ഗതാഗതത്തിന്‍റെ അടുത്തഘട്ടം ലക്ഷ്യം, ദുബായിലോടും ഡ്രൈവറില്ലാ വാഹനങ്ങള്‍

ദുബായ് : സാങ്കേതിക വിദ്യയുടെ വിദൂര സാധ്യതകള്‍ മനസിലാക്കി തുടക്കത്തിലെ ഉപയോഗപ്പെടുത്തിയതാണ് ദുബായുടെ വിജയത്തിന്‍റെ കാതലെന്ന് ആ‍ർടിഎ ചെയർമാന്‍ മാതർ അല്‍ തായർ. 1999 ല്‍ ഇ ഗവണ്‍മെന്‍റ് ആരംഭിച്ചു.2013ല്‍ സ്മാർട്ട് ദുബായും. ഇപ്പോള്‍ എമിറേറ്റിലെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനായുളള ദുബായ് അർബൻ പ്ലാനിനൊപ്പം (ദുബായ് 2040) ഈ യാത്ര തുടരുന്നു. ലോകത്തെ ജീവിക്കാൻ ഏറ്റവും മികച്ച നഗരമായി ദുബായ് മാറും അദ്ദേഹം പറഞ്ഞു. ദുബായ് എക്‌സ്‌പോ 2020-ൽ നടന്ന ആഗോള മാനുഫാക്‌ചറിംഗ് ആൻഡ് ഇൻഡസ്ട്രിയലൈസേഷൻ സമ്മിറ്റിന്‍റെ (ജിഎംഐഎസ്) മുഖ്യ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
ദുബായുടെ വികസനം തുടരുകയാണ്. നിലവില്‍ നാം സ്‌മാർട്ട്‌ഫോണുകൾഉപയോഗിക്കുന്നതുപോലെ സെൽഫ്-ഡ്രൈവിംഗ് ഗതാഗത മാർഗ്ഗങ്ങളും സാധാരണമാകും.ദുബായ് അർബൻ പ്ലാൻ 2010 ജനങ്ങളെ സേവിക്കുന്നതിനും അവരുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിനും ദുബായിയെ 20 മിനിറ്റ് സിറ്റിയായി മാറ്റുന്നതിനും വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.


2030ഓടെ ദുബായിലെ മൊത്തം മൊബിലിറ്റി യാത്രകളുടെ 25% ഡ്രൈവറില്ലാ മാർഗങ്ങളിലുള്ള സ്‌മാർട്ട് യാത്രകളാക്കി മാറ്റാനുള്ള ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ നിർദേശങ്ങൾ നടപ്പാക്കാനുള്ള ആർടിഎയുടെ ശ്രമങ്ങൾ അൽ തായർ അവലോകനം ചെയ്തു. ദുബായ് വേൾഡ് ചലഞ്ച് ഫോർ സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട് ലോജിസ്റ്റിക്കിനായി റോബോട്ടുകളെയും വിവിധ കേന്ദ്രങ്ങളിൽ സ്വയംനിയന്ത്രിത ബസുകളെയും പരീക്ഷിച്ചതായി ആർ.ടി.എ ഡയറക്ടർ ജനറൽ മത്താർ മുഹമ്മദ് അൽ തായർ പറഞ്ഞു. ആഗോള സാങ്കേതിക സേവനദാതാക്കളും സ്ഥാപനങ്ങളുമായും ചേർന്ന് സ്വയം നിയന്ത്രിത പറക്കും ടാക്സി, ദുബായ് സ്കൈ പോഡ്, നൂതന ഇലക്ട്രിക് സ്കൂട്ടർ തുടങ്ങി വിവിധ ഗതാഗതസംവിധാനങ്ങൾ സാധ്യമാക്കും. അപകടങ്ങൾ, സാങ്കേതിക തകരാറുകൾ, അടിസ്ഥാന സൗകര്യത്തിന്റെ അപര്യാപ്തത തുടങ്ങിയ വെല്ലുവികളെക്കുറിച്ചും കൃത്യമായ അവബോധമുണ്ട്. എങ്കിലും ഭാവി ഗതാഗതരീതികൾ ഇവയെല്ലാമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply