഞു. ദുബായിലെ വിവിധ വിഭാഗങ്ങളിലേക്കും ബ്രാഞ്ചുകളിലേക്കും സെന്‍ററുകളിലേക്കും ആവശ്യമായ 50 തസ്‍തികകളിലേക്ക് നിയമനം നടത്താനായി സ്‍ത്രീ – പുരുഷ ഉദ്യോഗാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് നവംബർ 29ന് രാവിലെ 10 മുതല്‍ ഉച്ചയ്‍ക്ക് ശേഷം ഒന്ന് വരെ അല്‍ വര്‍ഖ സിറ്റി മാളില്‍ ‘ഓപ്പണ്‍ ഡേ’ സംഘടിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള തസ്‍തികകളിലേക്ക് എല്ലാ അപേക്ഷകരെയും ഉടന്‍ തന്നെ അഭിമുഖം നടത്തുകയും തെരഞ്ഞെടുക്കപ്പെടുന്നവരെ ഒഴിവുള്ളതിനനുസരിച്ച് ആവശ്യമായ തസ്‍തികകളില്‍ നിയമിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായും സ്വദേശിവത്കരണത്തിലും അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ആയിരക്കണക്കിന് സ്വദേശികളെ സ്വകാര്യ മേഖലയില്‍ നിയമിക്കുക വഴി ഈ രംഗത്തെ പിന്തുണയ്‍ക്കാനുള്ള പദ്ധതികളിലും രാജ്യത്തെ ഭരണ നേതൃത്വത്തിന്റെ നിര്‍ദേശങ്ങള്‍ പിന്തുടരുകയാണ് യൂണിയന്‍കോപ് ചെയ്യുന്നത്. 50 ഇന പരിപാടികളുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ‘നാഫിസ്‍’ പദ്ധതിയുടെയും ഭാഗമാണിത്. രാജ്യത്തെ പൊതു – സ്വകാര്യ മേഖലകളുടെ ഏകോപനത്തിലൂടെ സ്വദേശികള്‍ക്ക് മതിയായ യോഗ്യതകളുണ്ടാക്കുകയും അവരെ പരിശീലിപ്പിച്ച് തൊഴില്‍ നല്‍കി യഥാവിധിയുള്ള അവസരങ്ങള്‍ അവര്‍ക്ക് ലഭ്യമാക്കി ജീവിത സ്ഥിരത ഉറപ്പുവരുത്തുകയും അതുവഴി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമുള്ള ദേശീയ കാഴ്‍ചപാടാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്.

സ്വദേശികള്‍ക്ക് തൊഴില്‍ ലഭ്യമാവുന്നതിനുള്ള സാധ്യതകള്‍ ഒരുക്കുകയും സ്വകാര്യ മേഖലയിലെ തൊഴില്‍ വിപണിയുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്‍ടിക്കാനായി ബജറ്റിന്‍റെ നല്ലൊരു പങ്ക് മാറ്റി വെയ്‍ക്കുകയും ചെയ്യുക വഴി വ്യത്യസ്‍തമായ തരത്തിലാണ് യൂണിയന്‍ കോപ് യുഎഇ രൂപീകരണത്തിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടുത്തിടെ ബിരുദം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന സ്വദേശി യുവാക്കളെയും യുവതികളെയും തങ്ങളുടെ ടീമിലേക്ക് ആകര്‍ഷിക്കുകയാണ് യൂണിയന്‍കോപ്. ഒപ്പം സ്വകാര്യ മേഖലയിലെ കമ്പനികളും സ്ഥാപനങ്ങളും വഴി തൊഴില്‍ വിപണിയിലേക്ക് പ്രവേശിക്കുന്നതിലൂടെ സ്വദേഴിവത്കരണ ലക്ഷ്യങ്ങള്‍ക്ക് പിന്തുണയേകാനും രാജ്യത്തെ സാമ്പത്തിക വികസന അജണ്ടകളില്‍ സ്വദേശികളുടെ ഭാഗധേയം നിര്‍ണയിക്കാനും ഇതിലൂടെ സാധ്യമാവും. സ്വകാര്യ മേഖലയിലെ സ്വദേശികളുടെ പങ്കാളിത്തത്തോടെ തൊഴില്‍ മേഖലകള്‍ ആകര്‍ഷകമായി മാറുമ്പോള്‍ അത് സ്വദേശികളുടെ ജോലി സുരക്ഷിതത്വത്തിലേക്കും ആ മേഖലയില്‍ തുടരാന്‍ അവരെ പ്രത്സാഹിപ്പിക്കുന്നതിലേക്കും നയിക്കും.

ഈ വര്‍ഷം ആദ്യം മുതല്‍ ഒക്ടോബര്‍ മാസം വരെ 70 സ്വദേശി സ്‍ത്രീ – പുരുഷന്മാരെ യൂണിയന്‍കോപില്‍ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അഡ്‍മിനിസ്‍ട്രേഷന്‍ സംബന്ധമായ ജോലികളില്‍ സ്വദേശിവത്കരണ നിരക്ക് ഇതോടെ 36 ശതമാനമായി ഉയര്‍ന്നു. രാജ്യത്തിന്റെ ഭരണ നേതൃത്വത്തിന്‍റെ ആഹ്വാനം ഏറ്റെടുത്തുകൊണ്ട് ഈ നിരക്ക് കൂടുതല്‍ ഉയര്‍ത്താനുള്ള പദ്ധതികള്‍ ആവിഷ്‍കരിച്ചുകൊണ്ടിരിക്കുകയുമാണ്. യുഎഇയിലെ ചില്ലറ വിപണന മേഖലയിലൂടെ സാമ്പത്തിക രംഗത്തെ വികസനം സാധ്യമാക്കുന്ന ഏറ്റവും വലിയ കമ്പനികളിലൊന്നായ യൂണിയന്‍ കോപ്, ദേശീയ അടിസ്ഥാനത്തില്‍ പ്രഖ്യാപിക്കപ്പെട്ട 50 ഇന പരിപാടികളെ പിന്തുണയ്‍ക്കുന്നതിനും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ സ്വദേശികളെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഇപ്പോള്‍ സ്വദേശികള്‍ക്ക് വേണ്ടി 50 തസ്‍തികകള്‍ മാറ്റിവെച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply